സെമിനാരിയിൽ ദൈവശാസ്ത്രത്തിനു പഠിക്കുന്ന കാലം. (1996 നും 98 നും ഇടയിലാണ് ഈ സംഭവം നടക്കുന്നത്). ഒരു ദിവസത്തെ പത്രം വന്നത് വളരെ അസ്വസ്ഥമാക്കിയ ഒരു വാർത്തയുമായിട്ടാണ്. മൂന്നാർ ഭാഗത്തു എവിടെയോ ഒരാൾ തന്റെ ഭാര്യയെ അടക്കം മൂന്നു പേരെ വെട്ടി നുറുക്കിയിരിക്കുന്നു. മനുഷ്യത്വത്തോട് തന്നെ വെറുപ്പ് തോന്നിയ ഒരു ദിവസം ആയിരുന്നു അത്. കൂലിപ്പണിക്കാരനായ മെലിഞ്ഞുണങ്ങിയ ഒരു തമിഴനാണ് കൃത്യം ചെയ്തത്. വളരെ സെൻസേഷണൽ ആയി കൊടുത്തിരുന്ന ആ വാർത്തയുടെ വിശദാമ്ശങ്ങൾ വായിക്കാൻ എനിക്ക് തോന്നിയില്ല. അന്നും ഇന്നും പത്രക്കാർ നൽകുന്ന ഇക്കിളിയിൽ ഓക്കാനിക്കാൻ മാത്രമാണ് എനിക്ക് തോന്നാറുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ അയാളെ റിമാൻഡ് ചെയ്തതും ഒക്കെയായുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു.

എനിക്ക് ശരിക്കും മരവിപ്പാണ് തോന്നിയത്. ഒരു മനുഷ്യന് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യാനാവും എന്ന് മനസ് ആവർത്തിച്ചു ചോദിച്ചു എന്റെ മനഃസമാധാനത്തെ ശിഥിലമാക്കികൊണ്ടിരുന്നു. എനിക്ക് കൊലപാതകികളോട് വെറുപ്പായി.

കുറെയേറെ മാസങ്ങൾ കടന്നു പോയി. തടവറ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന ജീസസ് ഫ്രറ്റെണിറ്റിയിലെ സജീവ പ്രവർത്തകനായിരുന്നു ഞാൻ. വേനലവധിക്ക് ജയിലുകൾ സന്ദർശിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. ഞങ്ങളുടെ സന്ദർശനം മിക്ക ജയിലധികാരികൾക്കും ജയിൽവാസികൾക്കും സന്തോഷം നൽകിയിരുന്ന കാര്യമായി അവർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൂന്നാർ സബ് ജയിൽ സന്ദർശിക്കേണ്ട ചുമതല എന്റെ ഗ്രൂപ്പിൽ നിക്ഷിപ്തമായിരുന്നു. പത്തു ശമ്മാശന്മാർ അടങ്ങുന്ന സംഘം മൂന്നാറിലേക്ക് പോയി. ജയിൽ കവാടത്തിൽ ജപമാല ചൊല്ലി ജയിലിനുള്ളിലെ എല്ലാവർക്കുമായും പുറത്തുള്ള അവരുടെ ബന്ധുക്കൾക്കുമായി പ്രാർത്ഥിച്ചു. ജയിലിന്റെ കവാടം ഞങ്ങൾക്കായി തുറക്കപ്പെട്ടു.

ആ പ്രാവശ്യം അവിടെ ആകെ എട്ടോ പത്തോ കുറ്റവാളികളേ അവിടെ ഉണ്ടായിരുന്നുള്ളൂ. സാമാന്യം മുഴുത്ത ഒരു സെല്ലിലേക്ക് ഞങ്ങൾ പത്തുപേരും എട്ടോളം കുറ്റവാളികളും ആനയിക്കപ്പെട്ടു. സെല്ലിന്റെ വാതിലുകൾ താഴിട്ടു പൂട്ടി വാർഡൻ പോയി. ആളുകൾ കുറവായതിനാൽ അനൗപചാരികമായി അവരോടു സംസാരിക്കാൻ തീരുമാനിച്ചു. ആദ്യമേ കരുണയുടെയും ക്ഷമയുടെയും രണ്ടു ഗീതങ്ങൾ ഞങ്ങൾ ആലപിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ പത്തു മിനുട്ടു പൊതുവായി സംസാരിച്ചു. “തെറ്റ് ആർക്കും പിണയും, എന്നാൽ പശ്ചാത്തപിക്കുന്നവരെ ഈശോ തന്റെ കരുണാർദ്രമായ നെഞ്ചോട് ചേർക്കും” എന്നതായിരുന്നു സന്ദേശം. ഞങ്ങൾ നിലത്തു വിരിച്ച പായയിൽ കുറ്റവാളികളോട് ഒപ്പം ഇരുന്നു.

ചില കുറ്റവാളികൾ സഹോദരന്മാരോട് സംസാരിച്ചു തുടങ്ങി. മുഖത്ത് എപ്പോഴും ഗൗരവഭാവം ഉള്ളത് കൊണ്ടാവാം എന്നോട് ആരും സംസാരിക്കാൻ വന്നില്ല. ഞാൻ നിർവികാരനായി ഇരുന്നു. അപ്പോളതാ അല്പം മാറി രണ്ടു കണ്ണുകൾ എന്നെ മാത്രം നോക്കിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതി. തമിഴ് ഛായ. ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അയാൾ എന്റെ കണ്ണുകളിൽ മാത്രം നോക്കികൊണ്ടിരുന്നു. എന്നിട്ടു കരങ്ങൾ നീട്ടി എന്നെ കാണിച്ചു തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചു തുടങ്ങി, “ഞാൻ മൂന്നു പേരെ കൊന്നു….” മൂന്ന് പേരുടെ കൊലപാതകിയെ എന്റെ മുന്നിൽ കൊണ്ടുവന്ന ദൈവനീതിയെ കുറിച്ചോർത്തു എന്റെ നാഡികളിലൂടെ ഒരു തരിപ്പ് കടന്നുപോയി. ഒരു കുമ്പസാരകൂടു ഇരുവർക്കു ചുറ്റും വളരുന്നത് ഞാൻ അറിഞ്ഞു… അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി… എന്നിട്ടും അയാൾ എന്റെ കണ്ണുകളിലേക്കുള്ള നോട്ടം പിൻവലിച്ചില്ല. “അതിലൊന്നു എന്റെ ഭാര്യ ആയിരുന്നു, ഞാൻ ഹൃദയവും ശരീരവും കൊടുത്ത എന്റെ പെണ്ണ്,” അയാൾ പറഞ്ഞു… പിന്നെ ഏതാണ്ട് അര മണിക്കൂർ കൊണ്ട് കൊലപാതകത്തിന്റെ കഥ അയാൾ എന്നോട് വിവരിച്ചു…. ഞാൻ വായിക്കാൻ ആഗ്രഹിക്കാത്ത, പത്രക്കാർ തരുന്ന കഥയുടെ കാണാപ്പുറം. ക്ഷമയുടെയും സ്നേഹത്തിന്റെയും അവസാന ഇറ്റു വരെ കൊടുത്തിട്ടും വഞ്ചന കാട്ടിയ ഭാര്യയെയും സഹോദരരേയും നിമിഷാർദ്ധത്തിന്റെ വികാരാവേശത്തിൽ കൊല്ലേണ്ടി വന്നതിന്റെ കഥ… അതിനിടയിലെപ്പോഴോ എന്റെ കരങ്ങൾ അയാളുടെ കൈകളെ ഇറുക്കെ പിടിച്ചിരുന്നു.

ക്രൈസ്തവൻ അല്ലാത്ത ഒരാൾ തന്റെ പാതകം മറ്റൊരാളോട് പറഞ്ഞു ആത്മശുദ്ധീകരണം നേടാൻ കാട്ടുന്ന വെമ്പൽ… ‘ഗംഗയുടെ തീരങ്ങളിൽ കുമ്പസാരക്കൂടുകൾ ഉണ്ടായിരുന്നെങ്കിൽ’ എന്ന് എഴുതാൻ എം ടി വാസുദേവൻ നായരെ പ്രേരിപ്പിച്ച ചേതോവികാരം…. ഞാൻ വൈദികനല്ലാതിരുന്നിട്ടും കുമ്പസാരത്തിന്റെ വിടുതൽ അനുഭവം അയാൾ പ്രാപിച്ചിട്ടുണ്ടാവാം.

എന്നാൽ ആ കുമ്പസാരത്തിന്റെ പൂർണ്ണഫലം തെളിനീർച്ചാലായി എന്നിലേക്ക്‌ ഇറങ്ങുന്നത് ഞാൻ അറിഞ്ഞു. അത് എന്റെ ഹൃദയത്തെ തണുപ്പിക്കുന്നതും ശുദ്ധീകരിക്കുന്നതും ഞാൻ അറിഞ്ഞു. കൊലപാതകിയോടുള്ള എന്റെ എല്ലാ മുൻവിധികളെയും തകർത്ത കുമ്പസാരമായിരുന്നു അത്. ആ കുമ്പസാരം വാസ്തവത്തിൽ എനിക്കാണ്‌ പ്രയോജനപ്പെട്ടതു.