കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്ന മാത്യു പൈകട അച്ചൻ “സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

സഭ തീർച്ചയായും ഒരു സ്ഥാപനം മാത്രമല്ല, ക്രിസ്തുവിന്റെ ആത്മീയശരീരം (കൂദാശ, രഹസ്യം) കൂടിയാണ്. അത് ക്രിസ്തു വിശ്വാസികളുടെ സമൂഹവും ദൈവരാജ്യത്തിന്റെ ദാസിയും ആണ്. സഭ ഒരേസമയം ദൈവികവും മാനുഷികവുമാണെന്ന കാര്യം ഒരിക്കലും മറക്കരുത്. ലോകരക്ഷകനും ദൈവപുത്രനുമായ ക്രിസ്തു ആണ് അത് സ്ഥാപിച്ചത് എങ്കിലും ദുർബലമായ മനുഷ്യരാലാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനെ സജീവമാക്കുന്നതിനു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിന്മയുടെ ശക്തികൾ അതിനെ പരാജയപ്പെടുത്തില്ലെന്നത് ക്രിസ്തുവിന്റെ വാഗ്ദാനം ആണ് (മത്താ .16,18). എന്നാൽ സഭയിലെ മനുഷ്യ ഘടകങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് അതിനു അർത്ഥമില്ല. ദൈവിക ഘടകങ്ങളെ, പ്രത്യേകിച്ച്, സത്യസന്ധത, നീതി, പ്രത്യാശ, അനുകമ്പ ക്ഷമ എന്നിവയെ, പുറംതള്ളിക്കൊണ്ടു സഭയിൽ നുഴഞ്ഞു കയറിയിരിക്കുന്ന മാനുഷിക ഘടകങ്ങളെ ജാഗ്രതയോടെ കാണേണ്ടത് ഓരോ ക്രിസ്തു ശിഷ്യന്റെയും ഉത്തരവാദിത്വം ആണ്.

വിശ്വാസ്യതയുടെ ഗുരുതരമായ പ്രതിസന്ധിയെ നാം അഭിമുഖീകരിചു കൊണ്ടിരിക്കുകയാണ് എന്നത് സഭക്ക് പുറത്തുള്ളവർക്ക് പോലും അറിവുള്ളതാണ്. ചിലർ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നത് പോലെ ഇത് ധാർമ്മികതയുടെ ഒരു പ്രതിസന്ധി ആണെന്ന് ഞാൻ കരുതുന്നില്ല. അജപാലകനും മെത്രാനുമായ ഉന്നത മേലധികാരിക്കെതിരെ സന്യസ്തരായ ഏതാനും സ്ത്രീകൾ ഉയർത്തിയ ആരോപണം സഭാ അധികാരികൾ പരിഗണിക്കാതെ ഇരുന്നപ്പോൾ തങ്ങളുടെ പ്രതിഷേധവും നീതിക്കുവേണ്ടിയുള്ള കരച്ചിലും പൊതുജനമധ്യത്തിലേക്കു ഇറക്കേണ്ടി വന്നു. സ്വാഭാവികമായും പല കാരണങ്ങളാൽ മാധ്യമങ്ങൾ ഈ വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചു. കുമ്പസാരം, റീത്ത്, എന്നിങ്ങനെ ഇപ്പോഴത്തെ പ്രതിഷേധവുമായി ബന്ധമില്ലാത്ത പല വിഷയങ്ങളും ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു.

ചിലരാകട്ടെ സഭയുടെയും സന്യാസ ജീവിതത്തിന്റെയും പുറത്തു വിഷം ചീറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ശ്രദ്ധയെ മറ്റൊരു സുപ്രധാന കാര്യത്തിലേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സഭ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണെന്നു അംഗീകരിച്ചുകൊണ്ട്, അതിനോട് നാം എങ്ങനെ പ്രതികരിക്കുന്നു? വ്യക്തതയ്ക്കും ന്യായമായ പരിഹാരത്തിനും വേണ്ടി നാം കർത്താവിനോടു പ്രാർത്ഥിക്കണം എന്നതിനു സംശയമില്ല. എന്നാൽ അത് മതിയാകുമോ? നമ്മൾ നിശബ്ദരായിരിക്കണോ, അതോ നമ്മൾ ഇതേക്കുറിച്ചു സംസാരിക്കണമോ? തെളിവുകളുടെ അഭാവം നിലനിൽക്കുന്നിടത്തോളം നാം നിഷ്പക്ഷമായി തുടരണോ? അതോ അവരുടെ പരാതികളുടെ വിശദാംശങ്ങളുമായി യോജിക്കുന്നില്ലെങ്കിലും കേസിലെ ദുർബല വിഭാഗവുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമ്മുടെ മനസ്സാക്ഷി നമ്മെ പ്രേരിപ്പിക്കണമോ? സഭാകോടതി, സിവിൽ കോടതിയിൽ എന്നിങ്ങനെയുള്ള നിയമപരമായ സംവിധാനങ്ങളിൽ നിന്നും കാലതാമസം വരുത്തുന്ന തന്ത്രങ്ങൾ ഒഴിവാക്കി നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുക എന്നത് അനീതിയും അവിവേകവുമാണോ? മറ്റുള്ള മതങ്ങളുടെയും വിഭാഗങ്ങളുടെയും ഉദാഹരണങ്ങൾ എടുത്തു കാട്ടി നാം ഒഴികഴിവുകൾ പറയണമോ, അതോ നീതി, സഹാനുഭൂതി എന്നീ സുവിശേഷ മൂല്യങ്ങളാൽ മാത്രം നാംനയിക്കേണ്ടതുണ്ടോ?

ഉയർന്നുവരുന്ന ഓരോ പ്രതിസന്ധിയും ഒരു അപകടമോ ദുരന്തമോ അല്ല; നേരെമറിച്ച്, ചില നിലപാടുകളും ബോധ്യങ്ങളും വ്യക്തമാക്കുന്നതിനും, സാധ്യമായ ചില തെറ്റുകൾ തിരുത്തുന്നതിനുമുള്ള അവസരമാണ്. സഭയിൽ പ്രതിസന്ധിയുടെ സാഹചര്യങ്ങളിൽ, സാധാരണയായി ‘സഭയുടെ പ്രതിച്ഛായയെ സംരക്ഷിക്കുന്നവരും, സ്വയംപ്രഖ്യാപിത രക്ഷകരും’ അവതരിക്കും. ഇത് സാധാരണമാണ്. എന്നിരുന്നാലും, മിതത്വം, നിശബ്ദത എന്നിവയ്ക്കായുള്ള അവരുടെ ഉപദേശം സംബന്ധിച്ച് നാം ജാഗ്രത പുലർത്തണം. എല്ലാ കാലഘട്ടങ്ങളിലും മതത്തിന്റെയും മതേതരവുമായ ഭരണാധികാരികൾ ചരിത്രത്തിൽ ഇത് തന്നെയാണ് ചെയ്തുപോന്നിട്ടുള്ളത്. അന്തസത്തയെക്കാളും പ്രതിച്ഛായയെ സംരക്ഷിക്കുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നത്. നാം നിശ്ശബ്ദത പാലിക്കുകയും അനീതിക്കും ചൂഷണത്തിനും നേരെ നാം മനപൂർവ്വമായി സത്യം പറയാതിരിക്കുകയും ചെയ്താൽ അത് പരിശുദ്ധാത്മാവിനോടുള്ള പാപമാണ്. മാത്രമല്ല, സത്യവും നീതിയും സംബന്ധിച്ച് സംസാരിക്കുമ്പോൾ നാം രണ്ടു മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നു എന്നത് അത്യന്താപേക്ഷിതമാണ്. കുറ്റാരോപിതൻ തങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആവുമ്പോൾ നമുക്ക് നിശബ്ദ പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്യുകയും, നമ്മുടെ കൂട്ടത്തിനു പുറത്തുള്ളവർ ഉൾപ്പെടുമ്പോൾ ശബ്ദമുണ്ടാക്കുന്ന പ്രതിഷേധം നടത്തുകയും ചെയ്യാൻ എങ്ങനെ കഴിയും? നീതിക്കായി പ്രതിബദ്ധത കൈവരിച്ചവർക്ക് തങ്ങളുടെ സ്വന്തം നേട്ടങ്ങൾക്ക് മാത്രം ഇണങ്ങുന്ന പ്രത്യേക അനുകൂല നിലപാട് എടുക്കാൻ കഴിയില്ല.

സഭയിൽ നിന്നും സിവിൽ അധികാരികളിൽ നിന്നും നീതിക്കായി കേഴുന്ന ഏതാനും സഹോദരിമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ, സുവിശേഷത്തിന്റെയും സഭാപഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ജ്ഞാനബോധമുള്ള നിലപാട് സ്വീകരിക്കാൻ നാം…

സഭയിൽ നിന്നും സിവിൽ അധികാരികളിൽ നിന്നും നീതിക്കായി കേഴുന്ന ഏതാനും സഹോദരിമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ, സുവിശേഷത്തിന്റെയും സഭാപഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ജ്ഞാനബോധമുള്ള നിലപാട് സ്വീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ പാപ്പായുടെ രചനകളിൽ നിന്നുള്ള ഏതാനും ആശയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ അപ്പസ്തോലിക പ്രബോധനമായ “ഇവാൻജെലി ഗൗഡിയും” – സുവിശേഷത്തിന്റെ സന്തോഷത്തിൽ -, അദ്ദേഹം “ആത്മീയ ലൗകികതയെ കുറിച്ച്” പരാമർശിക്കുന്നുണ്ടു. ആത്മീയ ലൗകികത്വം, “ഭക്തിയുടെയും സഭാ സ്നേഹത്തിന്റെയും ആവരണത്തിനു പിന്നിൽ മറഞ്ഞു നിന്ന് ദൈവത്തിൻറെ മഹത്വം തേടാതെ, മനുഷ്യ മഹത്വവും, വ്യക്തിപരമായ ക്ഷേമവും തേടുന്നതിൽ ഉൾകൊള്ളുന്നു. പരീശന്മാരെ കർത്താവ് ശാസിക്കുന്നതും ഈ കാര്യത്തിനാണ്: “പരസ്പരം മഹത്വം തേടുകയും, ഏകദൈവത്തിൽനിന്നുള്ള മഹത്വത്തെ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?” (യോഹ 5,44). അത് തങ്ങളുടെ തന്നെ “ഈശോ മിശിഹായുടെ മഹത്വം അല്ലാതെ, സ്വന്തം താത്പര്യം” തേടുന്നതിനുള്ള കുത്സിത വഴിയാണ് (ഫിലി .21: 21). വ്യക്തികളുടെയും വിഭാഗങ്ങളുടെയും സ്വഭാവമനുസരിച്ചു ഇത് പല രൂപങ്ങളെടുക്കുന്നു. എന്നാൽ സഭയിലേക്കാണ് അത് ഒഴുകി ഇറങ്ങുന്നതെങ്കിൽ, ‘ധാർമികമായ മറ്റെതോരു ലൗകികതയെക്കാളും അത് ഭീകരമായിരിക്കും.’ (EG. 93). ആത്മീയ ലൗകികതയുടെ മറ്റൊരു താരത്തെയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. “തങ്ങളുടെ അധികാരങ്ങളിൽ മാത്രം ആശ്രയിക്കുന്നവരും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നും സ്വയം കരുതുന്ന പ്രോമോഥീയൻ നിയോപെലാജിയനിസം. ചില പ്രത്യേക നിയമങ്ങൾ പാലിക്കുന്നു എന്നതും പരമ്പരാഗതമായ ചില കത്തോലിക്കാ പാരമ്പര്യങ്ങൾ ചിട്ടയോടെ അനുസരിക്കുന്നു എന്നതും ആണ് അതിനു അവർക്കുള്ള ന്യായങ്ങൾ.”(നമ്പർ .94).

ആദ്യകാല നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാർ മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സമീപകാല പഠനങ്ങൾ വരെ, നീതിയെ കുറിച്ചുള്ള സഭയുടെ പഠനങ്ങൾ വളരെ സമൂലമായവവും യേശുവിന്റെ ദരിദ്രരോടും ബലഹീനരോടുമുള്ള പ്രത്യേക മമതയിൽ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. ദൗർഭാഗ്യവശാൽ അത് ജീവിക്കാൻ സഭക്ക് സാധ്യമായില്ല എന്ന് മാത്രമല്ല, പല തരത്തിലുള്ള അപഭ്രംശങ്ങളും ഉണ്ടായി. തന്റെ ആദ്യ ചാക്രിക ലേഖനമായ “ദേവൂസ് കരിത്താസ് എസ്തിൽ”, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എഴുതുന്നു: നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കേവലം വിളുമ്പുകളിൽ മാത്രമായി സഭയ്ക്ക് നിലനിൽക്കാനാവില്ല, അങ്ങനെ ആവുകയും അരുത്” (നമ്പർ 28). അതിൽ നിന്ന് സഭയ്ക്കുള്ളിൽ അധികാരസ്ഥാനത്തുള്ളവരുടെ ഉത്തരവാദിത്തം വ്യക്തമാണ്. എളിയവന്റെ നിലവിളിയെ കുറിച്ച് പാപ്പാ എഴുതിയിരിക്കു അനീതിയുടെ ഇരയായ എല്ലാവർക്കും ബാധകമാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ദരിദ്രരെ കേൾക്കാനുള്ള ദൈവത്തിന്റെ മാർഗമായ നമുക്കു ഈ കരച്ചിലിന് ചെവികൊടുക്കാൻ സാധിക്കുന്നില്ലങ്കിൽ, പിതാവിന്റെ ഇഷ്ടത്തെയും അവന്റെ പദ്ധതിയെയും നാം എതിർക്കുന്നു; ആ ദരിദ്രൻ ‘നിന്നെതിരായി കർത്താവിനെ വിളിച്ചപേക്ഷിക്കുകയും നീ കുറ്റക്കാരനാകുകയും ചെയ്യുമായിരുന്നു’ (നിയ. 15:9; EG. 187). ദുർബ്ബലരായവരെക്കുറിച്ചുള്ള നമ്മുടെ നിലപാടിനെപ്പറ്റി ന്യായവിധി സമയത്ത് കർത്താവിന്റെ വാക്കുകൾ ഏറ്റവും സ്പഷ്ടമാണ് (മത്താ 25, 31ff). നീതിയും അനുകമ്പയും നിഷേധിക്കപ്പെട്ടവരോട് ഈശോ തന്നെത്തന്നെ സാത്മീകരിക്കുന്നു.

പാപ്പായുടെ വാക്കുകളെ ശ്രദ്ധിക്കുക: “നിന്റെ സഹോദരൻ (സഹോദരി) എവിടെ?” (ഉല്പത്തി 4,9) എന്ന ദൈവത്തിന്റെ നിലവിളി നാം എല്ലാവരും കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ എത്ര മാത്രം ആശിക്കുന്നു” (EG. 211). “ഒഴിവാക്കലുകളും പീഡനങ്ങളും അക്രമങ്ങളും നേരിടുന്ന സ്ത്രീകൾ ഇരട്ടി ഇരകളാണ്, കാരണം അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മിക്കപ്പോഴും അവർക്ക് കഴിയുന്നില്ല” (EG. 212). ഇന്നു സഭയിൽ നമ്മൾ അഭിമുഖീകരിക്കുന്ന കുഴപ്പങ്ങൾ ഈ വാക്കുകളിൽ അടങ്ങിയിട്ടില്ലേ? ഭൂരിപക്ഷത്തിനും ഈ അനുഭവം ഇല്ലെങ്കിലും, അഥവാ ഇതൊരു പൊതു പ്രവണതഅല്ലെങ്കിലും, ഒരു സന്യാസ സഭയിലെ, ഒരംഗത്തിനോ മറ്റോ ഇത് തങ്ങളുടെയും അനുഭവമാണ് എന്ന് തോന്നുന്നെങ്കിൽ നമുക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. പുറത്തു അറിഞ്ഞതിനേക്കാൾ കൂടുതൽ ഇരുഭാഗത്തുനിന്നും ഉണ്ടായിരിക്കാം, ഉദാഹരണമായി, സഭയുടെ നല്ല പ്രതിച്ഛായക്ക് വേണ്ടി നിലകൊള്ളുന്നവറുടെയോ നീതി, സുതാര്യത എന്നിവയ്ക് വേണ്ടി നിൽക്കുന്നവരുടെയോ. അന്തസത്ത ഇല്ലാത്ത ഒരു പ്രതിച്ഛായ സംരക്ഷിക്കുക എന്നത് ആത്മ വഞ്ചനയും കാപട്യവുമാണ്. കണ്ണീരോടെ പുറത്തു വന്നിട്ടില്ലാത്തവരും “സ്ഥാപനവത്കരിക്കപ്പെട്ട അധികാരങ്ങൾക്ക്” എതിരായി പ്രവർത്തിക്കാൻ ഭയപ്പെടുന്നവരുമായ നിരവധി ഇരകൾ ഇനിയും കണ്ടേക്കാം. ന്യായമായ ഒരു വിചാരണയുടെയും ശിക്ഷയുടെയും സാധ്യതകൾ അത് നൽകുന്നില്ല എന്ന് അവർക്കറിയാം. തങ്ങളോ അല്ലെങ്കിൽ തങ്ങളോടൊപ്പമുള്ള മറ്റാരെയെങ്കിലുമോ തുറന്നുകാട്ടപ്പെടും എന്നുകരുതി ഭയക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നവരുമുണ്ടാകാം.

ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘമായ ഉദ്ധരണികളിലൊന്ന് പറഞ്ഞു കൊണ്ട് ഞാൻ ഈ ചിന്ത അവസാനിപ്പിക്കട്ടെ: “അതിൻറെ ഫലമായി അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പഠിക്കുകയോ അല്ലെങ്കിൽ അവർക്ക് പാപമോചനത്തിനായി തുറന്നുകൊടുക്കുകയോ ചെയ്യുന്നു. സഭയെ നിരന്തരമായി പുറം ലോകത്തേക്ക് നയിച്ച് കൊണ്ടും, സഭയുടെ ദൗത്യം യേശുക്രിസ്തുവിൽ കേന്ദ്രീകരിച്ചു കൊണ്ടും, ദരിദ്രരോടും (അതുപോലെ തന്നെ പരിത്യക്തരും ചൂഷണം ചെയ്യപ്പെട്ടവരോടും) ഉള്ള നമ്മുടെ അർപ്പണത്തിലൂടെയും നാം അത് ഒഴിവാക്കേണ്ടതാണ്. ഉപരിപ്ലവമായ ആത്മീയ അജപാലന കെണികളിലും കുടുങ്ങിയിരിക്കുന്ന നമ്മെ ലൗകിക സഭയിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ! ഈ രൂഢമൂലമായ ലൗകായതികതയെ സൌഖ്യമാക്കാൻ ദൈവരഹിതമായ ആന്തരിക മതാത്മകത യിൽ പൊതിഞ്ഞ സ്വാർത്ഥതയിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്ന പരിശുദ്ധാത്മാവിന്റെ ശുദ്ധവായുവിന് മാത്രമേ സാധിക്കൂ. സുവിശേഷത്തെ കൊള്ളയടിക്കാൻ നാം നമ്മെ തന്നെ അനുവദിക്കരുത്” (EG 97).

ഫാ. മാത്യു പൈകട ഓ.എഫ്.എം. കപ്പൂച്ചിൻ