സമാധാന പത്രപ്രവർത്തനം
കേൾക്കുമ്പോളേ ആശ്ചര്യമാകുന്നുണ്ടാവും! നമ്മുടെ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സംഘർഷഭരിതമാണ്. മാധ്യമങ്ങൾ അറിയിക്കുകയും, പഠിപ്പിക്കുകയും, ആനന്ദിപ്പിക്കുകയും ചെയ്യുന്നതിന് പകരം ജനങ്ങളെ ഭീതിപ്പെടുത്തുകയും, തെറ്റിദ്ധരിപ്പിക്കുകയും, ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാന പത്രപ്രവർത്തനം പ്രസക്തമാകുന്നത്.

സംഘർഷ ഭരിതമായ ഈ ലോകത്തിലെ സംഭവങ്ങളിൽ എന്ത് റിപ്പോർട്ട് ചെയ്യപ്പെടണം, അവ എങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നതിൽ എഡിറ്റർമാരും മാധ്യമപ്രവർത്തകരും സമാധാനപരമായ പാത തിരഞ്ഞെടുക്കുമ്പോൾ സമാധാനപരമായ പത്രപ്രവർത്തനം ഉണ്ടാകുന്നു. സംഘര്ഷങ്ങളോടെ അഹിംസാത്മകമായ പ്രതികരണങ്ങൾ പുറപ്പെടുവിക്കാൻ അത് വായനക്കാരെയും സമൂഹത്തെയും തയ്യാറാക്കുന്നു.

റിപ്പോർട്ട് ചെയ്യുന്നതിൽ പ്രകടമായ തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. മാധ്യമ പ്രവർത്തകർ യഥാർത്ഥത്തിൽ ‘കാവൽക്കാർ’ ആണ്. വായനക്കാരുടെ കണ്ണ് വെട്ടിച്ചും ചിലരെ അന്ധകാരത്തിൽ നിറുത്തിയും, ഇനിയും ചിലരെ ആശയക്കുഴപ്പത്തിൽ ചാടിച്ചും യാഥാർഥ്യത്തിന്റെ ഏതു വശം എങ്ങനെ എഡിറ്ററുടെ മേശപുറത്തു എത്തണം, അവിടെ നിന്ന് എങ്ങനെ ആളുകളുടെ അടുത്ത് എത്തണം എന്ന തിരഞ്ഞെടുപ്പ് നടത്തുന്നതുന്നവരാണ് മാധ്യമ പ്രവർത്തകർ.

ഉപഭോഗ സമൂഹങ്ങളിൽ വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചരക്കായി വാർത്തകളെ കാണാൻ തുടങ്ങിയ കാലത്താണ് പത്രപ്രവർത്തനം ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകാൻ തുടങ്ങിയത്. സാധ്യതയുള്ള വായനക്കാരുടെ അഭിരുചികൾക്കു ഇണങ്ങുന്ന വാർത്താ തെരഞ്ഞെടുപ്പുകളും കല്പനകളും ഉണ്ടാവുന്നത് വാർത്തക്ക് വിപണി മൂല്യം ഉണ്ടാവുമ്പോഴാണ്.