മനുഷ്യന്റെ സ്വതസിദ്ധമായ പ്രവണതകളിലൊന്നാണ് ഏത് സാഹചര്യത്തിലും സ്വയം ന്യായീകരിക്കുവാനുള്ള മാർഗങ്ങൾ തേടുക എന്നത്. വാസ്തവത്തിൽ അതവന്റെ ജൈവികമായ നിലനിൽപ്പിന്റെ ഭാഗം തന്നെയാണ്. നാം കാണുന്ന ബൗദ്ധിക നിലപാടുകൾക്കെല്ലാമപ്പുറം അടിസ്ഥാനപരമായി ഒരു മനുഷ്യജീവി എന്ന നിലയിൽ അവന്റെ മാനസികവും ഭൗതികവുമായ സുരക്ഷിതത്വം അവന്റെ തന്നെ ഉത്തരവാദിത്തമാണ്.

ഏതോ ഒരു ഘട്ടത്തിൽ, നമ്മിൽ പലരുടെയും സാമൂഹികവും, മതാത്മാകവും, താത്വികവുമായ നിലപാടുകളെല്ലാം വൈകാരിക തലത്തിലേയ്ക്ക് എത്തിച്ചേരുകയും പോരുകോഴികളെപ്പോലെ ചില പൊതു ഇടങ്ങളിൽ തമ്മിൽ യുദ്ധം ചെയ്യുകയും ചെയ്യുന്നു.

ആത്മീയതയുടെ ലോകത്ത് അതൊരു വെല്ലുവിളി തന്നെയാണ്. ആഴമുള്ള ധ്യാനത്തിന്റെയും, ആത്മീയ പിൻബലത്തിന്റെയും അഭാവത്തിൽ ഈ വെല്ലുവിളിയെ ഒരുവന് അതിജീവിക്കുക എളുപ്പമല്ല. ഒരു വ്യക്തിയുടെ ആത്മീയമായ സാത്വികയെയും മാനുഷികതയുടെ നൈർമല്യത്തെയും നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും ഈ അതിജീവനത്തിനുള്ള ആർജ്ജവം തന്നെയാണ്.

കഴിഞ്ഞ ഒരു വർഷത്തോളമായി നാം കാണുന്ന തെരുവുയുദ്ധങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് പോയാൽ കണ്ടെത്താൻ കഴിയുന്ന വാസ്തവങ്ങളും വ്യത്യസ്ഥമായിരിക്കാൻ ഇടയില്ല. നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളിൽ നിന്ന് ഇതിനിടയിൽ കുടുങ്ങിക്കിടക്കുന്ന ആത്മീയ ഘടകങ്ങളെയെല്ലാം മാറ്റി നിർത്തി നോക്കുക. സന്യാസം, കൂദാശകൾ, പുരോഹിതർ, തിരുസഭ എന്നിങ്ങനെയുള്ളവയെ ഒഴിവാക്കിയാൽ ഇന്ന് ലോകമെമ്പാടും നടക്കുന്ന മനുഷ്യത്വത്തിനെതിരെയുള്ള വിവേകശൂന്യമായ കടന്നുകയറ്റങ്ങളിൽ നിന്നും, അധാർമ്മിക സംഘർഷങ്ങളിൽ നിന്നും ഇക്കാണുന്നവയൊന്നും തീരെയും വ്യത്യസ്ഥമല്ല എന്ന് കാണാം. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെന്ന തികഞ്ഞ ക്രൈസ്തവവിരുദ്ധ തത്വശാസ്ത്രത്തിന്റെ സ്വാധീനം ഇവിടെയും വ്യക്തമാണ്.

ഇവിടെ നമ്മിൽ പലരും, തമ്മിൽ യുദ്ധം ചെയ്യുന്ന ഇരുപക്ഷങ്ങളിൽ ഒന്നിന്റെ പക്ഷം ചേരുവാൻ നിർബ്ബന്ധിതരാവുകയാണ്. രണ്ട് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. ഒരു പക്ഷത്ത് നിന്നു കൊണ്ട് മറുപക്ഷത്തെ ആക്രമിക്കുന്ന പതിവ് ശൈലി ക്രിസ്തീയമാണോ? ഇരുപക്ഷങ്ങളിൽ ഏതിലെങ്കിലും യഥാർത്ഥ സത്യം കുടികൊള്ളുന്നുവോ? ഒരു പക്ഷെ, സത്യത്തിന്റെയോ, ന്യായത്തിന്റെയോ ആയ അംശങ്ങളുടെ ഏറ്റക്കുറച്ചിലുകളുടെ പേരിൽ പക്ഷം ചേർന്നു തുടങ്ങുന്നെങ്കിലും പിന്നീട് അക്രൈസ്തവമായ ശൈലിയിൽ പരസ്പരം പഴിചാരുകയും തെറ്റുകുറ്റങ്ങളെ പർവ്വതീകരിച്ച് പൊതുസമൂഹത്തിനു മുന്നിൽ അപഹാസ്യരായി തീരുകയും ചെയ്യുന്ന പ്രവണതയാണ് ഈ നാളുകളിൽ ആത്മീയരെന്ന് സമൂഹം ധരിച്ചിരിക്കുന്ന ചിലരിൽ പോലും നാം കണ്ടു വരുന്നത്.

സത്യമെന്ന ധാരണയിൽ അധർമ്മത്തിന് പിന്തുണ നൽകുവാൻ ഇറങ്ങിപ്പുറപ്പെട്ട നമ്മിൽ പലർക്കും മാർഗ്ഗഭ്രംശം വന്നിരിക്കുന്നു. സഹവർത്തിത്വവും, സൗമ്യതയും, സഹാനുഭൂതിയും മുഖമുദ്രയാക്കിയിരുന്നവർ, അസഹിഷ്ണുക്കളും, അക്രമകാരികളും,…

ചില സാഹചര്യങ്ങളിൽ, വ്യക്തമായും ന്യായീകരിക്കത്തക്കതായ ചില വാദഗതികളോടെ സ്വകാര്യമായ ചില ഇടങ്ങളിലാണ് ഈ ചർച്ചകൾ ആരംഭിച്ചിട്ടുള്ളത്. അടിസ്ഥാനപരമായി ഒരു പരിധി വരെ ആ വാദങ്ങൾ കഴമ്പുള്ളവയായി തുടരുന്നുമുണ്ട്. എന്നാൽ, പലർ ഇടപെടുകയും വിവിധ വാദമുഖങ്ങൾ ഉന്നയിക്കപ്പെടുകയും, ആരോപണങ്ങളുടെയും ന്യായീകരണങ്ങളുടെയും രീതികളും തലങ്ങളും പരിഷ്കരിക്കപ്പെടുകയും ചെയ്തതോടെ അവയുടെ ധാർമ്മിക നിലവാരം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. തങ്ങളുടെ ആരോപണങ്ങൾക്ക് ബലം കിട്ടുന്നതിനായി എന്തും പറഞ്ഞുണ്ടാക്കാനും, പൂർണമായോ ഭാഗികമായോ കെട്ടിച്ചമച്ചതെന്ന് ബോധ്യമുള്ള കഥകൾ പറഞ്ഞു പരത്തിയവരെ പോലും പിന്തുണയ്ക്കുവാനും ചിലർ മടികാണിക്കാതിരുന്നത് ശത്രുക്കൾക്ക് അനന്തമായ സാധ്യതകൾ ഒരുക്കി നൽകി.

ഇത്തരത്തിൽ ക്രൈസ്തവ വിരുദ്ധമായ തത്വശാസ്ത്രങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവരും, സഭയുടെ തകർച്ച ആഗ്രഹിക്കുന്നവരുമായ അനേകരുടെ ഇടപെടലുകൾ ഈ വിഷയങ്ങളെ സങ്കീർണ്ണമാക്കി മാറ്റിയത് നാം കണ്ടു കഴിഞ്ഞു. പൊതു സമൂഹത്തിൽ അടിസ്ഥാന ക്രൈസ്തവ ദർശനങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുകയും, ക്രൈസ്തവ സമൂഹം മുഴുവൻ അപഹാസ്യരായി തീരുകയും ചെയ്തിരിക്കുന്ന ഈ സാഹചര്യത്തിൽ സത്യത്തെ തേടി വസ്തുതാപരമായ ഒരു അന്വേഷണത്തിന് നാം തുടക്കമിടണം. സത്യത്തെ അന്വേഷിച്ചുള്ള ഒരു തീർത്ഥയാത്രക്ക് കാണാം തയ്യാറെടുക്കണം. എന്താണ് സത്യം എന്ന് നാം സ്വയം ചോദിച്ചുകൊണ്ടേയിരിക്കണം.

നാം ഇക്കണ്ടതെല്ലാം ഒരുപക്ഷെ മിഥ്യയായിരുന്നു. സത്യത്തിന്റെ മുഖംമൂടിയണിഞ്ഞ കാപട്യം തുടക്കം മുതൽ നമ്മെ കബളിപ്പിച്ചിരിക്കുന്നുവെന്ന് വേണം കരുതാൻ. ഏതോ കറുത്ത കരങ്ങൾ മെനഞ്ഞെടുത്ത കുതന്ത്രങ്ങളുടെ പോർമുഖങ്ങളിൽ കഥയറിയാതെ ആട്ടമാടിയ ഹതഭാഗ്യരായിരുന്നെന്നുവരാം, പ്രധാന വേഷമണിഞ്ഞവർ പോലും. നമ്മുടെ മാറിമറിഞ്ഞ ചിന്താഗതികൾക്കിടയിൽ അൽപ്പമെങ്കിലും പ്രകാശം ജ്വലിക്കുന്നെങ്കിൽ അൽപ്പം ധ്യാനിക്കുക. നമ്മിൽ പലരുടെയും നമ്മുടെ തന്നെയും ചിന്തകളെപ്പോലും സ്വാധീനിക്കുവാൻ ഏതോ ശക്തിക്ക് കഴിഞ്ഞിരിക്കുന്നു. ഉള്ളിലുറച്ച ആത്മീയ ബോധ്യങ്ങളെ അൽപ്പമെങ്കിലും ചലിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടില്ലേ? എങ്കിൽ അതു തന്നെയായിരുന്നിരിക്കണം അവരുടെ ലക്ഷ്യവും.

അന്ധകാരം സർവ്വാധിപത്യം നേടാൻ തുനിഞ്ഞിറങ്ങിയ ഈ കാലത്ത്, നൻമയുടെ വിളക്കുമരങ്ങളെ നിർജ്ജീവമാക്കുവാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് തീർച്ച. സത്യമെന്ന ധാരണയിൽ അധർമ്മത്തിന് പിന്തുണ നൽകുവാൻ ഇറങ്ങിപ്പുറപ്പെട്ട നമ്മിൽ പലർക്കും മാർഗ്ഗഭ്രംശം വന്നിരിക്കുന്നു. സഹവർത്തിത്വവും, സൗമ്യതയും, സഹാനുഭൂതിയും മുഖമുദ്രയാക്കിയിരുന്നവർ, അസഹിഷ്ണുക്കളും, അക്രമകാരികളും, അസ്വസ്ഥരുമായി കാണപ്പെടുന്നു.

ഈ ശൈലി ക്രിസ്തീയമല്ല, സഭാത്മകമല്ല. ഈ മാർഗ്ഗം ദൈവികമല്ല. ആക്രമിച്ചും, പഴി പറഞ്ഞും, തർക്കിച്ചും നേടുന്ന വിജയം തിരുസഭയ്ക്ക് ഗുണകരമല്ല. ആകയാൽ പ്രിയപ്പെട്ടവരേ, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും മാർഗ്ഗത്തിലൂടെ കൈവിട്ടുപോയവരെയും അൾത്താരയിലേയ്ക്ക് ആനയിക്കുന്ന യഥാർത്ഥ ക്രൈസ്തവരായി നമുക്ക് തിരികെ വരാം. സത്യം ക്രിസ്തുവാണ്, സത്യം സഭയിലാണ്. ആ സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.