അഘാതങ്ങളിൽ നിന്ന് നാം പാഠം പഠിക്കുന്നില്ലെന്നാണ്, അഘാതാനന്തര പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

അപസ്മാരം ബാധിച്ച ഒരുവനെ ഈശോയുടെ ശിഷ്യന്മാർക്കു സുഖപ്പെടുത്താൻ സാധിക്കാതിരുന്ന സംഭവം (മത്താ. 17:14-21) ചില പ്രതിസന്ധികളെ നാം എങ്ങനെ നേരിടണം എന്ന ചില പാഠങ്ങൾ പറഞ്ഞു തരുന്നു.

പ്രതിസന്ധി ഒന്ന്: ഈശോയുടെ കൂടെ നിന്ന് രോഗശാന്തികൾ നടത്തിയിരുന്ന ശിഷ്യന്മാർക്കു അവനിൽ നിന്ന് വേറിട്ട് അത് ചെയ്യാനായില്ല (മത്താ. 17:16).

പ്രതിസന്ധി രണ്ടു: വിശ്വാസരാഹിത്യം മൂലമാണ് അവർക്കു അത് ചെയ്യാൻ കഴിയാതെ പോയത് (മത്താ. 17:17).

പരിഹാരം: ഈശോയിലേക്കു തിരിയുക, അവന്റെ മുമ്പിൽ മുട്ടുകുത്തുക (മത്താ. 17:14).

പക്ഷെ നാം ഇനിയും പ്രതിസന്ധികളിൽ നിന്ന് കരേറാനുള്ള അടയാളങ്ങൾ ഒന്നും കാണിച്ചു തുടങ്ങിയിട്ടില്ല. സഭാധികാരികൾ ഇപ്പോഴും ശാസന/ശിക്ഷാ നടപടികളാണ് ശരിയായ അജപാലനരീതി എന്ന് കരുതിയിരിക്കുന്നു. ഈശോയുടെ മനോഭാവങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്തിടത്തോളം പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ ഈശോയുടെ മനോഭാവം എന്താണ്?

ഈശോ ശാസിച്ച നാല് കാര്യങ്ങൾ

ഈശോ ശിഷ്യന്മാരെ ശാസിച്ചിരുന്നു. പ്രധാനമായും നാല് കാര്യങ്ങളിലാണ് അവിടുന്ന് അവരെ ശാസിച്ചതു. 1) അവരുടെ വിശ്വാസരാഹിത്യം; 2) അധികാരത്തോടുള്ള അവരുടെ മനോഭാവം; 3) പീഡകളോടുള്ള മനോഭാവം; 4) അസഹിഷ്‌ണത.

ഒന്ന്: അവിശ്വാസം. പിന്നീട്‌, അവര്‍ പതിനൊന്നു പേര്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി. (മര്‍ക്കോസ്‌ 16:14). മറ്റൊരിടത്തു, യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്‌ഷമിച്ചിരിക്കും! (മത്തായി 17:17)

രണ്ടു: അധികാരത്തോടുള്ള മനോഭാവം. ശിഷ്യർക്ക് അധികാരക്കൊതി ഉണ്ടായിരുന്നു. അതിനു അവർ പരസ്പരം മത്സരിക്കുകയും ചെയ്തിരുന്നു (മത്താ. 20:20-28). അങ്ങനെയുള്ള പ്രവണതകൾക്കെതിരെ ഈശോ ശിഷ്യരെ ശാസിച്ചിരുന്നു (മത്താ. 20:26).

മൂന്ന്: പീഡകളോടുള്ള മനോഭാവം. തന്റെ പീഡാനുഭവത്തെ കുറിച്ച് ഈശോ ശിഷ്യന്മാരോട് മുൻകൂട്ടി പറഞ്ഞപ്പോൾ പത്രോസ് ഈശോയെ വിലക്കുന്നു, നിനക്കു അങ്ങനെ സംഭവിക്കാതിരിക്കട്ടെ. പീഡനം അനുഭവിക്കുന്ന ഒരു ദൈവാരാജ്യത്തെ ശിഷ്യന്മാർക്കു സ്വപ്നത്തിൽ പോലും ചിന്തിക്കാനാവുമായിരുന്നില്ല. യേശു തിരിഞ്ഞ്‌ പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്‍െറ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്‌. നിന്‍െറ ചിന്ത ദൈവികമല്ല, മാനുഷികമാണ്‌ (മത്തായി 16:23).

നാല്‌: അസഹിഷ്‌ണുത. സമരിയാകാർ ഈശോയെ സ്വാഗതം ചെയ്യാതിരുന്നപ്പോൾ ശിഷ്യരിൽ ചിലർ അവരെയും ഗ്രാമത്തെയും നശിപ്പിച്ചു കളയാൻ അഗ്നി ഇറക്കാൻ ആജ്ഞ കൊടുക്കട്ടെ എന്ന് ചോദിക്കുന്നു. ശിഷ്യന്‍മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ ഗത്തില്‍നിന്ന്‌ അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന്‌ ഞങ്ങള്‍ പറയട്ടെയോ? (ലൂക്കാ 9: 54). യേശുവിനെ ഉൾകൊള്ളാത്തവർ ഭൂമിയിൽ ഉണ്ടാവരുത് എന്നും, അതിനു ഭീകരമായ അഗ്നിഗോളത്താൽ (ഇന്നത്തെ ഭാഷയിൽ ബോംബ്) അവരെ നശിപ്പിക്കാം എന്നും ശിഷ്യർ വിചാരിക്കുന്നു. ഈശോയാകട്ടെ തിരിഞ്ഞ്‌ അവരെ ശാസിച്ചു (ലൂക്കാ 9:55).

ഈശോ പ്രോത്സാഹിപ്പിച്ച നാല് കാര്യങ്ങൾ

അതെ സമയം ഈശോ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. മത-രാഷ്ട്രീയ അധികാരികളുടെ അധികാര ദുര്വിനിയോഗത്തെയും, അതിനു അവർ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെയും എതിർത്തിരുന്ന ഈശോ അത്തരം സാഹചര്യങ്ങളിൽ തന്റേടത്തോടെ മറുപടി പറയാൻ ശിഷ്യന്മാരെ പ്രാപ്തരാക്കുന്നുണ്ട്. അന്തസ്സത്ത ഇല്ലാത്ത മതാനുഷ്ഠാനങ്ങൾക്കും മാമൂലുകൾകും എതിരെ ശബ്ദിക്കാൻ അവരുടെ സാന്നിധ്യത്തിൽ ഈശോ മുതിർന്നു.

ഒന്ന്: പാരമ്പര്യങ്ങൾക്കെതിരെ. ഈശോയുടെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതിനെ കുറിച്ച് ഫരിസേയർ ചോദ്യം ചെയ്യുന്നു. അപ്പോൾ ഈശോ ഭക്‌ഷണം കഴിക്കുന്നതിനു മുമ്പ്‌ അവര്‍ കൈകഴുകുന്നില്ല എന്ന ചെറിയ കാര്യത്തിലാണ് അവർ കയറി പിടിക്കുന്നത് (മത്തായി 15:2). എന്നാൽ കൂടുതൽ വലിയ കാര്യങ്ങൾ അവർ മറന്നു കളഞ്ഞിരുന്നു. നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌? എന്ന മറുപടിയാൽ ഈശോ അവരെ ഖണ്ഡിക്കുന്നു, ശിഷ്യൻമാരെ തിരുത്തുന്നുമില്ല (മത്തായി 15:3). അന്ധമായ പാരമ്പര്യ നിഷ്ഠ വെടിഞ്ഞു ആത്മീയ ബലം നേടാൻ ഈശോ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

രണ്ടു: സാബത് നിയമത്തിനെതിരെ. ഒരു സാബത്തില്‍ ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്ന ഈശോയുടെ ശിഷ്യന്‍മാര്‍ വിശന്നപ്പോൾ അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. അത് ഫരിസേയൻമാർ ചോദ്യം ചെയ്തപ്പോൾ ഈശോ മറുചോദ്യം ചോദിച്ചു അവരെ പരാജയപെടുത്തുന്നു: “വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്‌തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്‌ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിച്ചതെങ്ങനെ? (മത്തായി 12 : 3-4). മനുഷ്യൻ സാബത്തിനു വേണ്ടിയല്ല, സാബത്തു മനുഷ്യന് വേണ്ടിയാണ് എന്ന് പറഞ്ഞ ഈശോ സാബത്തിൽ നന്മ ചെയ്യാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

മൂന്നു: ഉപവാസത്തിനെതിരെ. യോഹന്നാന്‍െറ ശിഷ്യന്‍മാര്‍ യേശുവിന്‍െറ അടുത്തുവന്നു ചോദിക്കുന്നു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്‍െറ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? യഹൂദരുടെ നിയമങ്ങളെക്കുറിച്ചു പൂർണ്ണ ബോധവാനായ ഈശോ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന്‌ അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും (മത്തായി 9 :15). ഉപവാസം പ്രദർശന വസ്തുവാക്കാതെ ആന്തരിക ഉപവാസം പരിശീലിക്കുവാൻ ശിഷ്യൻമാരെ ഈശോ പ്രോത്സാഹിപ്പിച്ചു.

നാല്: സ്നേഹം, കരുണ. സർവോപരി എല്ലാവരെയും സ്നേഹിക്കുവാനും, കരുണ കാട്ടുവാനും ഈശോ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു, തന്റെ അടുക്കൽ വന്ന കുഞ്ഞുങ്ങളോടും, വഴിയരികിൽ ഇരുന്നു കരഞ്ഞ അന്ധനോടും, പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും, കരുണ കാട്ടാൻ അവൻ പറഞ്ഞു. വിശക്കുന്നവരെ നിങ്ങൾ തന്നെ തൃപ്തരാക്കുവിൻ എന്ന് അവൻ ആജ്ഞാപിച്ചു. അവൻ കല്പനയായി തന്നതോ സ്നേഹം മാത്രം. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.

കത്തോലിക്കാ സഭയിലെ അധികാരികൾ പുനർവിചിന്തനത്തിനും, മാനസാന്തരത്തിനും തയ്യാറാകേണ്ടതുണ്ട്. ക്രിസ്തുവിനെ ആധുനിക കാലത്തേക്ക് പുനർവ്യാഖ്യാനം ചെയേണ്ടതുണ്ട്. സഭയെ കാലത്തിനൊത്തു പ്രസക്തമാകേണ്ടതുണ്ട്. ഒരു മൗലികമായ നവീകരണം എല്ലാവരും ആഗ്രഹിക്കുന്നു.