എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും ഇത് തന്നെയാണ്. മതകോടതിയായ സെൻഹെദ്രിൻ ഈശോ മരണാർഹനാണെന്ന് വിധിക്കുന്നു (മർക്കോസ് 14:64). എന്നിട്ട് അവർ ഈശോയെ പീലാത്തോസിന് (രാഷ്‌ടീയാധികാരിക്ക്) ഏല്പിച്ച് കൊടുക്കുന്നു; അദ്ദേഹം ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു (മർക്കോസ് 15:1, 15). ചുരുക്കത്തിൽ, ‘മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും’ കൈകോർത്തപ്പോൾ കൊല്ലപ്പെട്ടത് ക്രിസ്തുവാണ്!

ഏതൊക്കെ അവസരങ്ങളിലാണ് നമ്മുടെ നാട്ടിൽ മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും പരസ്പരം കൈകോർത്തിട്ടുള്ളത്? പലപ്പോഴും രഹസ്യമായും നിഗുഢമായും?

വളഞ്ഞ വഴികളിലൂടെ അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തെ നമ്മൾ ഉപയോഗിച്ചിട്ടുണ്ടോ? നീതിന്യായവ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ രാഷ്ട്രീയ സഹായം തേടിയിട്ടുണ്ടോ? എപ്പോഴെല്ലാം മതനേതൃത്വം രാഷ്ട്രീയനേതൃത്വവുമായി ബാന്ധവത്തിന് ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം കൊല്ലപ്പെട്ടത് ക്രൂശിതനായ ക്രിസ്തുവല്ലയിരുന്നോ?