മൗനം വിശുദ്ധമാണെന്നും, അത് കാത്തിരിപ്പാണെന്നും അത് പ്രതീക്ഷയാണെന്നും അതിനു ദൈവീകമായ ഭാവമുണ്ടെന്നു സമ്മതിക്കുന്നു. മൗനത്തെ കുറിച്ചുള്ള ചർച്ചകളിൽ, അത് ദൈവത്തിൻ്റെ ഉത്തരമാണെന്നുപോലും പറയപ്പെട്ടു. മൗനം ഭജിക്കേണ്ടിടത് അതും, ഭഞ്ജിക്കപ്പെടേണ്ടിടത്ത് അങ്ങനെയും വേണം എന്ന് ഞാൻ കരുതുന്നു.

മൗനം ഹൃദ്യമാകുന്നതുപോലെ തന്നെ മൗനഭഞ്ജനങ്ങളും ഹൃദ്യമാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രഘോഷിക്കപ്പെടുന്നത് 10 മാസം ഒരുവൻ/ഒരുവൾ പാലിച്ച നിശബ്ദത ഭഞ്ജിക്കപ്പെടുമ്പോഴാണ്. പ്രഭാതത്തിലെ പക്ഷിജാലങ്ങളുടെ മൗനഭഞ്ജനങ്ങളല്ലേ നമ്മെ പുതിയദിവസത്തിലേക്ക് സ്വാഗതമോതുക. പ്രദോഷവേളകളെ ദൈവത്തിലേക്ക് ഉയർത്തുന്നതും നിശബ്ദതയെ ഭഞ്ജിക്കുന്ന ദേവാലയമണികളല്ലേ?

ഭാരതപാരമ്പര്യത്തിലെ മുനികളെല്ലാം ഹിമാലയസാനുക്കളിലും ഗംഗാതടങ്ങളിലും ജപമന്ത്രങ്ങൾ ഉരുക്കഴിച്ചിരുന്നത് നിശബ്ദതയിൽ ആയിരുന്നെന്നത് സത്യംതന്നെ. പക്ഷേ അത് പിന്നീട് തന്നെ തേടിയെത്തുന്നവരുടെ ജ്ഞാനദാഹം തീർക്കാനായിരുന്നു. പ്രാവചകർ മരുഭൂമിയിൽ പോലും ശബ്ദിച്ചിരുന്നവരാണ്. ആരും കേൾക്കാനില്ലാത്തപ്പോഴും സംസാരിക്കുകയെന്നത് പ്രവാചക ധർമ്മമാണ്. ഇന്നും മരുഭൂമികളിൽ ഓരിയിടുന്നവൻ്റെ ശബ്ദം പല ഹേറോദേസുമാരുടെയും അകത്തളങ്ങളെ പരിഭ്രമിപ്പിക്കുന്നുണ്ട്. അതാണ് മൗനം സ്വർണ്ണമാണെന്നും പറഞ്ഞു അവർ അവതരിക്കുന്നത്. “ചരിത്രം മുഴുവൻ തിന്മ വിജയിക്കാൻ കാരണമായത് കർമോത്സുകർ ആവേണ്ടിയിരുന്നവരുടെ നിഷ്‌ക്രിയത്വം ആണ്; നന്നായി അവധാനം ചെയ്യേണ്ടി ഇരുന്നവരുടെ നിസ്സംഗത ആണ്, ഏറ്റവും പ്രസക്തമാകേണ്ടിയിരുന്ന നിമിഷങ്ങളിലെ നീതിയുടെ നിശ്ശബ്ദതകളാണ്.” “Throughout history, it has been the inaction of those who could have acted; the indifference of those who should have known better; the silence of the voice of justice when it mattered most; that has made it possible for evil to triumph” (Haile Selassie).

“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ,” ക്രിസ്തു ആവർത്തിച്ചു പറഞ്ഞ വചനങ്ങൾ. അതെ മൗനം കേൾക്കാൻ മാത്രം ആഗ്രഹിക്കുന്നവരോട് കർത്താവ് പറയുന്നു നിങ്ങളുടെ അധരം തുറന്നില്ലെങ്കിലും ചെവികളെങ്കിലും തുറക്കുവിൻ എന്ന്. ഭൂമിയിൽ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഊമരും ബധിരരും എത്രയോ കുറവ്. പക്ഷേ ഒരു കുറവുകളും ഇല്ലാതിരുന്നിട്ടും സത്യം സംസാരിക്കാത്തവരും, കേൾക്കാൻ ആഗ്രഹിക്കാത്തവരും, കാഴ്ചകൾ ഇഷ്ടപ്പെടാത്തവരുമാണ് കൂടുതലും. ഒരു വിധത്തിൽ പറഞ്ഞാൽ സ്വയം അന്ധരും ബധിരരും മൂകരും ആയവർ.

നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ മൗനമെന്ന് വിളിക്കുന്നത് പാപമാണ്, വായ തുറന്നുപറയാൻ ആഗ്രഹിക്കുന്നവന്റെ നാവ് പിഴുതെടുക്കുന്നതുപോലെ. കുറിപ്പുകൾ ഇറക്കി ഉണ്ടാക്കിയെടുക്കപ്പെടുന്ന മൗനങ്ങൾ നൈസ്സർഗ്ഗീകമല്ല. അത് വ്യാജവും കപടവുമായ നിശബ്ദത ആണ്. പൂർണ്ണമായ സ്വാതന്ത്ര്യത്തിലാണ് മൗനം നുകരേണ്ടത്. അല്ലാതെ നിർബന്ധങ്ങൾക്കും നിബന്ധനകൾക്കും കീഴിലല്ല.

മുട്ടയിലെ നിശബ്ദതയിൽ കോഴികുഞ്ഞിനു സ്വരം ആവശ്യമില്ല. പക്ഷേ പുറത്തിറങ്ങിയാൽ അത് ശബ്ദം പുറപ്പെടുവിച്ചേ മതിയാകൂ. അത് അതിന്റെ നിലനില്പിനും സുരക്ഷക്കും അവശ്യമാണ്. സംസാരിക്കേണ്ടവർ സംസാരിക്കാതിരിക്കുന്നതും പാപം തന്നെ. സത്യമെന്താണെന്നറിഞ്ഞിട്ടും നീ നിശബ്ദത പാലിക്കുമ്പോൾ നഗ്നയാകുന്നത് സത്യംതന്നെയാണ്. പക്ഷെ ചിലർക്ക് നിശബ്ദത പാലിച്ചേ മതിയാകൂ. കാരണം നിശബ്ദത നൽകുന്ന സുഖങ്ങൾ ഉണ്ട്. അതുപേക്ഷിക്കാൻ അവർ തയ്യാറല്ല. രാത്രിയിൽ സൂര്യനുദിച്ചാൽ എന്ത് സംഭവിക്കും? അതിലും ഭീതികരമാണ് ചുമരുകൾക്ക് സംസാരിക്കാനുള്ള അധരം ലഭിച്ചാൽ.

രാജാവ് ചെയ്ത തെറ്റിനെതിരെ കണ്ണടക്കുകയായിരുന്നു നാഥാൻ പ്രവാചകനു ലാഭം.വെറുതെ എന്തിനു സുഹൃത്തിന്റെ ദേഷ്യം സമ്പാദിക്കണം? പക്ഷേ പ്രവാചകന് നിശബ്ദത അഴകല്ല, അലങ്കാരമല്ല. ശബ്ദമാണ് അവന്റെ ആയുധം. അതുകൊണ്ടാണ് “ആ മനുഷ്യൻ നീ തന്നെ” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നാഥാൻ പ്രവാചകൻ ദാവീദിനു നേരെ കൈ ചൂണ്ടിയത്. അതെ, കൈ ചൂണ്ടാൻ മനക്കരുത്തുള്ളവർക്ക് ഇന്ന് വംശനാശം സംഭവിക്കുന്നു. അവരുടെ പിതാക്കന്മാർ വന്ധീകരിക്കപ്പെട്ടു കഴിഞ്ഞു. കൊട്ടാരാംഗണങ്ങളും കോട്ടകൽത്തളങ്ങളും ഇന്നും തിന്നും കുടിച്ചും ആഹ്ളാദിക്കുമ്പോൾ, അതുനീയാണ് എന്നുവിളിച്ചു പറയേണ്ടവർ നിശബ്ദതയുടെ വാല്മീകത്തിലൊളിച്ചുകളിക്കുന്നു. മാനിഷാദയെന്ന ശ്ലോകം ചൊല്ലേണ്ടവർ എന്നേ ഭിത്തിക്ക് പുറകിലൊളിച്ചു. “We are not diplomats but prophets, and our message is not a compromise but an ultimatum എന്ന് പറഞ്ഞത് അമേരിക്കൻ സുവിശേഷപ്രസംഗകനായ ഐഡൻ വിത്സൺ ടോസർ.

ഒന്നെനിക്കറിയാം എതിർവശത്തുള്ളത് വേദനിപ്പിക്കുന്ന സത്യങ്ങൾ ആകുമ്പോൾ നിശബ്ദമാകുന്നതാണ് എളുപ്പം. പക്ഷേ മറ്റൊന്നുകൂടി എനിക്കറിയാം ഒട്ടകപക്ഷി മണ്ണിനടിയിൽ തലപൂഴ്ത്തിയിരിക്കുന്ന യുക്തിയേ അതിനുള്ളൂ.

In the End, we will remember not the words of our enemies, but the silence of our friends. (Martin Luther King, Jr).