കമ്യൂണിസത്തോടും മാർക്സിസത്തോടും ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ചുറ്റുവട്ടത്തു പാർട്ടിക്കാർ നടത്തിയ ചില കൊലകൾ ആയിരുന്നു ആ അനിഷ്ടത്തിനു കാരണം. തൊട്ടുമുന്നിൽ വടിവാളുമായി ഒരു കൂട്ടരും, അറ്റു തൂങ്ങിയ കയ്യുമായി മറ്റൊരാളും ഓടുന്ന കാഴ്ച കണ്ടു നിന്ന ബാലന് അക്രമം പ്രത്യയശാസ്ത്രമാക്കുന്ന പ്രസ്ഥാനങ്ങളോട് അറപ്പല്ലാതെ എന്താണ് ഉണ്ടാവേണ്ടതു?

സെമിനാരിയിൽ പഠിക്കുമ്പോൾ മാർക്സിസം ഒരു ഫുൾ കോഴ്സ് ആയിരുന്നു. മാർക്സിസവും, അസ്തിത്വവാദ ദർശനവും, ഗാന്ധിയൻ ദർശനവും ഒക്കെ ഒരേ സമയത്താണ് വിവിധ കോഴ്‌സുകളിലായി പഠിച്ചു തീർത്തത്. മനുഷ്യന്റെ അസ്തിത്വം, അന്തസ്, എന്നിവയൊക്കെ അതിഭൗതികമായ ആത്മീയ യാഥാർഥ്യങ്ങളോടൊപ്പം, സമ്പത്തിന്റെ വിതരണത്തിലും അടിസ്ഥാനപ്പെട്ടു കിടക്കുന്നു എന്ന വലിയ അറിവാണ് ഈ കോഴ്‌സുകൾ നൽകിയത്. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ മനുഷ്യർ നേരിടുന്ന ചൂഷണത്തിന്റെയും അസമത്വത്തിന്റെയും നേർകാഴ്ചകൾ നിലനിന്ന പശ്ചാത്തലത്തിലാണ് അതൊക്കെ പഠിച്ചതു എന്നത് ആ ചിന്തകളെ പ്രായോഗിക തലത്തിൽ ചിന്തിക്കുവാൻ കാരണമായി.

എന്നാൽ പഠിക്കുന്നതും പാടുന്നതും തമ്മിൽ ബന്ധമില്ലാത്ത ഒരു ആത്മീയ പരിസരമാണ് സെമിനാരി നൽകിയത്. പഠനവും, ജീവിതവും, പ്രാർത്ഥനയും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരങ്ങൾ ആയി കലഹങ്ങളില്ലാതെ മുന്നോട്ടു പോയി. പക്ഷെ എവിടെയോ എപ്പോഴോ ചില ശൂന്യതകൾ. അക്കാലം മുതലേ വൈദിക പരിശീലനത്തിന്റെ ശൈലികൾ മാറണം എന്ന് തോന്നിയിരുന്നു. തത്വശാസ്ത്രവും ദൈവശാസ്ത്രവും പ്രയുക്തം (applied) ആവണം എന്നതായിരുന്നു ഒരു പ്രധാന ചിന്ത. വൈദിക പരിശീലന കാലഘട്ടത്തിലും, വൈദിക ജീവിത കാലത്തും പഠിച്ച പാഠങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള ആഭിമുഖ്യവും, സാഹചര്യവും, ശൈലികളും വൈദികരുടെ ദൗത്യത്തിൽ ഉണ്ടാവണം.

ഈശോസഭ, കപ്പൂച്ചിൻ, സി.എം.ഐ. എന്നീ സഭകളിലെ ചില സെമിനാരികളിൽ അത്തരം ചില പരീക്ഷണങ്ങൾ നടക്കുന്നതായി അറിവുണ്ട്. വൈദിക ജീവിതത്തിലും കാഴ്ചപ്പാടുകളിലും വലിയ പ്രഭാവം ആ പരിശീലന ശൈലിക്ക് ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അത് കേവലം ഏതാനും വർഷങ്ങളിലേക്കുള്ള, ഒരു പ്രോഗ്രാം ആയി ചുരുങ്ങാതെ ഒരു ജീവിത ശൈലി ആവേണ്ടതുണ്ട്. സഭ ജീവസുറ്റതാകണം എങ്കിൽ അത് അനിവാര്യമാണ്.

സമീപ കാലത്തു കേരള സഭയെ പിടിച്ചുലച്ച ചില സംഭവ വികാസങ്ങൾ ഏതാനും വ്യക്തികൾ മാത്രം ഉൾപെട്ട പ്രതിസന്ധിയാണെങ്കിലും വലിയതോതിലുള്ള പ്രത്യാഘാതങ്ങളാണ് സഭക്ക് ഏല്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി സഭയിലെ ഉന്നതർ ഇടപെട്ടിട്ടുള്ള വ്യവഹാരങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചക്ക് വിഷയമായി എന്നതും വിസ്മരിച്ചു കൂടാ. കത്തോലിക്കാ സഭയുടെ ഭാഗമല്ലെങ്കിൽ കൂടി, ഓർത്തഡോൿസ് സഭയിൽ ഉണ്ടായ പ്രതിസന്ധിയും ഈ ചർച്ചയുടെ ഭാഗമായി.

അതാത് കേസുകളുടെ പ്രത്യേകതകൾ ചില വ്യക്തികൾക്കും, സമൂഹങ്ങൾക്കും, മാധ്യമങ്ങൾക്കും കൂടുതൽ താത്പര്യം ഉളവാക്കിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയും വിശ്വാസികളെയും വളരെ ആഴത്തിലാണ് അത് ബാധിച്ചത്. കുറച്ചു പേർക്കെങ്കിലും വിശ്വാസ വിഷയമായ ബുദ്ധിമുട്ടുണ്ടാക്കി. അതിലും വലിയ പ്രതിസന്ധി ധാർമികതയുമായി ബന്ധപ്പെട്ട പ്രതീക്ഷകളിലാണ് ഉണ്ടായത്.

പാഠപുസ്തകത്തിൽ നിന്ന് പഠിക്കുകയും, വൈദിക പഠനശാലയിലെ ക്ലാസ് മുറികളിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്ത തരം ആത്മീയ ബോധം അല്ല ചർച്ചകളിൽ ഇന്ന് ശ്രദ്ധേയമായ അറിവുകൾ പങ്കുവെക്കുന്ന ധീരരായ അല്മായർ സഭക്ക് പ്രദാനം ചെയ്യുന്നത്.

അമ്പതു ലക്ഷത്തിനു മേൽ വരുന്ന ക്രൈസ്തവ വിശ്വാസികൾ ധാർമികതയുടെയും വിശ്വാസത്തിന്റെയും കാര്യത്തിൽ ആശയക്കുഴപ്പത്തിലാവുകയും, ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് സിദ്ധാന്തിക്കുന്ന ഒരു പ്രസ്ഥാനത്തിൽ കഠിനപ്രയത്നവും നേർച്ചകാഴ്ചകളും ചെയ്താലും സത്യത്തിന്റെ കണിക കണ്ടെടുക്കുക അസാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നിരാശരാവുകയും ചെയ്തിട്ടും, സഭയുടെ ഔദ്യോഗിക വിഭാഗങ്ങൾക്ക് യാതൊരു വിധ വിശദീകരങ്ങളോ ആശ്വാസങ്ങളോ നൽകി വിശ്വാസി ഗണത്തിന്റെ ആത്മവീര്യത്തെയും വിശ്വാസനാളത്തെയും കെടാതെ സൂക്ഷിക്കണം എന്ന് തോന്നിയില്ല, അവർക്കു അത് സാധിച്ചില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. ആത്മീയ പ്രസ്ഥാനം എന്ന നിലയിൽ അത് സഭാധികാരികളുടെ ഉത്തരവാദിത്ത വീഴ്ചയും, പരാജയവും ആണ്. സത്യത്തിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി അത് തന്നെയാണ്.

ശ്രേഷ്ഠരായ ചില വൈദികർ അർഥപൂർണമായ ഇടപെടലുകൾ നടത്തുകയും, പ്രത്യാശ പകരുന്ന സന്ദേശങ്ങൾ കത്തുകളായും, പ്രസംഗങ്ങളായും നൽകുകയും ചെയ്തത് വിശ്വാസികളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചതും, വിശ്വാസത്തിൽ ഉറപ്പിച്ചതും. എന്നാൽ അത്തരം ഇടപെടൽ നടത്തിയ വൈദികരുടെയും അതുമൂലം ആശ്വാസം കണ്ടെത്തിയ വിശ്വാസികളുടെയും എണ്ണം തുലോം കുറവാണ്.

 


ഫാ. വത്സൻ തമ്പു, സിസ്റ്റർ ജെസ്സി കുരിയൻ, ഫാ. ആന്റണി കല്ലൂക്കാരൻ എന്നിവർ പങ്കെടുത്ത ഏഷ്യനെറ്റ് ടീവീയിലെ ചർച്ച പ്രയുക്ത ദൈവശാസ്ത്ര (applied theology) ചർച്ചയുടെ അനുകരണീയമായ മാതൃകയാണ്. വിശ്വാസികളും അവിശ്വാസികളുമായ ആളുകൾക്ക് വിരളമായി മാത്രം കേൾക്കാൻ സാധിക്കുന്ന കാഴ്ചപ്പാടുകൾ ‘ആധുനിക അരയപ്പോഗസ്’ എന്ന് സഭ പ്രസംഗങ്ങളിൽ ആവർത്തിച്ചു വിശേഷിപ്പിക്കുന്ന മതേതര മാധ്യമങ്ങളിൽ ആണ് വന്നത് എന്നത് ശ്രദ്ധേയമാണ്. ഒച്ചയുടെ അളവിൽ വിഭിന്നത പുലർത്തിയ ആ ചർച്ച, നിരവധി വിശ്വാസികളിൽ ആശയക്കുഴപ്പത്തിന്റെ കാർമേഘങ്ങളെ താത്കാലികമായി ദൂരെ അകറ്റി.


 

അതേസമയം, പൊതു സ്ഥലങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും അനിതരസാധാരണമായ വിധത്തിൽ ആളുകൾ ചർച്ച ചെയ്യുന്നത്, സഭയുടെ വിശ്വാസം, കൂദാശകൾ, ധാർമികത, ആത്മീയത, സഭാ നിയമം എന്നിവ ഒക്കെയാണ്. ദൈവ വചനത്തിന്റെ അനന്ത സാധ്യതകൾ അവർ അതിനു ഉപയോഗപ്പെടുത്തുന്നു. ചർച്ചയിൽ പങ്കെടുക്കുന്ന മിക്കവരും, പണ്ഡിതരുടെ വ്യാഖ്യാനങ്ങളും, അവർ എഴുതിയ പുസ്തകങ്ങളും വായിച്ചു വളരെ ഉത്തരവാദിത്തപൂർണമായ രീതിയിലാണ് അറിവുകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നത്. എന്നാൽ ഈ അറിവുകൾക്കുപരി, വിശ്വാസം പ്രായോഗികമായി ജീവിച്ചതിൽ നിന്ന് ഉണ്ടായ അത്മീയ ബോധ്യങ്ങളാണ് അവരെ നയിക്കുന്നത് എന്നത് വലിയ സന്തോഷം നൽകുന്നു. അതായത്, പാഠപുസ്തകത്തിൽ നിന്ന് പഠിക്കുകയും, വൈദിക പഠനശാലയിലെ ക്ലാസ് മുറികളിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്ത തരം ആത്മീയ ബോധം അല്ല ചർച്ചകളിൽ ഇന്ന് ശ്രദ്ധേയമായ അറിവുകൾ പങ്കുവെക്കുന്ന ധീരരായ അല്മായർ സഭക്ക് പ്രദാനം ചെയ്യുന്നത്.

കത്തോലിക്കാ രൂപതകൾ അല്മായർക്കും സന്യസ്തർക്കുമായി നടത്തുന്ന ദൈവശാസ്ത്ര പഠന പദ്ധതികൾ എണ്ണമിട്ടു നമുക്കുണ്ട്. അവിടെ പഠിച്ചവരും, അവരുടെ ബോധ്യങ്ങളും ഏട്ടിലെ പശു ആയി നിൽക്കുന്ന കാഴ്ച ചില ചോദ്യങ്ങൾ നമ്മിൽ അങ്കുരിപ്പിക്കുന്നു. അതേ സമയം, വിശ്വാസ ജീവിതവും പരിശീലനവും വഴി ആഴത്തിലുള്ള ബോധ്യങ്ങൾ നേടിയ അല്മായർ പൊതു സമൂഹത്തിന്റെ മുന്നിൽ അവരുടെ വിശ്വാസ ബോധ്യങ്ങൾ പങ്കു വെക്കുമ്പോൾ അവരെ സഭാ വിരോധികൾ എന്ന് മുദ്രകുത്തുന്ന ചില അജപാലകരും, അൽമായരും എന്ത് സേവനമാണ് സഭക്കും സമൂഹത്തിനും ചെയ്യുന്നത്?

അതെ സമയം, സഭയെ സംരക്ഷിക്കുന്നവർ എന്ന് കരുതുന്ന ചിലർ ദൈവവചനത്തിന്റെ അസ്ഥാനത്തുള്ള പ്രയോഗങ്ങളും, കഴമ്പില്ലാത്ത വാദഗതികളുമായി അരങ്ങു തകർക്കുന്നുണ്ട്. ഗൗരവതരമായ യാതൊരു ദൈവശാസ്ത്ര ചിന്തയോ, ഉത്കൃഷ്ടമായ ആത്മീയ ബോധ്യങ്ങളോ അവരുടെ ചർച്ചകളിൽ കാണുന്നില്ല. സ്വയം പ്രഖ്യാപിത സഭാസംരക്ഷകരായ ചിലരുടെ സോഷ്യൽ മീഡിയ ചുമരുകളിൽ വിടരുന്ന ഭാഷ ചന്തയിലെ ഗുണ്ടകൾ പോലും ഉപയോഗിച്ച് കണ്ടിട്ടില്ല. അവർ താങ്ങിക്കൊണ്ടിരിക്കുന്നതു ക്രിസ്തുവിന്റെ മൗതിക ശരീരവും മണവാട്ടിയുമായ സഭയെ അല്ല, മറിച്ചു സഭയുടെ ഘടനകളെ ആണ്. ഘടന സഭയെ താങ്ങി നിറുത്തുന്നതിനു പകരം, ഇപ്പോഴത്തെ അവസ്ഥ സഭ ഘടനയെ താങ്ങുക എന്ന് വന്നിരിക്കുന്നു. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർക്കാം: നീ ശാഖകളെ ക്കാൾ വലിയവനാണ് എന്ന് അഭിമാനിക്കരുത്, അഭിമാനിക്കുന്നെങ്കിൽ, നീ വേരിനെ താങ്ങുക അല്ല, വേര് നിന്നെ താങ്ങുന്ന എന്ന് ഓർത്തു കൊള്ളുക (റോമാ. 11:18).

പൊതു സമൂഹത്തിൽ നമ്മുടെ വിശ്വാസികൾ അവരുടെ ഉറച്ച ധാർമ്മിക ബോധ്യങ്ങൾ പങ്കുവെക്കുകയും, കള്ളനാണയങ്ങളെ തിരിച്ചറിയുകയും അവരെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ പ്രയുക്ത ദൈവശാസ്ത്രത്തിന്റെ (applied theology) ഉദയം നാം കാണുന്നു. ഒരു പ്രതിഷേധം തെരുവിലേക്കിറക്കിയത് വാസ്തവത്തിൽ ഏതാനും സന്യാസിനികളെയും, വൈദികരെയും അല്മായരെയും മാത്രമല്ല. അനേക ലക്ഷം വിശ്വാസികളുടെ ജീവിത ബോധ്യങ്ങളാണ്. അവർ അത് സധൈര്യം പ്രഘോഷിക്കുമ്പോൾ വിശ്വാസ നവീകരണത്തിന്റെ വസന്തം പൊട്ടിവിടരുന്നു. ആയിരങ്ങൾ തടിച്ചു കൂടുന്ന ധ്യാനപ്പുരകളിലും, പതിനായിരങ്ങളെ കൂട്ടുന്ന വചനസമ്മേളനങ്ങളിലും അല്ല യഥാർത്ഥ നവീകരണം നടക്കുന്നത് എന്ന് ഇപ്പോഴത്തെ പ്രതിസന്ധി തെളിയിച്ചു കഴിഞ്ഞു . ദൈവശാസ്ത്ര പഠനം നടത്തിയിട്ടില്ലെങ്കിലും, സാമാന്യബോധവും, ആത്മീയ നിഷ്ഠയും, ധാർമിക ബോധവും വേണ്ടതിലധികം ഉള്ളവർ നയിക്കുന്ന വിശ്വാസ-ധാർമ്മിക ചർച്ചകൾ വരും ദിനങ്ങളിൽ സഭയുടെ നവീകരണത്തിന് തുടക്കമിടും.