സന്യാസ ജീവിതം പലതരത്തിലൂടെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ, ക്ളാരിസ്റ് സന്യാസ സഭയുടെ അധികാരികൾ നവീകരണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആലുവയിലെ പോർ്സ്യുങ്കുലയിലുള്ള കേന്ദ്രആശ്രമത്തിൽ ഉന്നത തല സമിതി ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തുകയും പരിഹാര നടപടികൾ ആലോചിക്കുകയും ചെയ്തു.

“ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധികൾ തീർച്ചയായും നല്ലതും മോശവുമായ ഫലങ്ങൾ ഉണ്ടാക്കും” എന്ന് മദർ ജനറാൾ ആയ സി. ആൻ ജോസഫ് എഫ്. സി. സി. അഭിപ്രായപ്പെട്ടു. “ആത്മശോധനക്കും മഹത്തായ ആത്മീയ നവോത്ഥാനത്തിനും ഉള്ള അവസരമായിട്ടാണ് മിക്കവരും ഇതിനെ കാണുന്നത്. മാനുഷികമായ ഇടപെടലുകളിലും ബന്ധങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കുവാനും, ലാളിത്യത്തിലും, ദാരിദ്ര്യാരൂപിയിലും ലാളിത്യത്തിലും ജീവിക്കുവാനും ഉള്ള പുനരർപ്പണം നടത്താനുള്ള സമയമാണ് ഇത്” മദർ കൂട്ടിച്ചേർത്തു.

നവീകരണത്തിനും പുനരർപ്പണത്തിനും സഭ കൂടുതൽ ശ്രദ്ധ കൊടുക്കണം. കുടുംബത്തിൽ മുതലേ മാനുഷിക മൂല്യങ്ങൾ വ്യക്തികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം. വൈദിക സന്യാസ അന്തസുകളിലേക്കു വ്യക്തികളെ തിരഞ്ഞെടുക്കുമ്പോഴും, പ്രൊമോട്ട് ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ കൊടുക്കണം. മാതൃകകളിൽ നിന്ന്, വിശേഷിച്ചു മാതാപിതാക്കൾ, മുത്തശ്ശൻ, മുത്തശ്ശി എന്നിവരിൽ നിന്ന് വൈദികരും സന്യസ്തരും ജീവിത പാഠങ്ങളും മൂല്യങ്ങളും ആർജ്ജിക്കുക.

ഇടവകകളിലെ വിശ്വാസപരിശീലനം ദൈവത്തെ വ്യക്തിപരമായി അനുഭവിക്കുന്നതിൽ ഊന്നിയുള്ളതാവണം. ബൗദ്ധിക വികസനവും മത്സരങ്ങളും അല്ല അതിന്റെ പ്രഥമ ലക്‌ഷ്യം. കുടുംബ പ്രാർത്ഥനക്കു പ്രാധാന്യം കൊടുക്കുക. ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന ലക്ഷോപലക്ഷം വിശ്വാസികളിലാണ് സഭയുടെ ഭാവി അടങ്ങിയിരിക്കുന്നതു. സുവിശേഷ മൂല്യങ്ങൾക്ക് അനുസൃതമായി ആധികാരികമായ ജീവിതം നയിക്കുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക. സ്വയം ശൂന്യവത്കരിച്ച ക്രിസ്തുവിലേക്ക് നോക്കുവാൻ പ്രതിസന്ധികളിൽ യുവാക്കൾക്ക് സാധിക്കണം.

സന്യാസി സന്യാസിനികളുടെയും വൈദികരുടെയും അസംതൃപ്തിയോടും, ജീവിതം വ്യർത്ഥമാണ് എന്ന തോന്നലിനോടും അധികാരികൾ കാതോർക്കണം. ആ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ അവരെ സഹായിക്കണം. ഗൗരവതരമായ പരാതികൾ പരിഹരിക്കാൻ സഭാ കേന്ദ്രങ്ങളിൽ പരിഹാര സെല്ലുകൾ വേണം.

സഭയുടെ ദൗത്യത്തിൽ മാറ്റങ്ങൾ ഉണ്ടാവണം. ദൈവ വചന പ്രഘോഷണത്തിനും, സുവിശേഷ മൂല്യങ്ങൾ ജീവിക്കുന്നതിനും പ്രാധാന്യം കൊടുക്കുക. പ്രാർത്ഥന, ഉപവി പ്രവർത്തനങ്ങൾ എന്നിവ പ്രധാന പരിഗണന ആവണം. ഈശോയോടു അടുത്ത് നിൽക്കുകയും, ദൈവാരാജ്യത്തെ കുറിച്ച് താല്പര്യം എടുക്കുകയും ചെയ്യണം.

ഇടവകകളിൽ സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണം. ഇടവക അംഗങ്ങൾ ഒരു കുടുംബത്തിലെ പോലെ ജീവിക്കണം. വലിയ പള്ളികളും, സ്ഥാപനങ്ങളും പടുത്തുയർത്തുന്ന ശൈലി വിട്ടു പാവങ്ങളെ സഹായിക്കുന്ന ആഭിമുഖ്യം ഉണ്ടാവണം.