പ്രകൃതി അതിന്റെ ക്രൂരമുഖം കാട്ടിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരും മുതൽ ഭക്ഷണത്തിനൊ കുടിവെള്ളത്തിനൊ പോലും ബുദ്ധിമുട്ടുന്നവരും ആയ ഒരു ജനത ദുരിതത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും നൊസ്റ്റാൾജിയയും ആഘോഷവും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നവരെ അപലപിക്കാതെ നിവൃത്തിയില്ല. ആഘോഷം മാത്രമല്ല, ഇതുപോലെ ദുരന്തസമയം പോലും ട്രോളുകളും വർഗീയതയും പരത്തുന്നവരോടെ ദുഷിച്ച മനസ്സ് നാം തിരിച്ചറിയാതെ പോകരുത്.

ലോകത്തൊരിടത്തും കാണാ‍ൻ സാധിക്കാത്ത ക്രൂരമനോഭാവമാണ് മലയാളികളിൽ വളർന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഇവയൊക്കെ. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഉത്തരാഘണ്ടിലും ചെന്നെയിലും ഒറീസയിലും ബോംബെയിലുമൊക്കെ ഇതുപോലെ ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പലവിധ കാരണങ്ങളാൽ ദുരഭിമാനമലയാളി ഇൻഫീരിയർ എന്നു കരുതുന്ന ആ നാട്ടിലെ ആളുകൾ ആരും തന്നെ ഇന്നു മലയാളി കാട്ടികൂട്ടുന്നതു പോലെയുള്ള വിവരക്കേടുകൾ കാണിച്ചിട്ടില്ല. ജാതിയും മതവും നോക്കാതെ അഭയം നൽകിയും പരസ്പരം സഹായിച്ചും ജനങ്ങൾ വലിയ ദുരന്തങ്ങളെ അതിജീവിച്ചു.

എന്നാൽ ഇവിടെ എന്താണു സംഭവിക്കുന്നത്? ഒരു സ്ഥലത്തെ ജനങ്ങൾ നിർമ്മിച്ച ദൈവാലയം പ്രകൃതി ദുരന്തത്തിൽ തകർന്നുപോയതിനെ ട്രോളാനാണു മലയാളിക്കു താല്പര്യം. “മതം ഉപേക്ഷിച്ച് മനുഷ്യരായവരാകട്ടെ” കിട്ടിയ അവസരം ദൈവത്തിനെ തള്ളിപ്പറയാനും വിശ്വാസികളെ കുറ്റപ്പെടുത്താനും ഉപയോഗിക്കുന്നു. മാതൃഭൂമി പോലെയുള്ള പ്രമുഖ മാധ്യമങ്ങളും ഈ അവസരത്തെ ദുർവിനിയോഗിക്കുന്നതു കാണുമ്പോൾ നമ്മുടെ സമൂഹത്തിൽ കാര്യമായ നന്മകളൊന്നും അവശേഷിക്കുന്നില്ലായെന്നു തോന്നിപ്പോകും.

എന്നാൽ അതേ അവസരത്തിൽ ഗ്രൌണ്ട് റിയാലിറ്റി വ്യത്യാസമാണ് എന്നും പറയാതെ വയ്യ. ജാതിയും മതവും നോക്കാതെ പരസ്പരം സഹായിക്കുന്ന നാട്ടുകാ‍ർ. മരിച്ചയാളുടെ ശരീരം വയ്ക്കുവാൻ സ്ഥലമില്ലാത്തതിനാൽ ബുദ്ധിമുട്ടിയ അന്യമതസ്ഥനായ സഹോദരങ്ങൾക്കു തങ്ങളുടെ ആരാധനാലയം വിട്ടുകൊടുത്ത ക്രിസ്ത്യൻ സഹോദരങ്ങൾ! ഗവണ്മെന്റിനു പോലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ സഹായം എത്തിക്കുന്ന വിവിധ മതസംഘടനകൾ! അങ്ങനെ സമൂഹമാധ്യമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന സാധാരണക്കാര്. ഈ സാധാരണക്കാരുടെ ഇടയിലേക്കാണ് വർഗീയതയും വിഘടനവാദവും വളർത്തുന്ന നിരീശ്വരവാദപ്രസ്ഥാനങ്ങളും വർഗീയവാദികളും സ്ഥാപിതമാധ്യമതൊഴിലാളികളും ശ്രമിക്കുന്നത്. ജാതി-മത-രാഷ്ട്രീയത്തിനതീതമായി ഇത്തരം വിഘടനവാദങ്ങളെയും അസ്ഥാ‍നകോമഡികളെയും ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ കേരളം നാശത്തിലേക്കായിരിക്കും പോകുന്നത്.

കുട്ടനാട്ടിലെ പള്ളികളും അമ്പലങ്ങളും അവയുടെ സ്കൂളുകളും സ്ഥാപനങ്ങളുമൊക്കെ ദുരിതബാധിതരായവരെ സഹായിക്കുവാൻ സർക്കാരിനൊപ്പം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേയധികം വർഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കദുരിതമാണു ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദയവായി വിഘടനവാ‍ദികൾ ജനങ്ങൾ ഈ ദുരിതങ്ങളിൽ നിന്നു കരകയറുന്നതുവരെ ഒന്നു ക്ഷമിക്കണം. കാരണം, ഇപ്പോൾ നിങ്ങളെ ശ്രവിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞങ്ങൾ.