ഓസ്‌ട്രേലിയയിലെ എന്റെ ജീവിതകാലത്തു ഇഷ്ടപ്പെട്ട ഒരു കാര്യം സിസ്റ്റർ മേരി മക്കില്ലപ്പിനെ കുറിച്ച് അറിയാൻ കഴിഞ്ഞു എന്നതാണ്. മെൽബൺ നഗരത്തിന്റെ പ്രാന്തങ്ങളിലാണ് പ്രധാനമായും സിസ്റ്റർ മേരി മക്കില്ലപ് തന്റെ സന്യാസം ജീവിച്ചത്.

വിശുദ്ധയായി സഭ പ്രഖ്യാപിച്ച അവരുടെ ജീവിതത്തിൽ പ്രധാനമായി ആകർഷിച്ച രണ്ടു കാര്യം അവർ മഹറോൺ (സഭക്ക് പുറത്താക്കൽ) ശിക്ഷക്ക് വിധിക്കപെട്ട ആളായിരുന്നു എന്നാണു. അതിനുള്ള കാരണമോ വൈദികൻ ഉൾപ്പെട്ട ഒരു ലൈംഗിക അപവാദം അവർ പുറത്തറിയിച്ചു എന്നതും.

2010 ഒക്ടോബർ 17-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മേരി മക്കില്ലപ്പിന്റെ കഥ, വിശുദ്ധിയുടെയും, പാപത്തിന്റെയും, സഭയിലെ സ്ത്രീകളുടെ പങ്കിന്റെയും, സർവോപരി പ്രത്യാശയുടെയും അതിശയിപ്പിക്കുന്ന കഥയാണ്.

സത്യത്തിൽ മഹറോൻ ശിക്ഷക്ക് വിധേയരാക്കപ്പെടുകയും, ഏതെങ്കിലും കൂദാശകളുടെ സ്വീകരണം വിലക്കപ്പെടുകയും ചെയ്ത വളരെ കുറച്ചു വിശുദ്ധന്മാരെ സഭയുടെ ചരിത്രത്തിൽ ഉള്ളൂ. മേരി മക്കില്ലപ്പിന്റെ ശിക്ഷ അവളുടെ വിശുദ്ധപദവിയിലേക്കുള്ള വളർച്ചയിലെ ആസാധാരണമായ ഒരു നാഴിക കല്ലാണ്. 1870 ൽ ബ്രിസ്ബേൻ രൂപതയുടെ മെത്രാൻ ലോറൻസ് ഷെയ്ൽ സഭയിൽ നിന്നും മേരിയെ പുറത്താക്കി. അടുത്തിടെ വരെ, മാക്കില്ലോപ്പിന്റെ ശിക്ഷയുടെ കഥയെ മേരിയും ബിഷപ്പും തമ്മിലുള്ള വ്യക്തി വൈരാഗ്യത്തിന്റെ പരിണതി ആയിട്ടാണ് പലരും കണ്ടിരുന്നത്‌. മഹറോൻ ശിക്ഷക്ക് കാരണമായി ബിഷപ്പ് പറഞ്ഞിരുന്നതാകട്ടെ സിസ്റ്റർ മേരി നിയമങ്ങൾക്കു വിധേയപ്പെടാത്ത അനുസരണമില്ലാത്തവൾ ആണ് എന്നായിരുന്നു. സേക്രഡ് ഹാർട്ട് ഓഫ് സെയിന്റ് ജോസഫ് എന്ന സന്യാസ സഭയുടെ സ്ഥാപകയായ അവർക്കെതിരെ നടത്തിയ അസാധാരണമായ ഈ നീക്കം അടുത്ത കാലം വരെ പരസ്യമായിരുന്നില്ല.

താൻ ജോലി ചെയ്തിരുന്നതിനടുത്തുള്ള ഒരിടവകയിലെ വൈദികനായ ഫാ. കീറ്റിങ് ഉൾപ്പെട്ട ഒരു ലൈംഗിക അപവാദം സിസ്റ്റർ മേരി മക്കില്ലപ്പ് രൂപതയിലെ വികാരി ജനറാളിനെ അറിയിച്ചു. ബിഷപ്പ് ഷെയിൽ കീറ്റിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. എന്നാൽ ബിഷപ്പിന്റെ അടുപ്പക്കാരനായിരുന്ന ഫാ. ചാൾസ് ഹൊറാൻ കന്യാസ്ത്രീയെ പുറത്താക്കുന്നതിനായി ബിഷപ്പിന്റെ മേൽ സ്വാധീനം ചെലുത്തി. ഫാ. ചാൾസിനു സിസ്റ്റർ മേരിയുടെ നല്ല പ്രേഷിത പ്രവർത്തനത്തോട് വൈരാഗ്യം ഉണ്ടായിരുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ പശ്ചാത്താപിച്ച ബിഷപ് അഞ്ചു മാസത്തിനു ശേഷം, തന്റെ മരണ കിടക്കയിൽ സിസ്റ്ററിന്റെ മഹറോൻ ശിക്ഷ റദ്ദാക്കി.

മേരിയുടെ കഥ നമുക്ക് നൽകുന്ന സന്ദേശം എന്താണ്?

ഒന്നാമതായി, ധീരരും വിശുദ്ധരുമായ ആളുകൾ പലപ്പോഴും സഭയോടും സഭയുടെ അധികാരികളോടും കലഹിക്കാറുണ്ട് എന്നത് നമ്മെ അതിശയിപ്പിക്കുന്ന ഒരു കാര്യം ആകേണ്ടതില്ല. വിശുദ്ധരായ നിരവധി പേരുടെ അനുഭവം ഇതുതന്നെ ആയിരുന്നു.

രണ്ടാമതായി, അങ്ങനെ കലഹിച്ച വിശുദ്ധരിൽ കൂടുതലും സ്ത്രീകളായിരുന്നു. മതപരമോ അല്ലാത്തതോ ആയ ഏതെങ്കിലും സംഘടനയിലെ ശക്തരായ സ്ത്രീകൾ പുരുഷ മേധാവിത്വത്തിന് ഭീഷണിയായി കരുതപ്പെടുന്നു. വിശുദ്ധന്മാരുടെ ജീവിതം സത്യത്തിൽ സഭാ അധികാരികളുമായുള്ള പോരാട്ടത്തിന്റെ ശ്രദ്ധേയമായ കഥകളും കൂടിയാണ്.  ഇത്തരം എതിർപ്പുകൾക്കിടയിലും സ്ത്രീകൾ സന്യാസ സഭകളും, ആശുപത്രികളും, കോളേജുകളും, സ്കൂളുകളും ഒക്കെ സ്ഥാപിച്ചു നടത്തി. “സഭയിലെ പാപത്തെ” നന്നായി കണ്ടുപിടിക്കാനും പരിഹരിക്കാനും കഴിയുന്നത് സ്ത്രീകൾക്കാണ്, കാരണം അവർ പലപ്പോഴും ഔദ്യോഗിക അധികാര ഘടനകൾക്കു പുറത്താണ് ജീവിക്കുന്നത്.

മൂന്നാമതായി, ഏതെങ്കിലും തെറ്റിനെ, വിശേഷിച്ചു ലൈംഗിക പീഡനം പോലുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടുന്നവർക്ക് (വിസിൽ ബ്ലോവർ) എക്കാലത്തും ഗുരുതരവും, അതിശക്തവുമായ എതിർപ്പ് നേരിടേണ്ടി വരും. ഭീകരമായ തെറ്റുകളെ കുറിച്ചുള്ള ഇത്തരം ആരോപണങ്ങൾ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അധികാരത്തോട് സത്യം വിളിച്ചു പറയുക എന്ന പ്രവാചക ധർമ്മം നിർവഹിക്കുന്നവർ, ആ സത്യം കേൾക്കാനാഗ്രഹിക്കാത്തവർക്ക് അനഭിമതരാവുക സ്വാഭാവികമാണ്. പ്രവാചകന്മാരും പ്രവാചികമാരും മിക്കപ്പോഴും നിസ്സാരവത്കരിക്കപ്പെടും, ഗൂഢമായ നിന്ദ അവർക്കുമേൽ ചൊരിയപ്പെടും, വൈരാഗ്യത്തോടെയുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കേണ്ടി വരും, അവർ കാര്യങ്ങളെ പെരുപ്പിച്ചു കാണുന്നു എന്ന് പഴിക്കപ്പെടും. അതാണ് വിശുദ്ധ മേരി മക്കില്ലോപ്പിനും ജോസഫൈൻ സഹോദരിമാർക്കും സംഭവിച്ചത്. വിസിൽ മുഴക്കുന്നവരും സഭക്ക് ആവശ്യമാണ് എന്ന് വിദേശങ്ങളിലെ കത്തോലിക്കാ സഭ അടുത്ത കാലത്തു അംഗീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സഭ അങ്ങനെയുള്ള കാര്യങ്ങളോട് ഇപ്പോഴും മുഖം തിരിച്ചാണ് നില്കുന്നതു.

നാലാമതായി, ലൈംഗിക പീഡനം അനുഭവിക്കുന്നവർക്കു മാധ്യസ്ഥം യാചിക്കുന്ന ഒരു വിശുദ്ധാത്മാവ് സ്വർഗത്തിൽ ഉണ്ട് എന്നത് വിശ്വാസികൾക്ക് ചെറുതല്ലാത്ത ആശ്വാസമാണ് കൊടുക്കുന്നതു. മാത്രമല്ല, പീഡകരെ വെളിച്ചത്തു കൊണ്ടുവരാനും, നീതി നടപ്പിൽ വരുത്താനും മേരിയുടെ പ്രാർത്ഥന കാരണമാകും.

കത്തോലിക്കാ സഭ ഒരിക്കൽ തള്ളിപ്പറയുകയോ മോശം എന്ന് കരുതുകയോ ചെയ്തവരിൽ പലരെയും പിന്നീട് സഭ തന്നെ വിശുദ്ധരാക്കി. ജോൻ ഓഫ് ആർക്ക്, ഇഗ്നേഷ്യസ് ലൊയോള, തോമസ് അക്വിനാസ്, മദർ ഗുവറിൻ, മേരി മക്കില്ലപ്പ് എന്നിവർ ആ ശ്രേണിയിലെ താരങ്ങളാണ്. അത്തരക്കാരെ വിശുദ്ധരായി ഉയർത്തുന്ന പ്രക്രിയയിൽ സ്വന്തം വീഴ്ചകൾക്കും തെറ്റുകൾക്കും പിഴ മൂളുന്ന എളിമയുടെയും നവീകരണത്തിന്റെയും മഹത്തായ മാതൃകയാണ് സത്യത്തിൽ സഭ ലോകത്തിന് നല്കുനന്നു. “മഹത്തായ തെറ്റ്” തിരുത്തപ്പെടുന്നത് എല്ലായ്പ്പോഴും സഭയിൽ പ്രത്യാശയുടെ അടയാളമായിരുന്നു.