ഒരു പ്രതിസന്ധിയിൽ നിന്നു എത്രയും പെട്ടന്ന് കര കയറുക എന്നത് സജീവവും ഓജസുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹജവാസന ആണ്. സഭയിലാകട്ടെ പ്രശ്നങ്ങളുടെ പരിഹാരം ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഏറ്റെടുത്തു ചെയ്യുകയാണ്. തങ്ങൾ അംഗമായിരിക്കുകയും, സ്നേഹിക്കുകയും ചെയുന്ന സാമൂഹ്യ സ്ഥാപനങ്ങൾ കറയില്ലാത്തത് ആയിരിക്കണം എന്ന് അംഗങ്ങൾ ആഗ്രഹിക്കുന്നതു തെറ്റല്ല. ഔദ്യോഗിക കേന്ദ്രങ്ങൾക്കു പ്രശ്ന പരിഹാരത്തിനു പ്രത്യേകിച്ച് ആശയങ്ങൾ ഇല്ലാത്തപ്പോൾ ആരെങ്കിലും ഒക്കെ അത് ഏറ്റെടുത്തു ചെയ്യുന്നതിനു കുറ്റം പറയാൻ പറ്റില്ല.

പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് സഭയുടെ “ശത്രുക്കൾ” ആണ്എന്നാണ് പ്രധാന പ്രചാരണം. മുറിവേറ്റതോ, ഇച്ഛാഭംഗം ഉണ്ടായവരോ ആയ വൈദികരോ, സന്യസ്ഥരോ, വിശ്വാസികളോ ആണ് പ്രധാന ശത്രുക്കൾ ആയി പരിണമിച്ചിട്ടുള്ളത് എന്നാണ് ഒരു കണ്ടുപിടിത്തം. സഭാ നിയമങ്ങൾ പാലിക്കുവാൻ താല്പര്യമില്ലാത്തവരാണ് ശത്രുക്കളിലെ മറ്റൊരിനം. സെമിനാരിയിൽ നിന്നു പുറത്തു പോയിട്ടുള്ള ആളുകളാണ് ശത്രുക്കളായ വേറൊരു വിഭാഗം. എന്തൊക്കെ വിഢിത്തരങ്ങളാണ് ഇക്കൂട്ടർ എഴുന്നള്ളിക്കുന്നത്!

സഭ എന്താണ് എന്ന് ലവലേശം അറിവില്ലാത്തവരാണ് ഈ പ്രചാരണങ്ങൾ നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളുടെ വികലമായ പ്രോജെക്ഷൻ ആണ് ഈ വാദഗതികളിൽ ഉള്ളത് എന്ന് നല്ല വിശ്വാസിക്ക് മനസിലാവും.

ജനനം, ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കുള്ള മാറ്റം, ജീവിതാന്തസ് തിരഞ്ഞെടുക്കൽ, മരണം എന്നിങ്ങനെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളെ സാമൂഹ്യ അംഗീകാരത്തിലൂടെ അടയാളപ്പെടുത്താൻ ക്രൈസ്തവർ തിരുസഭയുടെ കൂദാശകളെ ഉപയോഗിക്കുന്നു. സഭയെന്നാൽ മാമോദീസയും, ആദ്യകുർബാനയും, വിവാഹവും ഒക്കെ നടത്തി കിട്ടാനുള്ള വേദിയാണ് എന്ന് മാത്രം കരുതുന്നവർ സഭയെ ശരിയായി മനസിലാക്കിയിട്ടില്ല എന്ന് കരുതേണ്ടിവരും. അല്ലെങ്കിൽ തന്നെ പൊതു സമൂഹത്തിനു അവർ സഭയെ കുറിച്ച് കൊടുക്കുന്ന ചിത്രങ്ങൾ എന്താണ്? ഇവയുടെ നിർവഹണത്തിന് തീർച്ചയായും ഘടനാപരമായും ഭരണപരമായും സഭക്ക് ഇടപെടേണ്ടതുണ്ട്. എന്നാൽ “ആ” സഭയുടെ പ്രതിച്ഛായാ നിർമ്മാണത്തിന് തികച്ചും മാനുഷികമായ ശൈലികളുടെ “ഏതറ്റം” വരെയും പോകാൻ തയ്യാറായി നിൽക്കുന്ന സ്വയം പ്രഖ്യാപിത സഭാസംരക്ഷകരെ കുറിച്ച് ജാഗ്രത ഉണ്ടാവണം എന്ന് സഭയിലെ ആത്മീയരും, അവധാനതയുള്ളവരുമായ മുതിർന്ന വൈദികർ നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

എന്നാൽ അത് മാത്രമാണോ സഭ? സഭ ദൈവത്താൽ സ്ഥാപിതമാണെന്നും, നാരകീയ ശക്തികളോ, അധികാരങ്ങളോ അതിനെതിരെ പ്രബലപ്പെടുകയില്ലെന്നും വിശ്വാസമില്ലാത്തവരാണ് പരിഭ്രാന്തരായി അലമുറയിട്ടു ഓടി നടക്കുന്നതു. മനുഷ്യർ എത്ര തന്നെ വിചാരിച്ചാലും – അയാൾ എത്ര സിദ്ധനോ, ശക്തനോ, ആത്മീയനോ ആയിക്കൊള്ളട്ടെ – ദൈവേഷ്ടമല്ലാതെ ഒന്നും തിരുസഭക്കുള്ളിൽ സംഭവിക്കാൻ പോകുന്നില്ല. സഭയിൽ ഉണ്ടാകുന്ന മാനുഷികമായ ദുഷ്പ്രവണതകളെ വിളയോടൊപ്പം കളയേയും വളരാൻ അനുവദിക്കുന്ന തോട്ടക്കാരനെ പോലെ കർത്താവ് കുറച്ചു കാലത്തേക്ക് അനുവദിച്ചേക്കാം. പക്ഷെ അതെല്ലാം പിന്നീട് തന്റെ ആത്മാവിനെ അയച്ചു ശുദ്ധീകരിക്കുക തന്നെ ചെയ്യും.

ജീവിതത്തിന്റെ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന അനേകരുടെ ആശ്വാസതീരമാണ് സഭ. അവരുടെ ദുഖങ്ങളും, ആശങ്കകളും, ഇറക്കിവെക്കാൻ കഴിയുന്ന ഒരു തുറമുഖം. അവരുടെ പ്രതീക്ഷകളിലേക്കു പ്രകാശം ചൊരിയുന്ന വിളക്കുമരമാണ് സഭ. ക്രൈസ്തവർ മാത്രമല്ല, അക്രൈസ്തവരും, ചിലപ്പോൾ അവിശ്വാസികളും ആ തീരത്തേക്ക് വരാറുണ്ട്. ആ തീരത്തു സംഘർഷമല്ല, പ്രതീക്ഷയുടെ സൂര്യോദയങ്ങളാണ് ഉണ്ടാവേണ്ടത്.

കർമ്മഫലങ്ങളുടെ പാപഭാരം പേറി മനസ് തണുപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ നീലജലാശയമാണ് സഭ. തങ്ങളുടെ പാപക്കറയെ കഴുകി വെടിപ്പാക്കാൻ കുരിശിൽ ബലിയായ ക്രിസ്തുവിന്റെ രക്തത്തോളം മുന്തിയ മരുന്നും ലേപനവും മറ്റൊന്നില്ല എന്ന് കരുതുന്നവരാണ് മറ്റു ചിലർ. പള്ളിയുടെ കുരിശിന്റെ ചാരെ അൽപനേരം മൗനമാകാൻ അവരും അവിടെ വരും.

ഇനിയും കുറേപേർക്കു ആശങ്കാകുലമായ ജീവിത സമസ്യകളുടെ ഉത്തരമാണ് ക്രിസ്തു, വിശേഷിച്ചു യുവജനങ്ങളുടെ. ക്രൈസ്തവരും അക്രൈസ്‌തവരും ആയ എത്രയോ പേരാണ് സുവിശേഷത്തിലേക്കും, ക്രിസ്തുവിലേക്കും നടന്നടുക്കുന്നതു!

ആ ജനങ്ങളുടെ ആത്മീയ സ്വപ്നങ്ങൾ പൂവണിയിക്കാൻ സഭാ സംരക്ഷകർക്കു ആവുമോ? മാലിന്യത്തിന്റെ കൂമ്പാരങ്ങൾ മൂടിയിട്ടു കുന്തിരിക്കം പുകച്ചു താത്കാലിക സൗരഭ്യം പരത്തുന്ന ഒരിടത്തേക്ക് ആത്മീയാന്വേഷകർ കടന്നു വരുമോ? പ്ലാസ്റ്റർ ഒട്ടിച്ചു സൗന്ദര്യം കൂട്ടിയ വ്രണിത ശരീരത്തെ പരിണയിക്കാൻ ആരാണ് വരിക?

കുർബാന വിലക്കാൻ എളുപ്പമാണ്. എന്നാൽ ക്രിസ്തുവിനോടുള്ള ഒരുവന്റെ ദാഹം വിലക്കാൻ ആർകെങ്കിലും സാധിക്കുമോ? മഹറോൻ ചൊല്ലാൻ എളുപ്പമാണ്, എന്നാൽ ക്രിസ്തുവിന്റെ നെഞ്ചിൽ ചാരിനിൽക്കാൻ ആഗ്രഹിക്കുന്ന ഒരുവനെ പുണരുന്ന ക്രിസ്തു സ്നേഹത്തിൽ നിന്ന് ആർക്കു അയാളെ അകറ്റാൻ സാധിക്കും?

നാമമാത്ര ക്രിസ്ത്യാനികൾ മാത്രമാണ് സഭയെ ഒരു ഘടന ആയി കാണുന്നത്. മറ്റുള്ളവരെ സംബന്ധിച്ച് അത് വലിയൊരു പ്രതീക്ഷയും ആദർശവും ആണ്. ആ ആദർശത്തെ സഭാ അധികാരികൾ ഉടച്ചു കളയരുത്. ഉടയ്ക്കാൻ ആരെയും അനുവദിക്കുകയും അരുതു.

ഇപ്പോൾ പറഞ്ഞു കേൾക്കാത്തതും ചർച്ച ചെയ്യാത്തതും ഒന്ന് മാത്രമാണ്. ലോകത്തിൽ സഭയുടെ ദൗത്യം എന്താണ്? ദൗത്യം നഷ്ടപെടുമ്പോഴാണ് പ്രതിസന്ധികൾ ഉടലെടുക്കുന്നതും പരിഹരിക്കാൻ വ്യാജ സിദ്ധന്മാർ ഉദയം ചെയ്യുന്നതും. നഷ്ടപ്പെട്ടുപോയ നാണയം തിരഞ്ഞു കണ്ടെത്തിയ സ്ത്രീയെ പോലെ സഭ അതിന്റെ ദൗത്യം കണ്ടെത്തട്ടെ. ആ ദൗത്യം സാക്ഷാത്കരിക്കാൻ വേണ്ടി എന്തും ത്യജിക്കാൻ, എല്ലാം വിറ്റു നിധിയുള്ള പറമ്പു വാങ്ങിയ ബുദ്ധിമാനെ പോലെ സഭ മാറട്ടെ.