സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധപൂർവം നടത്തുന്ന എല്ലാ നുണപ്രചരണങ്ങളെയും നീതികേടായി അടയാളപ്പെടുത്തണം. അവയെ മർദ്ദകവർഗത്തിൻറെ നിസ്സഹായതയിൽ നിന്നുമുയരുന്ന നിലവിളിയായിട്ടു കാണാൻ കഴിയണം. ക്രിസ്തുവിൽ വിശ്വാസമുള്ളവർ ഇതെല്ലം പുതിയൊരു വിമോചനത്തിൻറെ ആരംഭമായി കാണണം.

പാർട്ടി ഗ്രാമങ്ങളിൽ നിലനിന്നിരുന്ന പ്രാകൃതമായ ഒരു സംസ്കാരത്തിൻറെ പരിച്ഛേദം “സഭാ സ്നേഹികൾ” എന്നു സ്വയം അഭിമാനിക്കുന്ന ക്രിസ്തുവിരുദ്ധരായവരുടെ ഉള്ളിലും ഉണ്ടെന്നതാണ് ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്. തെറ്റ് ചെയ്തവനെ തുറന്നു സ്വാഗതം ചെയ്യുക, തെറ്റ് ചൂണ്ടി കാണിക്കുന്നവരെ അകറ്റി നിർത്തുക.

തങ്ങൾ ചെയ്യുന്ന നികൃഷ്ടമായ പ്രവർത്തികളെ സാധൂകരിക്കാൻ ബൈബിൾ ഉദ്ധരണികളും മതവ്യഖ്യാനങ്ങളും അവർ കൂട്ട് പിടിക്കുന്നു. എന്നാൽ ഇവർ നടത്തുന്ന വൃഥാവിലുള്ള ഈ പരിശ്രമങ്ങളെയെല്ലാം വിമർശന ബുദ്ധിയോടെയും സംശയദൃഷ്ടിയുടെയും കൂടി മാത്രമേ ഉണർവുള്ള വിശ്വാസികൾ സമീപിക്കുകയുള്ളു. കേവലം മാനുഷികമായ യുക്തിയും സത്യത്തോടുള്ള തുറവിയും മുൻനിർത്തി, എല്ലാ മർദ്ദന രീതികളെയും അവ പേറുന്ന വേദനകളെയും നീതിയുടെ മക്കൾ നിരസിക്കും.

ക്രൈസ്തവിശ്വാസത്തിൻറെ വെളിച്ചം പായിച്ചാണ് സഭയിൽ നിലനിൽക്കുന്ന വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളെ വിലയിരുത്തേണ്ടത്. ധാർമ്മികമായ വീഴ്ചകളെയും സാമ്പത്തിക തിരിമറികളെയും ഒളിച്ചുവെക്കാനുള്ള വെപ്രാളവും എല്ലാ മുഷ്ക്കും മൂർഖതയും ഉപയോഗിച്ച് സോഷ്യൽ മീഡിയായിലൂടെയുള്ള വ്യക്തിഹത്യയും നടത്തുന്നവർ യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തെ (സത്യത്തിലും നീതിയിലും അധിഷ്‌ഠിതമായ സ്നേഹസമൂഹ നിർമ്മിതിയെ) ധിക്കരിക്കുന്നവരാണ്.

എന്നാൽ സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ – അവയ്ക്കു പാകപ്പിഴകൾ ഉണ്ടാകാമെങ്കിലും – ദൈവം നയിക്കുന്ന വിമോചനത്തിൻറെ പ്രവർത്തനങ്ങളാണ്. അങ്ങനെയുള്ള ദൈവത്തിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത യേശുവിൻറെ അനുയായികളെ “സഭാവിരുദ്ധർ” എന്നു മുദ്ര കുത്തിയാൽ അത് ഒരു ബഹുമതിയായി കാണണം. കാരണം അവർ യേശു വിഭാവനം ചെയ്യാത്ത ഒരു സംഘടിത പ്രവർത്തനത്തിനെതിരെയാണ് നിലപാടെടുത്തിരിക്കുന്നത്. യേശു സ്ഥാപിച്ച യാഥർത്ഥ സഭയുടെ മക്കളായി ഭാവിയിൽ അവർ എണ്ണപ്പെടുകയും ചെയ്യും.

നീതികേടിനെ നീതികേടെന്നും ചൂഷണത്തെ ചൂഷണമെന്നും വിളിക്കുന്ന, അടിമത്വത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിനും ബഹുസ്വരതക്കും വേണ്ടി നടത്തുന്ന എല്ലാ നീക്കങ്ങൾക്കും ദൈവം കുട്ടുണ്ടെന്നു വിശ്വസിക്കുന്ന നിലപാടാണ് യേശുവിൽ വിശ്വസിക്കുന്ന എല്ലാ സാധാരണ വിശ്വാസികളുടെയും നിലപാട്. മറ്റു ചിലർ, നീതകേടിന്റെ ദയനീയമായ അവസ്ഥയെ നോക്കി മാനം കെട്ട് ചത്തതിനൊപ്പം ജീവിക്കുകയും തങ്ങളുടെ ചതഞ്ഞ നിലപാടിന് മതപരമായ അടിസ്ഥാനമുണ്ടാക്കാൻ വേണ്ടി അതിനെ ദൈവഹിതമെന്ന് വിളിക്കുകയും നീതികേട് കാട്ടിയവനോടുള്ള വിധേയത്വമാണ് അഭിമാനമെന്ന് കരുതുകയും ചെയ്യുന്നു. അവരുടെ കുടെ ദൈവം ഉണ്ടോയെന്ന് അവർ അന്വേഷിക്കാറില്ല.

നീതി പുലരണം എന്നാഗ്രഹവും, സത്യം വെളിപ്പെടണമെന്ന നിർബന്ധവും, മറഞ്ഞിരിക്കുന്നതെല്ലാം വെളിച്ചത്തു വരണമെന്നാവശ്യവും ഉയർത്തുന്നത് ഇതെല്ലാം ഈശ്വരന്റെ കല്പനയാണെന്ന് കരുതുന്നതു കൊണ്ടാണ്. യഥാർത്ഥത്തിൽ ഇവരാണ് ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളും സഭാസ്നേഹികളും, ഈശ്വരസാക്ഷാത്കാരവും ആത്മസാക്ഷാത്കാരവും തേടുന്നവരും. ഇവരെ വിമതരെന്നോ, സഭാവിരുദ്ധരെന്നോ മുദ്രകുത്തുന്നുണ്ടെങ്കിൽ അത് സന്തോഷപൂർവ്വം അവർ സ്വീകരിക്കും എന്ന് തന്നെ കരുതാം.

നീതിയുടെ പക്ഷം പിടിക്കുന്നവരെയും അതിനുവേണ്ടി നിലപാടെടുക്കുന്നവരുടെയും എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് വ്യർത്ഥാഭിമാനികൾ വിറളി പിടിക്കുകയും ഗീബല്സീയൻ തന്ത്രങ്ങളിലുടെയും മറ്റു കുത്സിത ശ്രമങ്ങളിലൂടെയും സ്വയം പരിഹാസിതരാകുകയും ചെയ്യുന്നു. അനുഷ്ഠാനങ്ങളിൽ മാത്രം ഭ്രമിച്ചിരിക്കുന്നവരും സഭയുടെ അടിത്തറ തന്നെ തകർക്കുന്ന രീതിയിൽ സ്വന്തം നിലപാടുകളുടെ പൂജാരികളായി വേഷം കെട്ടുന്നവരും ഇതിന്റെ പിന്നിൽ ഉണ്ടെന്നതാണ് തമാശ.

കൃത്രിമമായി പടച്ചുവിടുകയും ശ്രദ്ധാപൂർവ്വം നിലനിർത്തുകയും കൗശലപുർവ്വം വളർത്തുകയും ചെയ്യുന്ന നുണകളുടെ പാരമ്പര്യം എപ്പോഴും മർദ്ദക വർഗ്ഗത്തിന്റേതാണ്. തങ്ങൾ പടച്ചുവിടുന്ന അസത്യങ്ങൾ കമ്പോളച്ചരക്കാക്കി നീതിയുടെ പോരാളികളെയും സത്യത്തന്റെ വക്താക്കളെയും മാനം കെടുത്തുന്ന നീച സംസ്ക്കാരത്തിന്റെ ഉടമകൾ പഴയ മാടമ്പി പാരമ്പര്യത്തിന്റെ പിണിയാളുകളാണ്.

ഇപ്പോൾ ചെണ്ട കൊട്ടി “സഭയുടെ സംരക്ഷകരായി” രംഗത്തിറങ്ങിയിരിക്കുന്നവരെല്ലാം ക്രിസ്തുവിന്റെ സഭയുടെ നാശത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് പറയേണ്ടി വരുന്ന രീതികളാണ് അവർ സ്വീകരിക്കുന്നത്. അവർ എപ്പോഴും ആത്മീയതയുടെ പുതപ്പ് അണിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ നിഷ്ങ്കളങ്കരായവരെ തെറ്റിദ്ധരിപ്പിക്കാന് എളുപ്പമാണ്.

എന്നാലും ക്രിസ്തുവിൻറെ സഭയെ നശിപ്പിക്കാൻ അവർക്കു കഴിയില്ല. കാരണം ഇത് ക്രിസ്തു ജീവൻ കൊടുത്തു നേടിയെടുത്തവരുടെ സമൂഹമാണ്. അവനോടുകൂടെ, അവൻറെ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരുടെ വംശം അവസാനിച്ചിട്ടില്ല. വിശ്വാസത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ അനീതിയും അസത്യവും അഴിമതിയും നിരിശീരത്വമാണെന്നും അതിനോടെതിർത്തു നില്ക്കൽ വിശ്വാസമാണെന്നും ബോധ്യപ്പെട്ട് രംഗത്ത് നില്ക്കുന്ന യഥാർത്ഥ വിശ്വാസികൾക്ക് അഭിവാദ്യങ്ങൾ.

കടപ്പാട്: ഫാ. ജോയ്‌സ് കൈതക്കോട്ടിൽ