രാവിലെ ഉണർന്നപ്പോഴേ ശ്രദ്ധിച്ചത് കട്ടിലിനരികിൽ ഒരു പല്ലി നടക്കുന്നതാണ്. എനിക്ക് പല്ലിയെ ചെറുപ്പത്തിലേ തന്നെ ഭയമാണ്. എന്റെ ശത്രുക്കളും വിമർശകരും എനിക്ക് പല്ലിഫോബിയ ആണ് എന്ന് കുറ്റപ്പെടുത്താറുണ്ട്. ഞാൻ അതൊന്നും കാര്യമാക്കാറില്ല. അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനല്ലേ? അതിൽ അവർക്കെന്തു കാര്യം?

ഞാൻ അടുത്ത് കണ്ട ചൂലെടുത്തു പല്ലിയെ തുരത്താൻ ശ്രമിച്ചു. അത് രക്ഷപെട്ടത് എന്റെ ശുചിമുറിയിലേക്കാണ്. ഞാൻ അവിടെ പോയി നോക്കി. ശുചി മുറി ശുചിയാകുന്നതിൽ ഞാൻ പണ്ടേ അലസനാണ്. ഞാൻ മാത്രം ഉപയോഗിക്കുന്ന മുറി. അത് എനിക്കിഷ്ടമുള്ള പോലെ ഉപയോഗിക്കും. അത് മറ്റാരും കാണുന്നില്ലല്ലോ. പിന്നെന്തിനു അത് ശുചിയാക്കണം? എങ്കിലും ആ പല്ലിയെ അങ്ങനെ വിട്ടു കൂടാ. ഞാൻ ശുചിമുറിയിലേക്കു പാഞ്ഞു.

ഞാൻ അകത്തു കയറിയതും, പല്ലി പുറത്തേക്കു. ഞാൻ വാശി വിട്ടില്ല. അല്ലേലും എന്റെ സ്വഭാവം അങ്ങനെയാണ്. ഒന്ന് തീരുമാനിച്ചാൽ ഞാൻ അത് നേടിയിരിക്കും. എന്റെ ഇഷ്ടം, അത് ഞാൻ തീരുമാനിക്കും. എന്റെ സ്വപ്നം, അത് ഞാൻ ഏതു വിധേനയും സാക്ഷാത്കരിക്കും. അതിനിടയിൽ അമ്മയോ പെങ്ങളോ ഒക്കെ അവരുടെ പരാധീനതകളും പരിഭവങ്ങളും പറഞ്ഞു വരും. ഞാനതൊന്നും കാര്യമാക്കാറില്ല. ഞാനെന്തിന് കാര്യമാക്കണം?

ഇത്തവണ അതോടിയതു സ്വീകരണ മുറിയിലേക്ക്. ഞാൻ വിടുമോ, പുറകെ വിട്ടു. കൊന്നിട്ട് തന്നെ കാര്യം. കൊന്നാൽ പിന്നെ സമാധാനമായി. ശല്യമുണ്ടാവില്ല. ഇരിപ്പിടങ്ങളുടെ ഇടയിലൂടെ പല്ലി ഓടി ഓടി എന്നെ ഇളിഭ്യനാക്കി കൊണ്ടിരുന്നു. അതിനു ഓടാം, ചാടാം. അങ്ങനെയാണല്ലോ അതിന്റെ സൃഷ്ടി. എനിക്ക് വളയണം, കുനിയണം. അത് എനിക്ക് ഇണങ്ങുന്ന പണിയല്ല. ഞാൻ ആരുടേയും മുന്നിൽ കുനിയാറില്ല. ഞാനെന്തിന് കുനിയണം? ഇതൊക്കെ ഞാൻ നേടിയതാണ്. അതിൽ അഭിമാനിക്കുന്നത് അത്ര മോശമാണോ?

പല്ലിയൊരൊറ്റ ചാട്ടം, ജനാലവരിപ്പിലേക്കു. പിന്നെ അതിന്റെ ഓരത്തു കൂടെ മുകളിലേക്ക്. അപ്പൊ, ഭയം ഉണ്ട്! അല്ലേലും ചെറിയ ഭയം എല്ലാർക്കും എനോടുള്ളത് നല്ലതാണ്. ഞാൻ വീഴണം എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. എനിക്കങ്ങനെ വീണു കൊടുക്കാൻ പറ്റുമോ?

പല്ലി പോയത് ഞാൻ കുരിശു വരക്കുന്ന തിരുഹൃദയ രൂപത്തിന്റെ അടുത്തേക്കാണ്. ഏതു നിമിഷവും അത് രൂപത്തിന്റെ പിറകിലേക്ക് രക്ഷപെടാം. ഞാൻ എനിക്ക് പറ്റുന്ന രീതിയിൽ കൈയെത്താൻ ശ്രമിച്ചു. പക്ഷെ പല്ലി യാതൊരു അനക്കവും ഇല്ലാതെ അവിടെ ഇരിക്കുകയാണ്. ഉയരം അതിനു സുരക്ഷിതത്വ ബോധം കൊടുത്തു എന്ന് ഞാൻ ദാർശനികമായ ചിന്തിച്ചു. പക്ഷേ എന്റെ പ്രായോഗിക അഹംബോധം പിന്തിരിയാൻ സമ്മതിച്ചില്ല. പക്ഷെ തിരുഹൃദയത്തിനടുത്തു ഞാൻ വിദേശത്തു നിന്ന് വാങ്ങിച്ച ഒരു പൂപ്പാത്രം ഇരിപ്പുണ്ട്. ദൈവത്തിനു സമ്മാനമായി കൊടുത്തതാണ്. വളരെ വിലപിടിച്ച ആ പാത്രത്തിനു സ്വർണ്ണത്തിന്റെ ചിത്രപ്പണികൾ ഉണ്ട്. എന്റെ ശ്രമത്തിൽ പൂപ്പാത്രം തകരാൻ പാടില്ല.

കുരുവിയും ചങ്ങാലിയും പാർക്കുവാൻ ബലിപീഠത്തിനരുകിൽ എത്തുന്നു എന്ന സങ്കീർത്തനവാക്യം ഒന്നും എന്റെ മനസ്സിൽ അന്നേരം വന്നില്ല. അല്ലേലും ഞാൻ അതൊക്കെ എന്തിനോർക്കണം? അച്ചന്മാർക്കു പ്രസംഗം പറയാനൊക്കെയുള്ള കാല്പനിക വിഷയങ്ങളല്ലേ അതൊക്കെ. അല്ലെങ്കിൽ തന്നെ അവരു പോലും പ്രസംഗ ശേഷം ഇതൊക്കെ ഓർക്കുന്നുണ്ടാവുമോ? ഒരു പ്രസംഗത്തിന്റെ കയ്യടിയുടെ വിലയെ ആ ആശയങ്ങൾക്കുള്ളൂ.

പൂപ്പാത്രത്തിന്റെയും തിരുഹൃദയത്തിന്റെയും ഇടയിലാണ് പല്ലി നിലയുറപ്പിച്ചിരുന്നതു. ഉന്നം പിടിച്ചു ഞാൻ ചൂൽ ഉയർത്തി. പല്ലി നിശ്ചലം. ഏറ്റവും നല്ല മുഹൂർത്തം. ഞാൻ ചൂൽ വീശി. കൊണ്ടു കൃത്യമായി. സ്ഫടികം ഉടയുന്ന സ്വരത്തോടെ തിരു ഹൃദയം പൊട്ടി താഴെ വീണു. പല്ലി അതിന്റെ വഴിക്കു പോയി.