ഇറ്റലിയിലെ നേപ്പിള്‍സില്‍ Quartieri Spagnoli അഥവാ Spanish Quarters എന്നറിയപ്പെടുന്ന സ്ഥലത്ത് ഞങ്ങള്‍ക്കൊരു ആശ്രമവും പള്ളിയും ഉണ്ട്. നേപ്പിള്‍സിലെ മാഫിയയായ കാമോറായുടെ പ്രധാന കേന്ദ്രമാണ് ഈ സ്ഥലം. ആറു നിലകളുള്ള പഴയ കെട്ടിട സമുച്ചയങ്ങളും തിങ്ങി പാര്‍ക്കുന്ന പ്രാദേശികരും അഭയാര്‍ഥികളും മറഡോണയുടെയും മാര്‍ക്സിന്റെയും ചുവര്‍ ചിത്രങ്ങളും ഇടുങ്ങിയ വഴികളും ഉള്ള ഒരു ഇരുണ്ട ഇടം. ആദ്യമായിട്ട് തോക്കും വെടിയുണ്ടയുമൊക്കെ തൊട്ടതു അവിടെ വച്ചാണ്. ഒരു മാസത്തേക്ക് അവിടെയുള്ള വികാരിയച്ചനെ സഹായിക്കാനാണ് ഞാന്‍ അവിടെ പോയത്.
അച്ചന്‍ പറഞ്ഞു; “വീടുകള്‍ വെഞ്ചരിക്കണം. അതിനാണ് നിന്നെ വിളിച്ചത്. പറ്റുമെങ്കില്‍ നാളെ തന്നെ തുടങ്ങിക്കോ”.

ഇവിടെ വീടുകള്‍ വെഞ്ചരിക്കുന്നതിനു മുന്പ് അതിന്‍റെ ദിവസവും സമയവും കാണിച്ചുകൊണ്ടുള്ള ഒരു നോട്ടിസ് എല്ലാ ഫ്ലാറ്റുകളുടെയും മുന്‍പില്‍ പതിക്കാറുണ്ട്. അങ്ങനെ ഞാനീ നോട്ടിസുമായി പോകേണ്ട വഴികളിലെ ഫ്ലാറ്റുകളില്‍ പതിച്ചു പിറ്റേന്ന് തന്നെ ആശിര്‍വാദം തുടങ്ങി. കൂടെ സഹായിയായി വാണ്ട എന്ന പേരുള്ള പള്ളി സെക്രട്ടറിയായ ഒരു സ്ത്രിയും ഉണ്ടായിരുന്നു.

ഒരു കെട്ടിടത്തിന്‍റെ മുന്‍പില്‍ എത്തിയപ്പോള്‍ വാണ്ട ചോദിച്ചു; “ഇവിടെ കേറണോ?”
– “എന്താ?”
– “ഇവിടെയുള്ളത് മോശക്കരാ”
– “അതിനെന്താ നമ്മള്‍ വീട് ആശിര്‍വദിക്കാന്‍ വന്നതല്ലേ” എന്നു ചോദിച്ചുകൊണ്ട് ഞാന്‍ ആദ്യത്തെ ഫ്ലാറ്റിന്‍റെ ബെല്ലമര്‍ത്തി. സ്ത്രീവേഷം ധരിച്ച ഒരു പുരുഷരൂപം വാതില്‍ തുറന്നു. ഞങ്ങള്‍ അകത്തു കയറി പ്രാര്‍ത്ഥിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. “അച്ചാ, എല്ലാ വര്‍ഷവും ഇവിടെയുള്ള വീടുകള്‍ വെഞ്ചരിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ ഈ ഫ്ലാറ്റിലേക്ക് ആരും വരാറില്ല”.

അന്ന് ആദ്യമായിട്ട് സമൂഹം മാറ്റി നിര്‍ത്തിയ ഒരു വ്യക്തിയുടെ കണ്ണുകളിലെ സങ്കടവും സന്തോഷവും കണ്ടു.
അങ്ങനെ സമാന രീതിയിലുള്ള ആളുകള്‍ താമസിക്കുന്ന മറ്റു ഫ്ലാറ്റുകളും ആശിര്‍വദിച്ചു ഞങ്ങള്‍ ആ കെട്ടിടത്തിന്‍റെ ഏറ്റവും അവസാനത്തെ നിലയില്‍ എത്തി ബെല്ലടിച്ചു. വാതില്‍ പാതി തുറന്നു ഒരു സ്ത്രിയുടെ തല മാത്രം പുറത്തു വന്നു.
– “ആരാ?”
– “വീട് ആശിര്‍വദിക്കാന്‍ വന്നതാണ്‌”.
അപ്പോള്‍ത്തന്നെ അവര്‍ വാതില്‍ തുറന്നു.

വീട് നിറയെ സ്വര്‍ണ്ണ മുടിയുള്ള റഷ്യന്‍, അല്‍ബേനിയന്‍ പെണ്‍കുട്ടികള്‍. എല്ലാവരും ലൈംഗീക തൊഴിലാളികള്‍. മാഫിയായുടെ കെണിയില്‍ പെട്ട് അടിമകളായവര്‍. ഞാന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. പിന്നെ കേട്ടത് അടുക്കി പിടിച്ച എങ്ങലുകള്‍ ആയിരുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ നിമിഷത്തില്‍ പലരുടെയും തേങ്ങലുകള്‍ കരച്ചിലായി മാറി. എന്‍റെ കണ്ണുകളും നിറയാന്‍ തുടങ്ങി. വാതില്‍ തുറന്ന സ്ത്രീ കൈകള്‍ കൂപ്പി നിറകണ്ണുകളോടെ തൊട്ടരികില്‍ നില്‍ക്കുന്നു. എല്ലാവരുടെയുമേല്‍ ഞാന്‍ ഹന്നാന്‍ വെള്ളം തളിച്ചു. ഒന്നും മിണ്ടിയില്ല ഞാന്‍ അവരോട്. ഒന്നും പറഞ്ഞില്ല അവര്‍ എന്നോടും. പക്ഷെ ഉള്ളം പിടഞ്ഞാണ് അന്നു ഞാന്‍ ആ ഫ്ലാറ്റിന്‍റെ പടികള്‍ ഇറങ്ങിയത്‌.

മനുഷ്യന്‍ എന്ന അനന്തമായ വൈവിധ്യത്തെ അതിന്‍റെ തനിമയോട്‌ കൂടി കാണണം മനസിലാക്കണം ബഹുമാനിക്കണം എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ സംഗ്രഹം. അതിനെതിരായിട്ട് ചില സദാചാര തലസ്ഥാനങ്ങളില്‍ നിന്നും ഇന്കിസിഷന്‍ പ്രസംഗങ്ങളും സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും സൗജന്യമായി ടിക്കറ്റ് വിതരണവും നടത്തുന്നുണ്ട്. എന്‍റെ മതം മനുഷ്യനെ ആണായിട്ടും പെണ്ണായിട്ടും മാത്രമേ കാണാന്‍ അനുവദിക്കുന്നുള്ളൂ എന്നു പറഞ്ഞു മുന്‍പിലുള്ള പച്ച യാഥാര്‍ഥ്യത്തെ കണ്ടില്ല എന്നു വയ്ക്കാനും നമുക്ക് സാധിക്കില്ല.

പിന്‍കുറിപ്പ്: കന്യസ്തീകള്‍ നീതിക്കുവേണ്ടി സമരം നടത്തുന്നു. ഇടയന്‍റെ കരങ്ങളില്‍ അറവുകാരന്റെ തഴമ്പ്. കുഞ്ഞാടുകള്‍ ചിതറി ഓടുന്നു. ഇവിടെയും വിഷയം ലൈംഗീകത തന്നെയാണ്. ഒരു എട്ടുകാലി അതിന്‍റെ തന്നെ വലയില്‍ കുടുങ്ങിയിരിക്കുന്നു.

Image Courtesy: Prostitute Painting – Christ In The House Of Simon The Pharisee by Claude Vignon