അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ സഹോദരൻ അനുഭവിക്കുന്ന അനീതിക്കെതിരായി നീ ശബ്ദമുയർത്തുക. (ഇവിടെ സംസാരിച്ചേ മതിയാകൂ).

ഇതിനു ഉദാഹരണം പുതിയനിയമത്തിലെ തച്ചൻ ജോസഫ് ആണ്. തനിക്ക് നിർമ്മലയായ ഒരു ഭാര്യ ഉണ്ടാവുകയെന്നുള്ളത് അവന്റെ അവകാശമായിരുന്നു. അതിനുവേണ്ടി ‘കളങ്കിതയായ‘ മറിയത്തെ കല്ലെറിഞ്ഞുകൊല്ലാൻ ജോസഫിന് അനുവദിക്കാമായിരുന്നു. എങ്കിലും അവനതിനു മുതിരാതെ അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. കാരണം തനിക്ക് നീതി ലഭിക്കണം എന്നവൻ ആഗ്രഹിക്കുന്നു. പക്ഷേ പിന്നെയാണ് മറിയം തെറ്റുകാരിയല്ല എന്ന് ദൈവദൂതനിലൂടെ ജോസഫ് അറിയുന്നത്. അത് അറിയാവുന്ന ഏകവ്യക്തി ഇപ്പോൾ ജോസഫ് മാത്രമാണ്. മറിയം തെറ്റുകാരിയല്ല എന്ന് മാലോകരെ അറിയിക്കുക എന്നത് ജോസഫിന് മാത്രം സാധിക്കുന്ന ഒരുകാര്യമായി പരിണമിക്കുന്നു.

ഇവിടെ ജോസഫിന് മുൻപിൽ രണ്ടു നീതികൾ അവതരിപ്പിക്കപ്പെടുകയാണ്. ആദ്യത്തേത് തനിക്ക് നിർമ്മലയായ ഒരു ഭാര്യയെ കിട്ടുക എന്ന നീതി. (മറിയം നിർമ്മലയല്ല എന്നല്ല, തന്നിൽ നിന്നല്ലാതെ ഗർഭിണിയായ ഒരാളെ സ്വീകരിക്കുക എന്ന അവസ്ഥയാണ് ഉദ്ദേശിച്ചത്). രണ്ടാമത്തേത് മറിയം വിശുദ്ധയാണെന്ന് മറ്റുള്ളവരെ അറിയിക്കുക എന്ന നീതി. ആദ്യത്തെ നീതി തനിക്ക് ലഭിക്കേണ്ടതും രണ്ടാമത്തെ നീതി മറ്റൊരാൾക്ക് നടത്തിക്കൊടുക്കേണ്ടതുമാണ്. ആദ്യത്തെ നീതി നടപ്പിലാക്കിയാൽ രണ്ടാമത്തെ നീതി നടപ്പിലാക്കപ്പെടുകയില്ല. രണ്ടാമത്തെ നീതി നടപ്പിലാക്കിയാൽ ആദ്യത്തെ നീതിയും നടപ്പിലാക്കപ്പെടുകയില്ല. ഇവിടെയാണ് ജോസഫ് ആരെയും അസൂയപ്പെടുത്തുന്ന നീതി നടപ്പിലാക്കുന്നത്. അവൻ തനിക്കു ലഭിക്കേണ്ട നീതിയെക്കാളും വലുതായി, പ്രാധാന്യമുള്ളതായി മറിയത്തിന്റെ നീതിയെ പരിഗണിക്കുന്നു. അതുകൊണ്ടാണ് നീതിമാൻ എന്ന പട്ടം സുവിശേഷകൻ അവനു ചാർത്തിക്കൊടുത്തതും.

ആദ്യത്തെ നീതി നടപ്പിലായിരുന്നെങ്കിൽ, മറിയത്തെ രഹസ്യമായി ഉപേക്ഷിച്ചെങ്കിൽ അത് നിശബ്ദതയിൽ അവസാനിക്കുമായിരുന്നു. പക്ഷേ, മറിയത്തെ സ്വീകരിക്കുക വഴി നാട്ടുനടപ്പുകളെയും, നിയമത്തെയും, കീഴ് വഴക്കങ്ങളെയും ജോസഫ് പൊളിച്ചെഴുതുകയാണ്. കൂടെയില്ലാത്ത മറിയം ഗർഭിണിയാണെന്ന് ജോസഫ് അറിഞ്ഞത് മറ്റുള്ളവരിലൂടെ ആകുമല്ലോ. എന്നുവച്ചാൽ മറിയം ഗർഭിണിയാണെന്ന് ജോസഫിനു മാത്രമല്ല മറ്റു പലർക്കും അറിയാമായിരുന്നു എന്ന് സാരം. എന്നിട്ടും അവളെ കല്ലെറിയപ്പെടാൻ വിട്ടുകൊടുക്കാതെ,അവൾ ഗർഭിണിയാണെന്ന് അറിയുന്ന ആളുകളുടെ കണ്മുൻപിൽ മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നു. ജോസഫ് നിശബ്ദനല്ല, ധൈര്യശാലിയാണ്. താൻ തെറ്റിദ്ധരിക്കപ്പെടും കളിയാക്കപ്പെടും എന്നെല്ലാം അറിയാമായിരുന്നിട്ടും അവൻ മറിയത്തിന്റെ നീതിക്കുവേണ്ടി പോരാടുന്നു, ഏകനായി.

അപ്പൻ കാണിച്ചുകൊടുത്തതല്ലേ മകനും ചെയ്യൂ… ഈശോ ശബ്ദമുയർത്തിയതു മുഴുവൻ മറ്റുള്ളവ
രുടെ മോചനത്തിന് വേണ്ടിയാണ്. നിരാകരിക്കപ്പെട്ട നീതിക്കുവേണ്ടി, പാവങ്ങളുടെ കവർന്നെടുക്കപ്പെട്ട സമാധാനത്തിനുവേണ്ടി, ശത്രുക്കൾ കൈക്കലാക്കിയ ശബ്ദമില്ലാത്തവന്റെ അവകാശങ്ങൾക്കു വേണ്ടി. “കര്ത്താവിന്െറ ആത്‌മാവ്‌ എന്െറ മേല് ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന് അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്ക്ക്‌ മോചനവും അന്‌ധര്ക്കു കാഴ്‌ചയും അടിച്ചമര്ത്തപ്പെട്ടവര്ക്കു സ്വാതന്ത്യ്രവും കര്ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന് അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4 : 18 – 19). താൻ അയക്കപ്പെട്ടത് എന്തിനുവേണ്ടി ആണെന്ന് ഈശോ ഒരിക്കലും മറന്നിരുന്നില്ല. അവർക്കു നിഷേധിക്കപ്പെട്ട രക്ഷക്കുവേണ്ടി അവൻ അവസാനം അവൻ കുരിശിന്റെ വിരിമാറിലും ശബ്ദമുയർത്തി കരയുന്നുണ്ട് “ഏൽ ഏൽ ലാമാ സബക്തനി”

മൗനവും അവനു പഥ്യം തന്നെ. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപുതന്നെ അവൻ മൗനിയായത് 40 ദിവസങ്ങൾ. ദിവസത്തിന്റെ സ്വൈര്യമണിക്കൂറുകളിൽ എത്രയോ പ്രാവശ്യം അവൻ പിതാവുമായി ഒന്നാകാൻ മൗനം പൂകി? അവനെ പിടിക്കാനും ചോദ്യംചെയ്യാനും വന്നവരിൽ നിന്നെല്ലാം അവൻ അകന്നുമാറിയതും മൗനം ഉത്തരം നൽകാൻ തന്നെ. എന്താണ് സത്യമെന്ന പീലാത്തോസിന്റെ ചോദ്യത്തിന് മുന്നിലും അവൻ മുനിയായി.

അവൻ നിശബ്ദമായത് മുഴുവൻ അവനു വേണ്ടിത്തന്നെ. എന്നാൽ മറ്റുള്ളവർക്കു വേണ്ടി അവൻ വലിയ വായിൽ അലറിക്കരഞ്ഞു. മൗനം പൂകിയത് മുഴുവൻ സ്വന്തം നീതി അവഗണിക്കപ്പെട്ടപ്പോൾ. ശബ്ദമുയർത്തിയത് മറ്റുള്ളവരുടെ നീതി അനാഥമായപ്പോൾ. അവനു വേണ്ടി അവൻ ശബ്ദിച്ചില്ല. എന്നാൽ മറ്റുള്ളവർക്കു വേണ്ടി അവൻ മൗനം ഭജിച്ചുമില്ല.

മറ്റൊരുദാഹരണം പറയാം. ഫ്രാൻസിസ് പാപ്പാ അപവാദങ്ങള്ക്കും വിഭാഗീയതയ്ക്കുമുള്ള മറുപടി മൗനവും പ്രാര്ത്ഥനയുമാകണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നിൽ ഒരു പശ്ചാത്തലമുണ്ട്. ആർച്ച്ബിഷപ്പ് കാർലോ വിഗാനോ ഫ്രാൻസീസ് മാർപാപ്പയോട് രാജി ആവശ്യപ്പെട്ട സമയമായിരുന്നു അത്. കർദ്ദിനാൾ തിയഡോർ മക്കാരിക് ഉൾപ്പെട്ട ലൈംഗിക പീഡന കേസിൽ ഫ്രാൻസീസ് പാപ്പാ വേണ്ട വിധത്തിലുള്ള നടപടികൾ എടുത്തില്ല എന്ന് ആർച്ച്ബിഷപ്പ് വിഗാനോ ഉന്നയിച്ച സന്ദർഭത്തിലാണ് മാർപാപ്പ അപവാദങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള മറുപടി മൗനവും പ്രാര്‍ത്ഥനയുമാകണം എന്ന് പറഞ്ഞത്.

സഭയിൽ ഉണ്ടായിരുന്ന പുഴുക്കുത്തുകൾക്കെതിരെ ഫ്രാൻസീസ് മാർപാപ്പ മൗനം അവലംബിച്ചു എന്ന് സഭാശത്രുക്കൾപോലും പറയുകയില്ല. തിന്മക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മറ്റൊരു പ്രവാചകനാണ് ഫ്രാൻസീസ് പാപ്പാ. മൗനം ആദ്ദേഹത്തിൻ്റെ രീതിയല്ല. സംസാരിക്കുകയും വേണ്ടി വന്നാൽ ഉറക്കെപ്പറയുകയും ആണ് ആദ്ദേഹത്തിന്റെ രീതി. സ്ത്രീകൾക്കു വേണ്ടിയും, അഭയാർഥികൾക്കു വേണ്ടിയും സഭയിൽ നിന്ന് മുറിവേൽപ്പിക്കപ്പെട്ടവർക്കു വേണ്ടിയും എല്ലാം അദ്ദേഹം ശബ്ദമുയർത്തുകയാണ്. നമ്മൾ അത് കേട്ടുകൊണ്ടിരിക്കുകയാണ്. അതേ, ഫ്രാൻസിസ് പാപ്പാ തനിക്കെതിരെ ഉണ്ടായ വിമർശനത്തെ നിശ്ശബ്ദത കൊണ്ടും തന്റെ അയൽക്കാരന്റെ നഷ്ടപ്പെട്ട നീതിക്കുവേണ്ടി ശബ്ദമുയർത്തിയും നിലകൊള്ളുന്നു.