ങ്ഹേ, തലയിൽ കൈ വെക്കണോ? എന്തൊക്കെയാ ഈ കേക്കണത്? ഈശോ നിയമം തെറ്റിച്ചെന്നോ?

അതെ, ശരിയായി തന്നെയാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ആത്മീയ സാംസ്കാരിക പരിസരങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് നിയമത്തെ കുറിച്ചാണ്. മലയാളികൾ മിക്കവരും എത്ര പെട്ടന്നാണ് അപാരമായ നിയമ ബോധം ഉള്ളവരായതു എന്ന് കണ്ട് ഞാൻ അതിശയപ്പെടുന്നു. നിയമത്തെകുറിച്ചുള്ള ഈശോയുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള എന്റെ സംഭാഷണം നിങ്ങൾ താഴെ വിഡിയോയിൽ കേൾക്കുക. 11:22 മിനിട്ടു ദൈർഖ്യമുള്ള ഈ വിഡിയോയിൽ പറയാൻ സാധിക്കാതെ പോയതും എന്നാൽ പ്രധാനവുമായ ചില കാര്യങ്ങൾ പറയാനാണ് ഈ ലേഖനം.

നിയമവും നീതിയും ഈശോയുടെ പഠനങ്ങളിലെ മുഖ്യമായ വിഷയങ്ങളായിരുന്നു. ഈശോയുടെ എതിരാളികളും അവനെ കുടുക്കാൻ മുറുകെ പിടിച്ചത് നിയമത്തെ തന്നെ.

യഹൂദർക്ക് അലംഘനീയമായിരുന്ന നിയമങ്ങളെ ഈശോ തെറ്റിച്ചു എന്നതാണ് ഈശോയെ ഇന്നും ദൈവമായോ ഒരു ദിവ്യ പുരുഷനായോ പരിഗണിക്കയുന്നതിൽ നിന്നു യഹൂദരെ വിമുഖരാക്കുന്ന ഘടകം. ‘നിയമം തെറ്റിക്കുന്നവന് മിശിഹാ ആവാൻ സാധിക്കില്ല’ എന്ന് ജാക്കോബ് ന്യൂസ്‌നെർന്റെ ‘എ റബ്ബി ടോക്സ് വിത്ത് ജീസസ്‘ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

നിയമവും അധികാരവും

ഈശോ “സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട്‌ ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയും ചെയ്‌തു” എന്നതായിരുന്നു ഫരിസേയരുടെയും നിയമജ്ഞന്മാരുടെയും പ്രധാന ആരോപണം (യോഹ 5:17). ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു. എന്ന് യോഹന്നാൻ ശ്ലീഹ രേഖപ്പെടുത്തുന്നു. വലിയൊരു നിയമപ്രശ്നമാണ് അവർ ഈശോയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അത് അത് കേവലം ഒരു നിയമ പ്രശ്നം അയല്ല, മറിച്ചു അവരുടെ മത നിഷ്ഠയുടെ കാമ്പിൽ കൊള്ളുന്ന ഒരു ദൈവാസ്ഥിത്വ പ്രശ്നമായിട്ടാണ് അതിനെ അവതരിപ്പിക്കുന്നത്.

സത്യത്തിൽ, ഇതൊരു അധികാര പ്രശ്നം ആണ് എന്ന് മാർക്കോസിന്റെ സുവിശേഷം വ്യക്തമായി പറയുന്നുണ്ട്. മാർക്കോസ് 11:27 മുതൽ 33 വരെ വായിക്കുക. എന്തധികാരത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത് എന്ന് അവർ അവനോടു ചോദിക്കുന്നു? എന്നാൽ അവരുടെ വായടപ്പിച്ച ഒരു വാഗ്‌വാദത്തിനൊടുവിൽ ചുറ്റും കൂടിയുരുന്നവരോടായി അവൻ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ അരുളിച്ചെയ്യുന്നു (മർക്കോ. 12:1-11) അത് കഴിഞ്ഞുള്ള വാക്യം വളരെ പ്രധാനമാണ്. തങ്ങള്‍ക്കെതിരായിട്ടാണ്‌ ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ (ഫരിസേയരും നിയമജ്ഞന്മാരും) അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്‌, അവര്‍ അവനെ വിട്ടുപോയി (മര്‍ക്കോ. 12:12).

നിയമത്തെ കുറിച്ചുള്ള പരാമർശങ്ങൾ കൂടുതലായി മുഴങ്ങുന്നത് അധികാര സ്ഥാനങ്ങൾക്ക് ഇളക്കം തട്ടുമ്പോഴും, അത് ചോദ്യം ചെയ്യപെടുമ്പോഴുമാണ് എന്ന് ഇതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ.

നിയമത്തെ പൂർത്തീകരിച്ച ഈശോ

നിയമത്തെ ഇല്ലായ്മ ചെയ്യാനോ നശിപ്പിക്കാനോ ഈശോ അഗ്രഹിച്ചില്ല. “നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌” (മത്താ. 5:17). എങ്ങനെ ആണ് അവൻ നിയമത്തെ പൂർത്തീകരിച്ചത്. ദൈവിക നിയമത്തിന്റെ ലക്ഷ്യവും പ്രയോഗവും സ്വജീവിതത്തിൽ കാണിച്ചു കൊണ്ടാണ് അവൻ അത് ചെയ്തത്. മലയിലെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങളിൽ അത് വിശദീകരിക്കുന്നുണ്ട് ഈശോ.

അതുവരെ ഉള്ള നിയമങ്ങളെ പരിപൂർണ്ണമാക്കി എന്ന് പറയുമ്പോൾ ഈശോ നിയമത്തെ ഇല്ലായ്മ ചെയ്തെന്നോ, ഇനി ക്രൈസ്‌തവർ നിയമം പാലിക്കേണ്ട എന്നോ അർത്ഥമാക്കുന്നില്ല. സത്യത്തിൽ, കൂടുതൽ മാനുഷികവും എന്നാൽ ജീവിക്കാൻ കടുപ്പമേറിയതുമായ നിയമമാണ് ഈശോ നൽകിയത്. ദൈവിക നിയമത്തെ കൂടുതൽ ഉദാത്തമായ തലത്തിലേക്ക് എത്തിക്കുക വഴി മിശിഹായെ കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം ഈശോയിൽ പൂർണ്ണമായി: കര്‍ത്താവ്‌ തന്‍െറ നീതിയെപ്രതി നിയമത്തെ ഉത്‌കൃഷ്‌ടമാക്കാനും മഹത്വപ്പെടുത്താനും പ്രീതി കാണിച്ചു (ഏശ. 42:21).

കുഴിയിൽ നിന്ന് പാതാളത്തിലേക്കു

ഇസ്രായേൽ ജനത്തിന് ഇത്ര നിയമബോധം വരാനുണ്ടായ ചരിത്ര പശ്ചാത്തലം എന്താണ്? യൂദായുടെയും, ഇസ്രായെലിന്റെയും പ്രവാസത്തിനു കാരണം സാബത്ത് നിയമം ലംഘിച്ചതും വിഗ്രഹാരാധന നടത്തിയതുമാണ് എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു (എസ. 20). പ്രവാസത്തിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഈ രണ്ടു തെറ്റുകളും ആവർത്തിക്കില്ല എന്ന് അവർ പ്രതിജ്ഞ എടുത്തു.

എന്നാൽ, മാനുഷിക സ്വഭാവമായ ജഡികതയാണ് അവരുടെ പതനത്തിനു അടിസ്ഥാനമായതെന്ന കാര്യം അവർ വിസ്മരിച്ചു. നിയമ പാലനത്തിന്റെ കാര്യത്തിൽ ഒരു അതിരിൽ നിന്ന് മറ്റേ അതിരിലേക്കാണ് അവർ പോയത്. ദൈവിക നിയമങ്ങളോടുള്ള വിമുഖതയിൽ നിന്നും തീവ്രവാദപരമായ നയ്യാമികതയുടെ അനുസരണത്തിലേക്കു വളർന്നു. ദൈവത്തിന്റെ നിയമങ്ങളുടെ ശരിയായ ഉദ്ദേശ്യശുദ്ധി മനസിലാക്കാതെ നിയമം പാലിച്ചതിനാൽ അതിന്റെ ഫലങ്ങൾ അവർക്കു ലഭിച്ചില്ല എന്നതായിരുന്നു അതിന്റെ പരിണതി. (മത്താ.15:6). കുഴിയിൽ നിന്ന് പാതാളത്തിലേക്കു വീണ ജനതയാണ് ഇസ്രായേൽ ജനത.

വളരെ സങ്കുചിതമായ അർത്ഥത്തിൽ നിയമ വ്യാഖ്യാനം ചെയ്തു വന്ന നിയമജ്ഞരും ഫരിസേയരും ഈശോയെ മരണത്തിനു അർഹനായ വ്യക്തിയായി കണ്ടതിൽ അതിശയിക്കേണ്ടല്ലോ. കാരണം ദൈവിക നിയമങ്ങളെക്കാൾ തങ്ങളെ ബാധിക്കുന്നതു മനുഷ്യ നിയമങ്ങളാണ് എന്ന അവരുടെ നീതിബോധത്തെയാണ് ഈശോ അവഗണിച്ചതും തിരുത്തിയതും.

കപട മതബോധത്തെ ഈശോ വെറുക്കുന്നു

ഫരിസേയരുടെ നീതിബോധം കേവലം ബാഹ്യമായിരുന്നു. ദൈവിക നിയമങ്ങളെ അവർ ആന്തരികമായി ലംഘിച്ചിരുന്നു. എല്ലാവരും കാണുന്ന ഇടങ്ങളിൽ അവർ മാനുഷിക നിയമം പാലിക്കുകയും, കാണാത്തിടങ്ങളിൽ ദൈവിക നിയമം തെറ്റിക്കുകയും ചെയ്തു. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു (മത്താ. 23:25) എന്ന് ഈശോ വിമർശിക്കുന്നതിന്റെ പൊരുൾ ഇതാണ്. അവരുടെ ജീവിതം പൂർണ്ണമായും സ്വന്തം മഹത്വം, പെരുമ, എന്നിവ കാണിക്കുന്നതിൽ വ്യഗ്രതപ്പെട്ടിരുന്നു (മത്താ. 6:1-6; മത്താ. 23:5-7). മത്തായിയുടെ സുവിശേഷം 23 ആം അധ്യായം മുഴുവൻ അവരുടെ ഇരട്ട ജീവിതത്തിന്റെ വിമർശനമാണല്ലോ.

ക്രിസ്തു ശിഷ്യർ ക്രിസ്തുവിന്റെ നീതിബോധം പേറണം

നിയമപാലനത്തിൽ ഈശോ കാർക്കശ്യം കാണിക്കുന്നു. “ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും” (മത്താ. 5:19). മറിച്ചു ചെയ്യുന്നവർക്ക് ദൈവരാജ്യം കൈവശമാകില്ല എന്ന് എടുത്തു പറയേണ്ടല്ലോ. ക്രിസ്തുവിന്റെ അനുയായികളും അവന്റെ ദൈവരാജ്യം കാംഷിക്കുന്നവരും ആ നിയമം കർക്കശമായി പാലിക്കണം എന്ന് ഈശോ ആഗ്രഹിക്കുന്നുണ്ട്. “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ. 5:18).

ദൈവിക നിയമത്തിനു ഈശോ കൽപ്പിക്കുന്ന മൂല്യം കലർപ്പില്ലാത്തതും അലംഘനീയവും ആണ്. ആ അലംഘനീയത തന്റെ നാമം പ്രഘോഷിക്കുന്നവരും തന്റെ നാമത്തിൽ പഠിപ്പിക്കുന്നവരും അമലമായി പാലിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. നിത്യജീവൻ നേടുവാൻ ആഗ്രഹിച്ചു വന്ന യുവാവിനോട് അവൻ എന്താണ് പറഞ്ഞത്? ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. (മത്തായി 19:17). ശിഷ്യന്മാർക്കു കൊടുത്ത കല്പനയിലും മറ്റുള്ളവരെ നിയമം അനുസരിക്കാൻ പഠിപ്പിക്കുക എന്ന് അവൻ ഓർമ്മിപ്പിക്കുന്നു (മത്താ 28:20).

ഈശോ സ്വയം ദൈവിക നിയമത്തിനു കീഴ്പെട്ടതിനാൽ അവന്റെ ശിഷ്യരും അത് പാലിക്കുകയും, അന്യരെ പാലിക്കാൻ പ്രേരിപ്പിക്കുകയും വേണം (1 യോഹ 2:2-6). അവന്റെ ശിഷ്യരാണ് നിങ്ങൾ എന്ന് അറിയപ്പെടേണ്ടത് അത് വഴിയാണ് (യോഹ 13:15).

ക്രിസ്തു ശിഷ്യരുടെ നീതിബോധം നിയമജ്ഞരുടെതിനെക്കാൾ മെച്ചമാവണം.

ക്രിസ്തു ശിഷ്യർ നിയമത്തെ കേവലം മതനിഷ്ഠയോടെ പാലിച്ചാൽ മാത്രം പോരാ. ആ നിഷ്ഠ അവർ അതിനു മുമ്പ് കേട്ടിരുന്നതിനേക്കാൾ മികച്ച രീതിയിൽ ആവണം. നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു (മത്താ. 5:20).

നിയമജ്‌ഞരും ഫരിസേയരും ആരാണ്? നിയമജ്‌ഞർ നിയമത്തിന്റെ അധ്യാപകരും വ്യാഖ്യാതാക്കളും ആയിരുന്നു. ഫരിസേയർ യഹൂദ മതത്തെ പൂർണ്ണ നിഷ്ഠയോടെ ജീവിക്കുന്നു എന്ന് കരുത്തപ്പെട്ടിരുന്നവരാണ്. യഹൂദ മതത്തിലെ വിഭാഗങ്ങളിലെ ഏറ്റവും മുന്തിയ ഇനം. മോശയുടെ നിയമം വ്യാഖ്യാനിച്ചെടുത്ത മാമൂലുകളും, നിഷ്ഠകളും ഉണ്ടായിരുന്നവർ (Acts 26:5). അവരെയും കവച്ചു വയ്ക്കുന്ന നീതിബോധം ക്രിസ്തുശിഷ്യനുണ്ടാവണം എന്ന് പറഞ്ഞാൽ അത് പരിഭ്രമിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.

നിയമം തെറ്റിച്ച ഈശോ

സാബത്ത് നിയമത്തിന്റെ പരിധികളെ (പുറ. 20:8-11, നിയ. 5:12-15) ഈശോ വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് കൂടുതൽ മനുഷ്യ സ്നേഹത്തിനും, അവരോടു കരുണ കാട്ടുന്നതിനും മാത്രമാണ്. സാബത്തിൽ അവൻ രോഗികളെ സുഖമാക്കി, വിശന്നപ്പോൾ ശിഷ്യന്മാർക്കു ഗോതമ്പു പറിച്ചു തിന്നാൻ മൗനാനുവാദം കൊടുത്തു. പാപരഹിതമായ ജീവിതം നയിച്ച് കൊണ്ട് അവൻ പഴയ നിയമത്തിന്റെ വക്രതകളെ നേരെയാക്കി.

ദൈവിക നിയമങ്ങളെയല്ല, അവയുടെ മാനുഷിക വ്യാഖ്യാനങ്ങളെയാണ് അവിടുന്ന് നിരാകരിച്ചതും ലംഘിച്ചതും. ദൈവിക നിയമങ്ങളെകുറിച്ചുള്ള അവരുടെ വികല കാഴ്ചപ്പാടുകളെ നേരെ ആക്കാൻ ഈശോ പരിശ്രമിച്ചു. ദൈവിക നിയമങ്ങളെ അവൻ പൂർണ്ണമായി അനുസരിച്ചു, അവന്റെ അനുയായികളും അത് അനുസരിക്കണം എന്ന് അവൻ ജീവിതമാതൃക കൊണ്ട് പഠിപ്പിച്ചു.

നമ്മുടെ ആഗ്രഹവും ലക്ഷ്യവും ദൈവിക നിയമങ്ങൾക്കൊത്തു ജീവിക്കുക എന്നതാണെങ്കിൽ കൂടി ഈശോ കാണിച്ചു തന്ന മാതൃകയ്‌ക്കൊത്തു ജീവിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ദൈവിക നിയമം ലംഘിച്ച നമ്മെ പാപത്തിൽ നിന്നും, ബന്ധനത്തിൽ നിന്നും രക്ഷിക്കാൻ അവൻ ദൈവേച്ഛക്ക് സ്വയം വിധേയമാവുകയും കുരിശിൽ മരിക്കാൻ തയ്യാറാവുകയും ചെയ്തു.

പരിശുദ്ധാത്മ ശക്തിയാൽ ഈശോ നമ്മുടെ ഉള്ളിൽ ജീവിക്കാൻ തയ്യാറാവുന്നു. എന്നാൽ അവൻ നമ്മുക്ക് വേണ്ടി, നമ്മുടെ ജീവിതമല്ല ജീവിക്കുന്നത്. നാം അനുതപിക്കുകയും, നമ്മെ തന്നെ നീതിയുടെ സേവകരാക്കുകയും വേണം. എന്തെന്നാല്‍, തന്‍െറ അഭീഷ്‌ടമനുസരിച്ച്‌ ഇച്‌ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌ (ഫിലിപ്പി 2: 13) എന്ന അവബോധം നമുക്കുണ്ടാവണം. ദൈവിക നിയമത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. അവന്റെ കല്പനകൾ പാലിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആർക്കും അവകാശപ്പെടാൻ ആവില്ല (1 യോഹ 5:2-3; 1 യോഹ 2:4).

ഈശോയെ ഉപേക്ഷിച്ച ക്രൈസ്തവർ

ഈശോയുടെ നീതിബോധത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ക്രിസ്തുവിന്റെ ഉപദേശങ്ങളോടും അവന്റെ ജീവിതത്തോടും നാം നീതി പുലർത്തുന്നില്ല എന്ന് കരുതേണ്ടിവരും. മോശ വഴി ദൈവം കൊടുത്ത നിയമത്തെ യഹൂദ മതം പങ്കിലമാക്കി; ക്രിസ്തു പൂർത്തീകരിച്ച നിയമത്തെ ക്രൈസ്തവരും.

അവൻ നമുക്ക് മുന്നറിയിപ്പ് തരുന്നു: കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍െറ നാമത്തില്‍ പ്രവചിക്കുകയും നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍െറ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍ (മത്താ 7:21-23).