ഇരുള്‍വീണുകിടന്നിരുന്ന അരികുകള്‍ പ്രകാശമാനമാകുന്ന കാലത്തിലാണ് നമ്മള്‍. പുരുഷന്റേയും സ്ത്രീയുടേയുമല്ലാത്ത ‘മനുഷ്യരുടെ’ ലോകം ചുറ്റും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ഞാന്‍ മേരിക്കുട്ടി” എന്ന ചിത്രം പുരുഷ-സ്ത്രീ ലൈംഗികസ്വത്വങ്ങള്‍ക്ക് അപ്പുറം ലൈംഗികതയെ മനസ്സിലാക്കാന്‍ കഴിയാതെപോയ കേരളസമൂഹം പരിഹാസച്ചിരി ചുണ്ടുകളില്‍ നിന്ന് മാറ്റിവെച്ച് നിശ്ചയമായും കണ്ടിരിക്കണം (ഓരോ സമൂഹത്തിലും 5% പേരെങ്കിലും ലൈംഗികന്യൂനപക്ഷങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു).

വരുംതലമുറയ്ക്ക് ജന്മംകൊടുക്കുന്ന ഓരോ മാതാവും പിതാവും ഈ ചിത്രം നിശ്ചയമായും കണ്ടിരിക്കണം, കാരണം നിങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഒരാള്‍ സ്ത്രീയുടെയോ പുരുഷന്റേതോ അല്ലാത്ത വേറിട്ട ഒരു ലൈംഗികവ്യക്തിത്വമുള്ള ആളായിരിക്കാം. ഇവിടെ നിയമവ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്ക് ഈ ചിത്രം കണ്ടിരിക്കാന്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വമുണ്ട്. കാരണം നിങ്ങള്‍ ഏതോ ചീഞ്ഞസാമൂഹ്യക്രമത്തിന്റെ വിഴുപ്പുചിന്തകളാണ് നിയമമായി തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നത്.

മതവിശ്വാസികള്‍ ഈ ചിത്രം നിശ്ചയമായും കണ്ടിരിക്കണം, കാരണം നിങ്ങള്‍ നാട്ടുനടപ്പുകളെ ദൈവികനിയമങ്ങളാക്കി മാറ്റിയിരിക്കുകയാണ്.

വളരെ താമസിയാതെ ‘മേരികുട്ടികള്‍’ കേരളസമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരും, അല്ല അവര്‍ വന്നുകഴിഞ്ഞു. നിങ്ങളുടെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ അവരില്‍നിന്ന് പിഴുതുമാറ്റൂ. കണ്ണില്‍ ലൈംഗികതയില്ലാതെ ലോകത്തെയൊന്ന് കണ്ടുനോക്കൂ. മഴപെയ്യുമ്പോള്‍ ഒരു കുടക്കീഴില്‍ മനുഷ്യരെപ്പോലെ നിങ്ങളൊന്ന് ഒരുമിച്ചു നിന്നുനോക്കൂ. ഒരു കാപ്പിക്കടയുടെ മേശയ്ക്ക് ചുറ്റും ഒരുമിച്ചിരുന്ന് ലോകവര്‍ത്തമാനങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചുനോക്കൂ. വീടുവിട്ടുപോയവര്‍ക്ക് വീട്ടില്‍ ഇടംകൊടുക്കൂ. ജോലിയിടങ്ങളില്‍ കഴിവിനും ആത്മാർത്ഥതയ്ക്കും മനുഷ്യനും മാത്രം വില കല്‍പ്പിക്കൂ. എല്ലാറ്റിലുമുപരി ഒരാളുടേയും സ്വകാര്യലോകത്തിലേയ്ക്ക് ചൂഴ്ന്നുനോക്കാതിരിക്കൂ.

ഇവിടെ ഏതൊരു ലൈംഗികവ്യക്തിത്വം പേറുന്നവര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള വിധി കേരള ഹൈക്കോടതി അടുത്തനാളുകളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവരെ അധിക്ഷേപിക്കുകയോ മാനസികമോ ശാരീരികമോ ആയി പീഡിപ്പിക്കുകയോ ചെയ്യുന്ന സദാചാരക്കാരായിരിക്കും നാളെ നിയമത്തിന് മുന്നില്‍ യഥാര്‍ത്ഥ സാമൂഹ്യവിരുദ്ധര്‍.

മേരിക്കുട്ടിയുടെ ലോകത്തിനപ്പുറം ലോകമുണ്ട്. ‘കഴിവുകള്‍’ കൊണ്ട് മുഖ്യധാരയില്‍ ഇടംനേടാന്‍ കഴിയാതെ പോയ ലൈംഗികന്യൂനപക്ഷങ്ങളുടെ ലോകം, മുഖ്യധാരയുടെ straight sexualityയെ പോലും ഭ്രമിപ്പിക്കുന്ന സവര്‍ണ്ണസൌദര്യമില്ലാത്ത ലൈംഗികന്യൂനപക്ഷങ്ങളുടെ ലോകം, തുണയായി നില്‍ക്കാന്‍ ഒരാളും കൂടെയില്ലാത്ത വിധം അനാഥമാക്കപ്പെട്ട ലൈംഗികന്യൂനപക്ഷങ്ങളുടെ ലോകം… ഇനിയും അവരുടെ ലോകം പ്രകാശപൂര്‍ണ്ണമാകേണ്ടതുണ്ട്.

* ലൈംഗികന്യൂനപക്ഷങ്ങളുടെ സ്വത്വം തേടലില്‍ കമ്മ്യൂണിറ്റിയുടെ (LGBTQ) റോള് പൂര്‍ണ്ണമായി വിട്ടുകളഞ്ഞതില്‍ ‘മേരിക്കുട്ടി’യോട് എനിയ്ക്ക് പരാതിയുണ്ട്. കഴിവിന്‍റെ ലോകമല്ല മനുഷ്യരുടെ ലോകമാണ് നമ്മുടേത്‌. അതുകൊണ്ട് മനുഷ്യര്‍ എന്ന രീതിയില്‍ നമുക്ക് കൈകോര്‍ത്തുനില്‍ക്കണം.