അത്യാവശ്യം വിവേകപൂർവ്വം ചിന്തിക്കുന്നു എന്ന് കരുതിയിരുന്ന കത്തോലിക്കർക്കിടയിൽ പുരോഹിതരെന്നോ, അൽമായരെന്നോ ഉള്ള ഭേദം കൂടാതെ പുതിയൊരു ആശയക്കുഴപ്പം കടന്നുകൂടിയിരിക്കുന്നു. സഭയെയും സഭാനേതൃത്വത്തെയും സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുകയും താങ്ങി നിർത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അത്.

മാനുഷിക ബുദ്ധിയും കരബലവുമുപയോഗിച്ച് താങ്ങി നിർത്താനോ, സംരക്ഷിക്കാനോ ആരും ഇല്ലെങ്കിലും ക്രിസ്തുവിന്റെ സത്യസഭയ്ക്ക്, പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ഒരു ഒന്നും വരാനില്ല. തങ്ങൾ ഇടപെട്ട് ചിലതൊക്കെ മൂടിവച്ചില്ലെങ്കിൽ, ചിലരെയൊക്കെ പൊതിഞ്ഞു പിടിച്ചില്ലെങ്കിൽ എല്ലാം ഇടിഞ്ഞു വീഴുമെന്നുള്ള ചിലരുടെ ധാരണകൾ തികഞ്ഞ ബാലിശമാണ്.  ചിലതൊക്കെ പൊളിഞ്ഞമർന്നേക്കും, അത് പൊയ്മുഖങ്ങളും കപട വ്യക്തിത്വങ്ങളും, വ്യാജ പ്രവാചകരുമായിരിക്കും. വിശുദ്ധമല്ലാത്തതൊക്കെ അഗ്നിയിലെരിക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു കാലമുണ്ട്. ആ അഗ്നിയുടെ ചൂടേൽക്കുമ്പോൾ പലതും ചാരമാകുമെന്ന് നാം ചിന്തിച്ചേക്കാം. പക്ഷെ, ദൈവികമായതൊന്നും ദൈവകോപത്തിനിരയാവുകയില്ല എന്ന് നിശ്ചയം.
ഇതിനർത്ഥം, സഭയെ പിടിച്ചുകുലുക്കുന്ന സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ നിഷ്ക്രിയരായിരിക്കുക എന്നല്ല.
സഭാമക്കൾ എന്ന നിലയിൽ ഇത്തരം അവസരങ്ങളിൽ എപ്രകാരം ചിന്തിക്കണമെന്നും, എങ്ങനെ പ്രവർത്തിക്കണമെന്നും മനസിലാക്കിയിരിക്കുക അത്യന്താപേക്ഷിതമാണ്.

1. സഭാത്മകമായ പ്രതികരണം. പ്രതികരണങ്ങൾ എല്ലായ്പ്പോഴും സഭാത്മകവും, ക്രിസ്തീയവുമായിരിക്കണം. പരസ്പര സ്നേഹത്തിന്റെ ദൈവിക പ്രമാണം ലംഘിച്ചുകൊണ്ടുള്ള ഒരു പ്രതികരണശൈലിയും ക്രിസ്തീയമല്ല. പ്രതികരണങ്ങളിലൂടെ തിരുസഭയോടുള്ള സ്നേഹം കുറയാൻ ആർക്കെങ്കിലും ഇടയാകുന്നെങ്കിൽ ആ പ്രതികരണം സഭാത്മകമല്ല.

2. ശാശ്വത സത്യങ്ങളെ ഹൃദയത്തിൽ ഉൾക്കൊള്ളുക. പ്രത്യാശയുള്ളവരായി പ്രതിസന്ധികളെ സമീപിക്കുകയാണ് അതിനെ നേരിടാനുള്ള എളുപ്പ വഴി. അതിന് അടിസ്ഥാനപരമായി വേണ്ടത്, ദൈവികമായ ശാശ്വത സത്യങ്ങളെക്കുറിച്ച് പൂർണ്ണമായ ബോധ്യമുണ്ടായിരിക്കുക എന്നതാണ്. നൻമയും സ്നേഹവും വിശുദ്ധിയുമാണ് ക്രൈസ്തവ ആദ്ധ്യാത്മികതയുടെ മുഖമുദ്രകൾ. ഇന്നും ഇവ മൂന്നും ഹൃദയത്തിൽ പേറിക്കൊണ്ട് തികഞ്ഞ ആത്മീയതയിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. ഇക്കാണുന്ന പുഴുക്കുത്തുകൾ പുറം പാളിയുടേതാണ്. ഉള്ളിലെ കാതലായ ഭാഗം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ പര്യാപ്തമാണ്.

3. പറഞ്ഞും, എഴുതിയും പ്രശ്നങ്ങളെ വലുതാക്കുന്ന പ്രവണത ഒഴിവാക്കുക. പലതും ചായക്കോപ്പയിലെ കൊടുങ്കാറ്റുകളാണെന്ന് തിരിച്ചറിയുക. കത്തോലിക്കാ സഭയിലെ, പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ വളരെ ചെറിയൊരു വിഭാഗമാണ് ഇന്ന് നാം കാണുന്ന വിവാദങ്ങൾക്ക് പിന്നാലെ പോയി ഈ വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി തീർക്കുന്നത്. യുവജനങ്ങളിൽ ഒരു വിഭാഗം ഇതിൽ ഉൾപ്പെടുന്നു എന്നതിനാൽ ആ ഗ്രൂപ്പിനെ നിസാരമായി കാണാൻ പറ്റില്ല എന്ന് സമ്മതിക്കുന്നു. എങ്കിലും, ഇത്തരം ചർച്ചകൾ താരതമ്യേന വളരെ ചെറിയൊരു സമൂഹത്തിൽ ഒതുങ്ങുന്നവയോ, അവിടെ തന്നെ അവസാനിക്കുന്നവയോ ആണ്. അതിനപ്പുറം പോകുന്നെങ്കിൽ, അർഹിക്കുന്നതിനപ്പുറമുള്ള ഒരു പ്രാധാന്യം നാം തന്നെ അത്തരം പ്രശ്നങ്ങൾക്ക് കൽപ്പിക്കുന്നതിനാലാണ്.

4. വിശ്വാസികൾ എന്തു ചിന്തിക്കുന്നുവെന്ന് അറിഞ്ഞ് ഇടപെടുക. ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ socio – spiritual ആയ വശങ്ങളെക്കുറിച്ച് ബോധവാൻമാരായ ശേഷവും, ഒരു സാധാരണ വിശ്വാസി (Living with a simple faith) അതിനെ എപ്രകാരം കാണുന്നു, പ്രസ്തുത സംഭവം അയാളുടെ വിശ്വാസ ജീവിതത്തെ എപ്രകാരം സ്വാധീനിച്ചേക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കിയ ശേഷവും ചെയ്യുക.

5. ശരിതെറ്റുകളുടെ വിശദാംശങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുക. രണ്ട് പക്ഷമുള്ളതിൽ ഏതു പക്ഷത്തിനൊപ്പം ചേരുന്നതിന് മുമ്പും, ശരിതെറ്റുകളുടെ വിശദാംശങ്ങളെക്കുറിച്ച് വ്യക്തിപരമായി അന്വേഷിച്ചറിയുകയും, മുൻധാരണകളും, സ്വാധീനങ്ങളും ഒഴിവാക്കുകയും ചെയ്യുക. രണ്ടു പക്ഷത്തും ശരികളും തെറ്റുകളും ഉണ്ടാകാമെന്ന് മനസിലാക്കുക. പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ ഇത് സാധ്യമല്ല എന്നതാണ് വാസ്തവം.

6. മുഖംമൂടിയണിഞ്ഞ ശത്രുക്കളെ തിരിച്ചറിയുക. പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിലേയ്ക്ക് തർക്കങ്ങൾ വഴി മാറുമ്പോൾ, അനുഭാവികളായി രംഗപ്രവേശം ചെയ്യുന്നവരിൽ ശത്രുക്കളും, സ്ഥാപിത താത്പര്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരും ഉണ്ടാകുമെന്ന് മനസിലാക്കുകയും, അത്തരക്കാരെ നിർബ്ബന്ധമായും അകറ്റി നിർത്തുകയും ചെയ്യുക. അല്ലാത്തപക്ഷം ഇന്ന് കാണുന്ന രീതിയിൽ പൊതു സമൂഹത്തിൽ നാം കൂടുതൽ അവഹേളിതരാകുമെന്ന് തീർച്ച.

7. പ്രതികരണത്തിൽ വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഊന്നൽ കൊടുക്കുക. മറുപക്ഷത്തെ തിരുത്തുന്നതിനും പറഞ്ഞു തോൽപ്പിക്കുന്നതിനും പകരം, സ്വന്തം പക്ഷത്തെ തെറ്റുകൾ തിരുത്തുവാനും, ക്ഷമിക്കുവാനും സമവായത്തിലെത്തുവാനുമുള്ള സാധ്യതകൾ കണ്ടെത്തുവാനും അങ്ങനെ പ്രശ്ന പരിഹാരത്തിലെത്തുന്നതിനും ആഗ്രഹിക്കുക. അതാണ് ക്രൈസ്തവമായ പ്രതികരണവും, പരിഹാരമാർഗ്ഗവും. തിരുത്തൽ വേദനയുണ്ടാക്കിയേക്കാം. ശാശ്വതമായ നൻമയ്ക്ക് അത് അനിവാര്യമാണെന്ന് മനസിലാക്കുക.

8. മിതത്വം പാലിക്കുക. സഭാവിഷയങ്ങളും, വിശ്വാസകാര്യങ്ങളും ശരിയായ വിധത്തിൽ ചർച്ചാവിഷയമാകാവുന്നവർക്കിടയിൽ മാത്രം അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുക. കൂദാശകളെക്കുറിച്ചുള്ള ചർച്ചയിൽ അകത്തോലിക്കരും അക്രൈസ്തവരുമായവർ പോലും പങ്കെടുത്തത് നാം കണ്ടു. വിശ്വാസ സത്യങ്ങളും കൂദാശകളും, അമൂല്യങ്ങളായ മറ്റു പലതും പൊതു സമൂഹത്തിൽ അവഹേളിക്കപ്പെടാൻ നാം തന്നെ അവസരമൊരുക്കിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാന കാരണം വിവേകരഹിതമായ പ്രതികരണവാഞ്ചയാണെന്ന് മനസിലാക്കുക.

മറ്റുള്ളവരെ തിരുത്തിക്കൊണ്ടല്ല, സ്വയം മാതൃക കാണിച്ചുകൊണ്ട്, ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവുമായി മാറുകയാണ് ക്രൈസ്തവന്റെ വിളി. സ്വന്തം കുറവുകൾ പരിഹരിക്കാനും അതിന് പ്രായശ്ചിത്തം ചെയ്യാനും നാം തയ്യാറായാൽ വലിയ മാറ്റങ്ങൾക്ക് അത് വഴിവയ്ക്കും. അതേസമയം, അന്യന്റെ കുറവുകൾ പരിഹരിക്കാൻ വേണ്ടിയാണ് നാം അദ്ധ്വാനിക്കുന്നതെങ്കിൽ, ഖേദപൂർവ്വം പറയട്ടെ, ആ അദ്ധ്വാനം നിഷ്ഫലമാണെന്ന് തീർച്ച… “കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.” മത്തായി 7 : 5