പതിനഞ്ചാം വയസ്സിൽ സന്യാസിനിയാകാൻ വീടുവിട്ടിറങ്ങിയതാണ് എന്റെ പെങ്ങൾ. കഴിഞ്ഞ 22 വർഷമായി നോർത്തിന്ത്യയിൽ മിഷനറിയായി അവൾ സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്നു. അവൾ തെരഞ്ഞെടുത്ത ശ്രേഷ്ഠമായ വിളിയെ കുറിച്ച് ഞങ്ങൾക്കെന്നും – ഇപ്പോഴും – അഭിമാനമേയുള്ളൂ. നാളിതുവരെ മഠത്തിനുള്ളിലെ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്ക തോന്നിയിട്ടില്ല. അന്യമതങ്ങളിലെ തീവ്രസംഘടനകളാൽ ആക്രമിക്കപ്പെടുമോ എന്നു പേടിക്കേണ്ട ഇടങ്ങളിലാണവൾ സേവനം ചെയ്യുന്നത്. എങ്കിലും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഭാരതസഭ മുഴുവൻ അവളുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്. ജാബുവയിലും കാണ്ടമാലിലും ഞാനത് കണ്ടതാണ്. അവിടെ പീഡിപ്പിക്കപ്പെട്ട സന്യാസിനികളിൽ എന്റെ പെങ്ങളുടെ മുഖം കണ്ടു, പ്രതിഷേധ സമരത്തിൽ ഞാനും പങ്കു ചേർന്നതാണ്.

ഇന്ത്യയിലെ 270 ലേറെ വരുന്ന കത്തോലിക്കാ ബിഷപ്പുമാരിൽ ഒരാൾ മാത്രമായ ജലന്തർ ബിഷപ്പോ ഒരു ലക്ഷത്തോളം വരുന്ന സന്യാസിനിമാരിൽ ഒരാൾ മാത്രമായ കുറവിലങ്ങാട് കന്യാസ്ത്രീയോ തെറ്റ് ചെയ്തതിന്റെ പേരിൽ സഭയെയും സന്യാസത്തെയും വിമർശിക്കാൻ മാത്രം ഞാൻ മണ്ടനല്ല. പക്ഷേ, കേരളത്തിലെ മുഴുവൻ കത്തോലിക്കാ മെത്രാന്മാരുടെയും കൂട്ടായ്മയായ കെസിബിസിയും ഭാരത മെത്രാന്മാരുടെ സംഘടനയായ സിബിസിഐയും പുറപ്പെടുവിച്ച പ്രതികരണങ്ങൾ കാണുമ്പോൾ… കേരളത്തിലെ പ്രമുഖ സന്യാസിനീ സഭകളിലെ പ്രതിനിധികൾ എഴുതിയ കുറിപ്പുകൾ വായിക്കുമ്പോൾ… എന്റെ മനസ്സിൽ ഒരു പിടി ആകുലതകൾ ഉയരുന്നുണ്ട്; പ്രത്യേകിച്ച് കുറവിലങ്ങാട്ട് കന്യാസ്ത്രീയുടെ സ്ഥാനത്ത് എന്റെ പെങ്ങളെ സങ്കല്പിക്കുമ്പോൾ…. അവർ പറയുന്നത് ശരിയാവാനുള്ള വിദൂരസാധ്യതയെങ്കിലും ഉണ്ടല്ലോയെന്ന് ഓർക്കുമ്പോൾ.

അഭിവന്ദ്യ പിതാക്കന്മാരോട്

മെത്രാൻ സമിതികൾ പറയുന്നു: ‘ആരാണ് ഇരയെന്ന് ഞങ്ങൾക്കറിയില്ല. നിയമസംവിധാനം അത് കണ്ടെത്തിക്കഴിയുമ്പോൾ അപരാധിക്കു ശിക്ഷയും ഇരയ്ക്കു സംരക്ഷണവും ഞങ്ങൾ നൽകും.’ ഈ വാക്ക് പാലിക്കപ്പെടുമെന്ന് ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. എങ്കിലും എന്റെ മനസ്സിൽ ചില ചോദ്യങ്ങളുണ്ട്: കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ അപരാധിയെന്ന് ഉറപ്പിക്കാൻ കഴിയാത്ത ഈ സന്യാസിനിയുടെ കൂടെ നിൽക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്? സന്യാസിനി പിഴച്ചതാണെങ്കിലും പീഡിപ്പിക്കപ്പെട്ടതാണെങ്കിലും അത് തെളിയിക്കപ്പെടുന്നതുവരെ അവളുടെ കൂടെ ആയിരിക്കേണ്ടത്, ഒരിക്കൽ ഉപേക്ഷിച്ചുപോന്ന വീട്ടുകാർ മാത്രമാകുന്നതെങ്ങനെ? അപരാധിയെന്ന് ഉറപ്പിക്കാൻ കഴിയാത്ത സന്യാസിനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സഭാസംവിധാനങ്ങളൊന്നും കൂടെയില്ലാതിരിക്കേ, നിരപരാധിയെന്ന് ഉറപ്പിക്കാൻ കഴിയാത്ത മെത്രാന് തന്റെ നിരപരാധിത്വം തെളിയിക്കാൻ സഭയിലെ അധികാരവും സമ്പത്തും സംവിധാനങ്ങളും നിർലോഭം വിനിയോഗിക്കാൻ കഴിയുന്നതിന്റെ ന്യായമെന്താണ്?

പോലീസ് അന്വേഷണത്തിന്റെ റിസൽട്ട് അനുസരിച്ചേ സഭ പോലും ഇനി സന്യാസിനിയുടെ കൂടെയുണ്ടാകൂ. ആ അന്വേഷണം നീതിയുക്തമല്ല എന്ന തോന്നലുണ്ടായാൽ ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ അവർക്ക് പ്രതിഷേധിച്ചുകൂടെ? സഭയുടെ അവകാശങ്ങൾക്കുവേണ്ടി സർക്കാരിനെതിരെ കുപ്പായമിട്ട് സമരത്തിന് ഇറങ്ങിയിട്ടുള്ള സന്യാസിനികൾക്ക്, സ്വന്തം അവകാശത്തിനുവേണ്ടി കുപ്പായമിട്ട് സമരത്തിന് ഇറങ്ങാൻ അവകാശമില്ലേ? സന്യാസിനി കുറ്റവാളിയെന്ന് പറയുന്ന മെത്രാന്റെ കൂടെ നിൽക്കുന്നവർ സഭാസ്നേഹികളും, മെത്രാൻ കുറ്റവാളി എന്നു പറയുന്ന സന്യാസിനിയുടെ കൂടെ നിൽക്കുന്നവർ സഭാവിരോധികളും ആകുന്നതെങ്ങനെ? സർക്കാരിനെതിരെയുള്ള സമരത്തിൽ ഒറ്റയ്ക്കായിപ്പോയ സന്യാസിനിമാരെ സഭാവിരുദ്ധശക്തികൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ, അതിനിടയാക്കാതെ കൂടെ നില്ക്കുന്ന സഭാവിശ്വാസികൾ, മാവോയിസ്റ്റുകൾ ആകുന്നതെങ്ങനെ?
കുറ്റവാളികൾ എന്ന് നിശ്ചയിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കു കാരുണ്യമേകാൻ ‘ജയിൽ മിനിസ്ട്രി’യുള്ള സഭയിൽ, അപരാധിയെന്ന് വിധിക്കപ്പെട്ടിട്ടില്ലാത്ത സന്യാസിനിയോട് കരുണ കാണിക്കുന്നവർ ‘വിമതർ’ ആകുന്നതെങ്ങനെ? മക്കളെ വിശ്വാസത്തിൽ വളർത്തി സന്യാസിനികളാകാൻ പറഞ്ഞയച്ച് ഉത്തമക്രിസ്ത്യാനികളെന്ന് പേരെടുത്ത കുടുംബം, ആ മക്കളോടൊപ്പം നീതിക്കുവേണ്ടി സമരം ചെയ്യുന്നതിന്റെ പേരിൽ സഭാശത്രുക്കളായി മാറുന്നതെങ്ങനെ?

സഭാംഗങ്ങൾക്ക് പരസ്പരം പരാതിയുണ്ടെങ്കിൽ സഭയെ സമീപിക്കണം എന്നാണ് ബൈബിളിൽ ഞാൻ വായിച്ചിരിക്കുന്നത്. ഒരു സന്യാസസഭയിലെ ഏറ്റവും ഉയർന്ന അധികാരിക്കെതിരെ താഴെയുള്ളവർക്ക് പരാതിയുണ്ടായാൽ, നീതി ഉറപ്പുവരുത്താൻ സഭയിൽ ഒരു സംവിധാനമുണ്ടോ? ഉണ്ടെങ്കിൽ, അതെന്തേ ഈ സന്യാസിനിയുടെ കാര്യത്തിൽ ഇടപെട്ടില്ല? ഒരു മെത്രാന്റെ കീഴിൽവരുന്ന സന്യാസിനീസഭയുടെ അധികാരികൾ, അതേ മെത്രാനെതിരെയുള്ള പരാതി അന്വേഷിച്ച് തീർപ്പു കൽപിക്കുന്നതിന്റെ സാംഗത്യമെന്താണ്? ഒരു സന്യാസിനീസമൂഹത്തിന് അതിനുള്ളിൽതന്നെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുണ്ടായപ്പോൾ, അതിൽ ഇടപെടാൻ CRI പോലുള്ള സംവിധാനങ്ങൾക്ക് പോലും കഴിയാഞ്ഞതെന്താണ്?

ഒന്നര വർഷമായി സഭയിലെ വിവിധ മെത്രാന്മാരെയും സംവിധാനങ്ങളെയും പരാതിയുമായി ഈ സന്ന്യാസിനി സമീപിച്ചിരുന്നു എന്നത് പോലീസ് ശരിവയ്ക്കുന്നുണ്ട്. ലൈംഗിക പീഡനം എന്നു പറഞ്ഞില്ല എന്ന അഭിവന്ദ്യ മെത്രാന്മാരുടെ മൊഴി വിശ്വസിക്കാൻ തയ്യാറാണ്. അപ്പോഴും ആ രൂപതക്കുള്ളിൽ പരിഹരിക്കാനാവാത്ത ഗൗരവമുള്ള പ്രശ്നമുണ്ടെന്നു മനസ്സിലാക്കി ഇടപെടാൻ തോന്നാഞ്ഞതെന്താണ്? കുറഞ്ഞ പക്ഷം, നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഒരു സന്യാസ സഭയിൽ നിന്ന് 20 പേർ സമീപകാലത്ത് വിട്ടുപോയി എന്നത് ഗൗരവമുള്ളതല്ലായിരുന്നോ? സ്വന്തം അധികാരപരിധിയിൽ പെടുന്നതല്ല എന്ന പിതാക്കന്മാരുടെ ന്യായവും അംഗീകരിക്കാം. അപ്പോഴും ക്രീസ്തീയ സാഹോദര്യവും അനുകമ്പയും പോലും, ബന്ധപ്പെട്ടവരോട് സംസാരിക്കാൻ പ്രചോദനമാകാഞ്ഞതെന്ത്? ഔദ്യോഗിക അധികാരത്തിന്റെ പേരിലല്ലാലോ വൈദികരോ സന്യാസിനികളോ കുടുംബ വഴക്കുകളിൽ മധ്യസ്ഥരാകുന്നത്? ലൈംഗിക പീഡനമെന്ന് വ്യക്തമായി രേഖപ്പെടുത്തി സഭയ്ക്കുള്ളിൽ സന്യാസിനി പരാതിപ്പെട്ടിട്ടും ഇപ്പോൾ ആറു മാസത്തിലേറെയായി. അന്വേഷണം നടത്തുമെന്ന ഉറപ്പു പോലും ഇതുവരെ അവർക്കു കിട്ടാഞ്ഞതെന്താണ്? സത്യമറിയാൻ ആവശ്യമായ ഒരു നടപടിയും കൈകൊള്ളാതെ, ‘സത്യമെന്തെന്നറിയാതെ എങ്ങനെ നിലപാടെടുക്കും’ എന്ന കൈ കഴുകൽ ക്രിസ്തീയമാണോ? ഞങ്ങൾക്കാരും പരാതി തന്നില്ല എന്നു പറഞ്ഞൊഴിയാൻ, സഭാസമിതികൾക്ക് രാഷ്ട്രീയച്ചായ്‌വുള്ള വനിതാ കമ്മീഷൻ നിലവാരമേയുള്ളോ? സന്യാസിനികൾക്കെതിരെയും കുടുംബത്തിനെതിരെയും പോലീസിൽ പരാതിപ്പെട്ട മെത്രാൻ ശരിയും, അതന്വേഷിച്ചു പോലീസെത്തിയപ്പോൾ സഭയ്ക്കുള്ളിലെ കാത്തിരിപ്പവസാനിപ്പിച്ച് കേസു കൊടുത്ത സന്യാസിനി തെറ്റുമാകുന്നതെങ്ങനെ? പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും വ്യക്തിപരമായ ബുദ്ധിമുട്ടൊഴിവാക്കാൻ സമയോജിതമായി ഇടപെടാൻ മടിച്ച നേതൃത്വമല്ലേ സഭയെ കൂടുതൽ നാണക്കേടിലാക്കിയത്?

പ്രിയമുള്ള സഹോദരിമാരോട്

കുറവിലങ്ങാട്ടെ സന്യാസിനി അംഗമായ മിഷണറീസ് ഓഫ് ജീസസിന്റെ നിരവധി പ്രസ്താവനകൾ കണ്ടു. നിങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാകുന്നതുകൊണ്ട് ഒന്നും പറയാനില്ല. എങ്കിലും, ഒരു സഹസന്യാസിനിയെ കുറിച്ചുള്ള പ്രസ്താവനകൾക്ക്, അവൾ തെറ്റുകാരിയാണെന്ന് നിങ്ങൾക്കുറപ്പുണ്ടെങ്കിൽ പോലും, കുറേക്കൂടി നിലവാരമുണ്ടായിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചു പോകുന്നു. പി.സി. ജോർജിന്റെയും കെന്നഡി കരിമ്പിൻകാലയുടെയും മറ്റും നിലവാരത്തിൽ പ്രതികരിക്കേണ്ടയാളല്ലല്ലോ ഒരു സന്യാസിനീസഭയുടെ വക്താവ്.

ഈ വിഷയത്തിൽ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചു പോകരുത് എന്ന ജനറാളമ്മയുടെ നിർദ്ദേശം പോലും അവഗണിച്ച്, ബെന്യാമിന്റെ അതിതീവ്രനിലപാടിനെ വിമർശിച്ച സി എം സി സിസ്റ്ററിന് അഭിനന്ദനം. കിട്ടിയ അവസരം ഉപയോഗിച്ച് സന്യാസത്തെ അവമതിക്കാൻ ശ്രമിച്ചവർക്ക് ചുട്ട മറുപടിയുമായി എത്തിയ മറ്റ് സന്യാസിനികളോടും ബഹുമാനം. നിങ്ങളുടെ കാഴ്ചപ്പാടുകളെ ഞാനും ശരിവെക്കുന്നു; ഒരു കാര്യത്തിലൊഴികെ. വിശുദ്ധിയും ധാർമികസമഗ്രതയുമുള്ള ഒരു സ്ത്രീക്കും, പ്രത്യേകിച്ച് ഒരു സന്യാസിനിക്കും, ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല എന്ന നിങ്ങളുടെ കണ്ടെത്തൽ എന്നെ അത്ഭുതപ്പെടുത്തുന്നു. കുറവിലങ്ങാട്ട് സന്യാസിനി പിഴയാണെന്ന് പിസി ജോർജിനെ പോലെ നിങ്ങളും ഉറപ്പിച്ചത് എങ്ങനെയാണ്? ബലാൽസംഗം ചെയ്യപ്പെട്ടതാണെങ്കിലും അതിനുത്തരവാദി ആ സന്യാസിനിയാണെന്നാണോ? നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടും അവരതു പുറത്തു പറയാഞ്ഞതിന്റെ ഉത്തരമാകുന്നുണ്ട് നിങ്ങളുടെ ഈ കണ്ടെത്തൽ. ഡൽഹിയിലെ നിർഭയ ഉൾപ്പെടെ സ്ത്രീപീഡനങ്ങളുടെ പരമ്പരയുള്ള ഈ കാലത്തും, ഇത്രയും സ്ത്രീവിരുദ്ധമായി ചിന്തിക്കാൻ നിങ്ങൾക്കാവുന്നതെങ്ങനെ? കുടുംബത്തിലുള്ളവരിൽ നിന്നുണ്ടാകുന്ന ലൈംഗികപീഡനങ്ങളാണ് പുറത്ത് വരാൻ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന്, നാടിന്റെ സ്പന്ദനമറിയുന്ന നിങ്ങൾ മറക്കുന്നതെന്തേ? ബലാൽസംഗം ഇരയുടെയല്ല, വേട്ടക്കാരന്റെ ധാർമികതയാണ് വെളിവാക്കുന്നതെന്ന സാമാന്യബോധം ഇല്ലാതെ പോകുന്നതെന്തേ? വീട്ടിലും വിദ്യാലയത്തിലും ബസ്സിലും റോഡരികിൽ പോലും, ഉള്ളിൽ മൃഗീയതയുള്ള പുരുഷന്റെ ശാരീരികബലത്തിൽ ഏതു സ്ത്രീയും ഇരയാക്കപ്പെടാമെന്ന സത്യം മന:പൂർവ്വം മറക്കുന്നതെന്തേ? സന്യാസിനികളുടെ സുരക്ഷിതത്വം അവരുടെ ജീവിതവിശുദ്ധിയിൽ മാത്രമല്ല, അവരോടിടപെടുന്നവർ അതിരുകൾ ലംഘിക്കില്ല എന്ന് ഉറപ്പുവരുന്നിടത്തു കൂടിയല്ലേ? ഒരു സഭാധികാരി ആ അതിര് ലംഘിച്ചിട്ടുണ്ടെങ്കിൽ അതാവർത്തിക്കപ്പെടില്ലായെന്ന് ഉറപ്പു വരുത്തേണ്ടത് സന്യാസിനിമാരുടെയെല്ലാം ആവശ്യമല്ലേ?

നാട്ടുകാരുടെ പ്രശ്നങ്ങളെല്ലാം നെഞ്ചിലേറ്റി പരിഹാരം തേടുന്ന നിങ്ങൾക്കെന്തേ ഈ സന്ന്യാസിനിമാരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലാൻ തോന്നാഞ്ഞത്? സമരപ്പന്തലിലേക്ക് വേണ്ട, ആ മഠത്തിലേക്കങ്കിലും കടന്നുചെല്ലാൻ, സ്വാധീനിക്കാനല്ല, സമാശ്വസിപ്പിക്കാൻ നിങ്ങൾക്കാർക്കും കഴിയാത്തതെന്തേ? കൂട്ടത്തിലൊരുവന്റെ കൂടെ നിൽക്കാൻ മെത്രാന്മാർ കാണിച്ച മനസ്സിന്റെ ഒരു ചെറിയ ശതമാനമെങ്കിലും, അപരാധം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ സഹോദരിമാരോട് നിങ്ങൾക്കില്ലാത്തതെന്ത്? പൊന്തിഫിക്കൽ കോൺഗ്രിഗേഷന്റെ സ്വാതന്ത്ര്യങ്ങളും വലിയ സ്ഥാപനങ്ങളുടെയും മഠങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ സുരക്ഷയും ലഭ്യമല്ലാത്ത അനേകം പാവം സന്യാസിനികൾ ഭാരതമണ്ണിൽ ഉണ്ട് എന്ന് വല്ലപ്പോഴെങ്കിലും ഒന്നോർക്കണേ?

എന്റെ നിലപാട്

നീതി നടപ്പിലാകണം എന്നതാണ് എന്റെയും ആവശ്യം. സത്യമായിട്ടും ഈ പ്രശ്നത്തിൽ ആരാണ് തെറ്റ് ചെയ്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. മെത്രാനെയോ സന്യാസിനിയെയോ കുറ്റവാളിയെന്ന് ഞാനിപ്പോൾ വിധിക്കുന്നുമില്ല. എങ്കിലും, നിലവിൽ ഞാൻ ഈ സന്യാസിനിയുടെ കൂടെയാണ്. എല്ലാം കലങ്ങി തെളിയുമ്പോൾ ബിഷപ്പ് നിരപരാധിയാണെങ്കിലോ എന്ന ചോദ്യം എന്റെയും മനസ്സിലുണ്ട്. എങ്കിലും, സമ്പത്തും സ്വാധീനവും ഇല്ലാത്ത സന്യാസിനിക്ക്, നീതി അവരുടെ പക്ഷത്താണെങ്കിൽ അത് അനുവദിച്ചു കിട്ടാൻ, ഞാൻ കൂടെ ഉണ്ടായേ തീരൂ. മാത്രമല്ല, ഒടുവിൽ അവരാണ് നിരപരാധിയെന്ന് തെളിയിക്കപ്പെട്ടാലോ… ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടും നീതിക്കു വേണ്ടി അലഞ്ഞും വർഷങ്ങളോളം കരഞ്ഞ അവരെ ഒറ്റയ്ക്കാക്കിയതിന് ഞാനന്നെങ്ങനെയാണ് പരിഹാരം ചെയ്യുക. പാപിനി പാപിയാണെന്നറിഞ്ഞിട്ടും ഒറ്റയ്ക്കായിപ്പോയ അവളുടെ പക്ഷം പിടിച്ച ക്രിസ്തുവും എന്നോട് പറയുന്നത് ഇതാണ് ശരിയെന്നാണ്.

പോലീസ് എല്ലാം തെളിയിക്കുന്നതുവരെ കൈയും കെട്ടി മാറിനിൽക്കാൻ എനിക്കാവില്ല. കാരണം, ഈ സന്യാസിനി എനിക്കെന്റെ പെങ്ങളാണല്ലോ. 22 വർഷത്തെ വിശുദ്ധ സന്യാസജീവിതത്തിന്റെ പാരമ്പര്യവും അടക്കവുമുണ്ടെങ്കിലും, ആട്ടിൻതോലിട്ട ഒരു ചെന്നായയുടെ ആക്രമണം എന്റെ പെങ്ങൾക്ക് നേരെയും ഒരിക്കൽ ഉണ്ടായേക്കാം. അപ്പനെപ്പോലെ കരുതിയ ഒരാളുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറിയും അവന്റെ കായബലത്തിൽ ഞെരിഞ്ഞും അവൾക്ക് മരിയ ഗൊരേത്തിയാവാൻ കഴിയാതെ പോയേക്കാം. മാനസികമായും ശാരീരികമായും ജീവച്ഛവമായി പോകുന്ന അവൾക്ക്, മറ്റാരോടെങ്കിലും ഇതൊന്നു പറയാൻ ചിലപ്പോൾ കാലങ്ങൾ വേണ്ടിവന്നേക്കാം. അതിനിടെ, അവളുടെ തളർച്ചയ്ക്കും നിശബ്ദതയ്ക്കുംമേൽ അവൻ തന്റെ അധികാരം വീണ്ടും വീണ്ടും വിനിയോഗിച്ചേക്കാം. പിന്നൊരിക്കൽ ആത്മീയമായും മാനസികമായും ശക്തിനേടി അരുതെന്ന് ഉറക്കെ അവൾ പറയുമ്പോൾ, സ്വാധീനമുപയോഗിച്ച് അവനവളെ കുറ്റവാളിയാക്കിയേക്കാം. നീതിക്കുവേണ്ടി ദാഹിച്ച്, മറ്റൊരു സന്യാസിനിക്കും ഇങ്ങനെ വരരുത് എന്ന് കൊതിച്ച്, ഒരു പാതയോരത്ത് അവളും സമരം ചെയ്യേണ്ടി വന്നേക്കാം. അന്ന്, ‘പിഴച്ചതാണെങ്കിലും പീഡിപ്പിക്കപ്പെട്ടതാണെങ്കിലും കൂടെ ഞാനുണ്ട്’ എന്നുപറഞ്ഞ് ചേർത്തുപിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂയെന്നുവരാം. അന്ന് അവളോടൊപ്പം നിൽക്കുമ്പോൾ ഇന്നത്തെ നിശബ്ദതയെകുറിച്ചോർത്തു ചങ്ക് പറയാതിരിക്കാൻ…..,
അന്ന് കൂടെ നിന്നിരുന്നെങ്കിൽ ഇന്നെന്റെ കുഞ്ഞുപെങ്ങൾക്ക് ഈ അവസ്ഥ വരില്ലായിരുന്നല്ലോയെന്ന് പശ്ചാത്തപിക്കാതിരിക്കാൻ…. ഞാനിന്നീ സന്യാസിനിയുടെ കൂടെ നിൽക്കും.

എന്ന്
ആങ്ങള ഞങ്ങളെ നാണംകെടുത്തിയല്ലോ എന്ന പഴി എന്റെ പെങ്ങൾ കേൾക്കരുതെന്ന നിർബന്ധം കൊണ്ട് മാത്രം പേര് വെളിപ്പെടുത്താത്ത,
കന്യാസ്ത്രീപെങ്ങളുള്ള ഒരു പൊന്നാങ്ങള.