ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അഭ്യർത്ഥന മാനിച്ചു താത്കാലികമായി പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി കൊണ്ടുള്ള മാർപ്പാപ്പയുടെ തീരുമാനം സെപ്റ്റംമ്പർ 20-ന് വന്നു.

രേഖയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- “sede plena et ad nutum Sanctae Sedis.” ‘സേദേ പ്ളേന’ എന്നാൽ ‘രൂപത ഒഴിഞ്ഞു കിടപ്പില്ല’ എന്നാണ്. ‘ആദ് നൂത്തും സാങ്‌തെ സേദിസ്’ എന്നാൽ ‘പരിശുദ്ധ സിംഹാസനത്തിന്റെ കൈവശം’ എന്നാണ്. രൂപതാഭരണത്തിൽ പ്രതിസന്ധിയുണ്ടാവുമ്പോൾ പരിശുദ്ധ സിംഹാസനം രൂപതയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയാണിത്.

പച്ച മലയാളത്തിൽ പറഞ്ഞാൽ ബിഷപ് ഫ്രാങ്കോയെ അധികാരസ്ഥാനത്ത് നിന്നും മാറ്റിനിർത്തിയിരിക്കുന്നെന്ന്!

1) ഇതാണ് ആരംഭം മുതൽ ഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളും ആഗ്രഹിച്ചും ആവശ്യപ്പെട്ടും കൊണ്ടിരുന്നത്. കാരണം ഇതൊരു മിനിമം ധാർമികതയാണ്- അധികാരത്തിലിരിക്കുന്ന വൈദികനോ മെത്രാനോ എതിരായി ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ടാൽ, അദ്ദേഹം അധികാരത്തിൽനിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നത്. അങ്ങനെയെങ്കിൽ, പാപ്പായുടെ ഈ തീരുമാനം കത്തോലിക്കർക്ക് നൽകിയിരിക്കുന്നത് വലിയൊരു ആശ്വാസമാണ്.

2) ആരോപണ വിധേയനായ മെത്രാനെതിരെ ആദ്യപടിയായി സഭ പലപ്പോഴും സ്വീകരിക്കുന്ന പ്രാഥമിക ധാർമിക നടപടി ക്രമമാണ് ഈ മാറ്റിനിർത്തൽ. എങ്കിൽ ഈ തീരുമാനം മുന്ന് മാസം മുൻപോ, അല്ലെങ്കിൽ രണ്ട് ആഴ്ച്ച മുന്പെങ്കിലുമോ സഭ എടുത്തിരുന്നെങ്കിൽ സഭയ്ക്കു വന്നു ഭവിച്ച ‘വിശ്വാസ്യതാ നഷ്ടം’ (credibility loss) ഒഴിവാക്കാമായിരുന്നു. ഏറ്റവും കുറഞ്ഞത് ഇത്തരമൊരു നിർദ്ദേശമെങ്കിലും ഇവിടുത്തെ സഭാനേതൃത്വത്തിന്റെ ഭാഗത്തു നിന്ന് വന്നിരുന്നെങ്കിൽ വിശ്വാസികൾക്ക് അത് വലിയ ആശ്വാസമായേനേ.

3) ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും മനുഷ്യത്വമുള്ള മാർപാപ്പയാണ് ഫ്രാൻസീസ് പപ്പാ. അതിനാൽ തന്നെ ബിഷപ് ഫ്രാങ്കോയുടെ വിവരവും വിവരത്തിന്റെ ഗൗരവവും അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇപ്പോഴത്തെ തീരുമാനം അദ്ദേഹം നേരത്തെതന്നെ എടുത്തേനേയെന്ന് തീർച്ച.

4) അങ്ങനെയെങ്കിൽ ‘വിനിമയത്തിലെ വിടവാണ്’ (communication gap) ഈ കാലതാമസത്തിന് കാരണമെന്ന് വരുന്നു. ഈ വിഷയം വേണ്ട സമയത്ത് മാർപാപ്പായെ ധരിപ്പിക്കുന്നതിൽ ഭാരതത്തിലെ സഭാസംവിധാനങ്ങൾ പരാജയപ്പെട്ടു. അല്ലെങ്കിൽ ഈ സംവിധാനങ്ങളൊക്കെ ബിഷപ് ഫ്രാങ്കോയുടെ ന്യായവാദത്തിലും സ്വാധീനത്തിലും പെട്ട് നിഷ്ക്രിയമായിപ്പോയി. ഇവിടെയാണ് തിരുത്തലും കാര്യക്ഷമതയും ഉണ്ടാകേണ്ടത്.

5) അവസാനം ഒരാഴ്ച്ച മുൻപ് ഞാൻ ഈ കുറിച്ച നിർദേശത്തിലേക്ക് തന്നെ വരുകയാണ്. പിഴവ് നികത്തനുള്ള ഒരു പ്രധാന മാർഗം ഫലപ്രദമായ ‘ഗ്രീവൻസ് റിഡ്രസ് സെൽ’ (Grievance Redress Cell) ഇവിടെ രൂപീകരിക്കുകയാണ്. ഇത് രൂപതാതലം മുതൽ മുകളിലേക്ക് വേണം.

നിഷ്പക്ഷവും നീതിനിഷ്ഠവുമായ ‘ഗ്രീവൻസ് റിഡ്രസ് സെല്ലുകളാണ്’ അടിയന്തരമായി ഉണ്ടാകേണ്ടത്. നീതിനിഷ്ഠരായ അൽമായസ്ത്രീകളെയും പുരുഷന്മാരെയും ഇതിൽ അംഗങ്ങളാക്കണം. ഇതിന് ഏറ്റവും നല്ല മാതൃക ഫ്രാൻസീസ് പാപ്പാ അല്മായരെ ഉൾപ്പെടുത്തി രൂപീകരിച്ച വത്തിക്കാനിലെ Pontifical Commission for the Protection of Minors ആണ്.