ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഇന്നും ഓർമ്മയിൽ നിൽക്കുന്നുണ്ട്. ഇടവകയിൽ വലിയൊരു തർക്കം നടക്കുന്നു. ഇടവകയിലെ ചാരിറ്റി ഫണ്ട് ആയിരുന്നു അതിന്റെ മൂലകാരണം. ഇടവകയിലെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിനെ സഹായിക്കുന്നുണ്ടെങ്കിൽ ആ കുടുംബത്തിന്റെ പേരു വെളിപ്പെടുത്തില്ല എന്ന് വികാരിയച്ചൻ വാദിച്ചു. രണ്ടു കാരണമാണ് പ്രധാനമായും വികാരിയച്ചൻ ഇതിനായി പറഞ്ഞത് – ഒന്ന്, സഹായം സ്വീകരിക്കുന്ന കുടുംബത്തിന് അവരുടെ പേരു വെളിപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കും. രണ്ടാമത്, നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയരുത് എന്ന ബൈബിൾ വചനം. കാര്യം നല്ല ആശയം തന്നെ. പക്ഷെ അപ്പോൾ ഇടവകക്കാരിൽ ചിലർക്ക് ഒരു സംശയം – പേരു വെളിപ്പെടുത്താതെ ചാരിറ്റിക്കുവേണ്ടി ഇത്ര പണം കൊടുത്തു എന്നു പറയുന്നത് വികാരിയച്ചൻ ശരിക്കും കൊടുത്തു എന്ന് എന്താണു ഉറപ്പ്? അതിൽ ഒരു സുതാര്യതയുടെ കുറവില്ലേ? “അതും ശരിയാണ്” എന്നു ചിലർ. എന്തായാ‍ലും ഇടവകയിലെ ചാരിറ്റിഫണ്ട് അതിനു ശേഷം അധികം ഓടിയില്ല.

ക്രിസ്ത്യൻ ചാരിറ്റിയിലെ ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് രഹസ്യാത്മകതയും സുതാര്യതയും തമ്മിലുള്ള ഈ വൈരുദ്ധ്യാത്മക ചിന്താസരണികൾ. ഈ പ്രളയകാലത്തു സഭ നടത്തിയ ഇടപെടലുകൾ പലതും പരസ്യമാക്കിയപ്പോഴും ഇതേ ചോദ്യം പലരും ചോദിക്കുന്നതു കണ്ടു. അതുകൊണ്ട് ‘വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ” എന്ന വചനഭാഗവും ചെയ്യുന്ന പ്രവൃത്തികൾ സത്യസന്ധതയോടെ ക്രിത്യമായ കണക്കുകൾ നിരത്തി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്നു ഉറക്കെ ചിന്തിക്കുന്നത് നല്ലതാണെന്ന് എനിക്കു തോന്നുന്നു.

മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിന്റെ തുടക്കത്തിലാണു രഹസ്യമായി ചെയ്യേണ്ട സത്കർമ്മങ്ങളെക്കുറിച്ച് യേശു പഠിപ്പിക്കുന്നത്. “മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.” (മത്തായി 6:1). ഈ വചനം വായിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഒരു സംശയം തോന്നാം. മനുഷ്യൻ ചെയ്യുന്ന എല്ലാ സത്കർമ്മങ്ങളും രഹസ്യത്തിൽ ചെയ്യാൻ സാധിക്കുമോ? ഇല്ല. ഉദാഹരണമായി, ഈ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസത്തിലും ധാരാളം ആളുകൾ പങ്കാളികളായി. ഈ സത്കർമ്മങ്ങൾ രഹസ്യത്തിൽ ചെയ്യാൻ സാധിക്കുമായിരുന്നോ? മറ്റൊരു ഉദാഹരണം പറഞ്ഞാൽ കൊൽക്കത്തയിലെ മദർ തെരേസ തെരുവീഥികളിൽ കിടന്നിരുന്ന അനേകം പേരെ ശുശ്രൂഷിച്ചിരുന്നു. ഇവയൊക്കെ രഹസ്യമായി ചെയ്യാൻ സാധിക്കുമൊ? ഇല്ല. അപ്പോൾ എല്ലാ സത്കർമ്മങ്ങളെയും കുറിച്ചല്ല യേശു ഇവിടെ പഠിപ്പിക്കുന്നത് എന്നർത്ഥം. പിന്നെ ഏതൊക്കെ സത്കർമ്മങ്ങളെക്കുറിച്ചാണു യേശു ഇവിടെ പ്രതിപാധിക്കുന്നത്? തുടർന്നുവരുന്ന ഭാഗങ്ങളിൽ യേശു തന്നെ ഇതു വെളിവാക്കുന്നുണ്ട്. മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം രഹസ്യത്തിൽ ചെയ്യേണ്ട ‘നിങ്ങളുടെ ഈ സത്കൃത്യങ്ങൾ“ താഴെപ്പറയുന്നവ ആണ്

1. ദാനധർമ്മം (മത്തായി 6:2-4)
2. പ്രാർത്ഥന (മത്തായി 6:5-6)
3. ഉപവാസം (മത്തായി 6:16-18)

ഇതിൽ ഉപവാസം ഇന്നു തികച്ചും വ്യക്തിപരമായി മാറിക്കഴിഞ്ഞു. വിഷാദം ഭാവിച്ച് മറ്റുള്ളവരെ കാണിക്കാനായി ഉപവസിക്കുന്നവരെ ഇന്നു കാണാൻ സാധിക്കുകയില്ല. എന്നാൽ പ്രാർത്ഥന അങ്ങനെ അല്ല. വ്യക്തിപരമായി രഹസ്യത്തിലും സമൂഹത്തോടൊപ്പം പരസ്യമായും നാം പ്രാർത്ഥിക്കാറുണ്ട്. ഇതു വചനവിരുദ്ധമാണോ? ഇതു മനസിലാക്കുവാൻ യേശുവിന്റെ പ്രാർത്ഥനാരീതികളെക്കുറിച്ച് ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

യേശുക്രിസ്തു രണ്ടു രീതിയിൽ പ്രാർത്ഥിച്ചിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. അവൻ അതിരാവിലെ എഴുന്നേറ്റ് മലമുകളിലൊ വിജനപ്രദേശങ്ങളിലൊ പോയി രഹസ്യമായി പ്രാർത്ഥിച്ചിരുന്നു. എന്നാൽ അതേ സമയം ഏതൊരു വിശ്വസ്ത യഹൂദനെയും പോലെ ജറുസലെം ദേവാലയത്തിൽ പരസ്യമായും അവൻ പ്രാർത്ഥിച്ചിരുന്നു. രഹസ്യമായി പ്രാർത്ഥിക്കണം എന്നു പഠിപ്പിച്ച യേശു തന്നെ പരസ്യമായും പ്രാർത്ഥിച്ചിരുന്നെങ്കിൽ… അതിൽ നിന്നു നാം എന്താണു മനസിലാക്കേണ്ടത്? പ്രാർത്ഥന രണ്ടു തരത്തിൽ ഉണ്ട് – ഒന്നു രഹസ്യത്തിൽ വ്യക്തിപരമായുള്ള പ്രാർത്ഥന, മറ്റൊന്ന് – പരസ്യത്തിൽ സാമൂഹികമായുള്ള പ്രാർത്ഥന. ഇതു രണ്ടും കൂടാതെ പരസ്യമായി വ്യക്തിപരമായും പ്രാർത്ഥിക്കാൻ കഴിയും. ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും അപ്പം വർദ്ദിപ്പിക്കുന്നതിനു മുമ്പും അന്ത്യത്താഴ വേളയിലുമൊക്കെ യേശു ഇപ്രകാരം പരസ്യമായി പ്രാർത്ഥിച്ചിരുന്നു. പക്ഷെ ഈ അവസരത്തിലൊക്കെയും യേശു പ്രാർത്ഥിച്ചിരുന്നത് ദൈവീകമഹത്വം വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇവിടെയാണു രഹസ്യമായി പ്രാർത്ഥിക്കണം എന്നുള്ള യേശുവിന്റെ ആഹ്വാനത്തിന്റെ യഥാർത്ഥ അർത്ഥം നാം ഗ്രഹിക്കേണ്ടത്.

രഹസ്യമായി പ്രാർത്ഥിക്കണം എന്നു യേശു ആവശ്യപ്പെടുന്നത് അന്നു പരസ്യമായി പ്രാർത്ഥിച്ചിരുന്ന കപടനാട്യക്കാരുടെ മാതൃകയ്ക്കു വിരുദ്ധമായാണ്. “നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.” (മത്തായി 6:5). അതായത് നിങ്ങൾ പ്രാർത്ഥിക്കുന്നത് ഒരിക്കലും സ്വന്തം മഹത്വം അന്വേഷിക്കാൻ വേണ്ടിയാകരുത് എന്നർത്ഥം. പരസ്യമായുള്ള പ്രാർത്ഥനയല്ല, മറിച്ച് ‘മറ്റുള്ളവർ കാണാൻ വേണ്ടി’ ഇവയൊക്കെ ചെയ്യുന്നു എന്നുള്ളതാണു ഇവിടെ പ്രശ്നം. ഉപവാസത്തെക്കുറിച്ചും ദാനധർമ്മത്തെക്കുറിച്ചുമൊക്കെ പറയുന്ന ഭാഗങ്ങളിലും ഇതുതന്നെയാണു യേശു പഠിപ്പിക്കുന്നത്.

ദാനധർമ്മത്തെക്കുറിച്ചു പഠിപ്പിക്കുന്ന യേശു ഇപ്രകാരം പറയുന്നു, “മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.” (മത്തായി 6:1-4)

ദാനധർമ്മം രഹസ്യമായിരിക്കണം എന്നുള്ള യേശുവിന്റെ ഈ പ്രബോധനത്തെ നാം വ്യാഖ്യാനിക്കേണ്ടത് മുകളിൽ സൂചിപ്പിച്ച പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രബോധനങ്ങളുടെ ശൈലിയിൽ തന്നെ ആകണം. ഇതിൽ ആദ്യമേ തന്നെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം – യേശു സൂചിപ്പിക്കുന്നത് ദാനധർമ്മത്തെക്കുറിച്ചാ‍ണു എന്നുള്ളതാണ്. എങ്ങനെയാവണം ഇവിടെ സൂചിപ്പിക്കുന്ന ദാനധർമ്മം?

പൊതുസ്ഥലങ്ങളിൽ പെരുമ്പറകൊട്ടി രണ്ടു പേരെ അറിയിച്ച് നടത്തുന്നവ അല്ല ദാനധർമ്മങ്ങൾ. മുൻകൂട്ടി തീരുമാനിച്ചതിനു ശേഷം മാത്രമേ ഇപ്രകാരം സഹായങ്ങൾ ഒരുവനു ചെയ്യാൻ സാധിക്കൂ. ഇത്തരം സഹായങ്ങൾ ഇന്നും നമ്മിൽ പലരും ചെയ്യാറുണ്ട്. പൊതുയോഗങ്ങൾ കൂടി സ്കോളർഷിപ്പുകളോ സ്റ്റൈപന്റോ മറ്റു സഹായങ്ങളൊ ഒക്കെ ചെയ്യുമ്പോൾ നാം ഇതാണു ചെയ്യുന്നത്. എന്നാൽ ഇത്തരം സഹായങ്ങളെ ഒന്നും നാം ദാനധർമ്മങ്ങളായി കരുതാറില്ല. കാരണം, ദാനധർമ്മം എന്നത് പലപ്പോഴും അയത്നലളിതമായി സ്വമേധയാ ഉണ്ടാകേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ ആണെങ്കിൽ കൂടി ഭിക്ഷ യാചിക്കുന്നവനു രണ്ടാമതൊന്നും ചിന്തിക്കാതെ ദാനം ചെയ്യുന്നതുപോലെ ആകണം അത്.

ഇവിടെയാണു “നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ” എന്ന ക്രിസ്തുവിന്റെ പ്രബോധനം അർത്ഥവത്താകുന്നത്. ഈ പ്രബോധനത്തിനു രണ്ടർത്ഥമാണുള്ളത് – പരസ്പരപൂരകങ്ങളായ രണ്ടർത്ഥങ്ങൾ. ഒന്ന് – നീ ചെയ്യുന്ന ദാനധർമ്മങ്ങൽ രഹസ്യാത്മകം ആയിരിക്കണം. ഈ അർത്ഥമാണു നാം സാധാരണയായി മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഇതിലും മനോഹരമായ മറ്റൊരർത്ഥം കൂടി ഈ പ്രബോധനത്തിനുണ്ട്. ഇടതുകൈ അറിയുന്നതിനുമ്പ് തന്നെ വലതുകൈ പ്രവർത്തിക്കുന്നതുപോലെ ആകണം നിന്റെ ദാനധർമ്മം എന്നതാണു അത്. ഇടതുകൈ അറിയാതെ വലതുകൈക്ക് പ്രവർത്തിക്കാൻ സാധിക്കുന്നത് അനൈച്ഛിക ചേഷ്‌ടകളിൽ (reflex actions) മാത്രം ആണ്. അതായത് നമ്മുടെ ചിന്തകൾക്ക് മുമ്പ് പ്രവർത്തിക്കേണ്ടി വരുന്ന അവസരത്തിൽ ആണ് ഇപ്രകാരം നമുക്ക് ചെയ്യാനാവുക. നമ്മുടെ ദാനധർമ്മങ്ങളും ഇതുപോലെ reflex actions ആയിരിക്കണം. ഇപ്രകാരം റിഫ്ലക്സ് ആക്ഷൻ എന്ന പോലെ നാം ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ അതിനു മുമ്പ് പെരുമ്പറ കൊട്ടിയൊ കാഹളം മുഴക്കിയോ ലോകത്തെ അറിയിക്കുവാൻ നമുക്ക് സമയം കിട്ടില്ല. പിന്നീട് എന്തെങ്കിലും കാരണവശാൽ അത് ലോകം അറിയുമെങ്കിൽ കൂടി ചെയ്യുന്ന സമയത്ത് അതു നമ്മുടെ ഉദ്ദേശം അല്ലാതിരുന്നതിനാൽ അത് രഹസ്യമായി ചെയ്ത ഒരു പ്രവർത്തിയായി കണക്കുകൂട്ടാം.

ഈ കഴിഞ്ഞുപോയ പ്രളയകാലത്ത് ഇപ്രകാരം ചിന്തിക്കുന്നതിനു മുമ്പ് തന്നെ പ്രവർത്തിച്ചിരുന്ന അനേകരെ കാണുവാൻ നമുക്ക് ഇടയായി. പ്രളയത്തിൽ പെട്ട് കരയുന്ന മനുഷ്യരുടെ വേദന കണ്ട് തങ്ങൾക്കുണ്ടാകാവുന്ന നഷ്ടത്തിന്റെ കണക്കു നോക്കാതെ തന്നെ തങ്ങളുടെ എല്ലാമായ ബോട്ടുകളുമായി വന്ന മത്സ്യത്തൊഴിലാളികൾ തന്നെ ഏറ്റവും വലിയ ഉദാഹരണം. കേരളത്തിൽ അങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ദുരിതാശ്വാസക്യാമ്പുകൾ നടത്തുകയും മറ്റും ചെയ്ത സഭയും ഇത്തരത്തിൽ തന്നെയാണു പ്രവർത്തിച്ചത്. സ്വയം ഉണ്ടാകാവുന്ന നഷ്ടമൊ ലാഭമൊ കണക്കുകൂട്ടാതെ മറ്റു മനുഷ്യരെ സഹായിക്കാൻ ഒരു റിഫ്ലക്സ് ആക്ഷൻ എന്ന വണ്ണം സഹായിക്കാൻ തയാറായ എല്ലാവരും സത്യത്തിൽ ഇടതുകൈ അറിയാതെ തന്നെ / അല്ലെങ്കിൽ ഇടതുകൈ അറിയുന്നതിനു മുമ്പ് തന്നെ വലതുകൈകൊണ്ട് പ്രവർത്തിച്ചവരാണ്. ഇതാണു യഥാർത്ഥത്തിൽ ദാനധർമ്മം.

ഇപ്രകാരം ഒരു റിഫ്ലക്സ് ആക്ഷൻ എന്ന രീതിയിൽ വ്യാഖ്യാനിക്കാൻ സാധിക്കുമെങ്കിലും യേശുവിന്റെ പ്രബോധനത്തിൽ ഉൾക്കൊണ്ടിരിക്കുന്ന രഹസ്യാത്മകതയുടെ മഹത്വം നമുക്ക് തള്ളിക്കളയാൻ ആവില്ല. യേശു പഠിപ്പിക്കുന്ന ദാനധർമ്മത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് ഈ ദാനധർമ്മങ്ങൾ തീർത്തും രഹസ്യമായിരിക്കണം എന്നതിലുപരി അവ ദൈവീകമഹത്വം അന്വേഷിക്കുന്നവ ആയിരിക്കണം എന്നുള്ളതാണ്. അങ്ങനെ നോക്കിയാൽ ദാനധർമ്മത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമായും വ്യക്തികളാണ്. വ്യക്തിപരമായ പ്രാർത്ഥനയാണു രഹസ്യമായിരിക്കണം എന്നു യേശു പഠിപ്പിക്കുന്നത് എന്ന കാര്യം മുകളിൽ സൂചിപ്പിച്ചിട്ടുള്ളത് ഓർക്കുമല്ലോ. അതുപോലെ തന്നെ വ്യക്തിപരമായി നാം ചെയ്യുന്ന ദാനധർമ്മങ്ങൾ നമ്മുടെ വ്യക്തിപരമായ മഹത്വത്തിനു വേണ്ടി ആകാതെ ദൈവീകമഹത്വത്തിനു വേണ്ടി ചെയ്യുന്ന നമ്മുടെ കടമ എന്ന രീതിയിൽ ആകണം. ആവശ്യമുള്ളവരെ കാണുമ്പോഴെ അലിവുണ്ടാകുന്ന ഒരു മനസുള്ളവർക്ക് മാത്രമേ പെരുമ്പറ കൊട്ടി നാട്ടുകാരെ അറിയിക്കാതെ ഒരു റിഫ്ലക്സ് ആക്ഷൻ എന്ന നിലയിൽ ഇത്തരം ദാനധർമ്മങ്ങൾ ചെയ്യുവാൻ സാധിക്കൂ.

എന്നാൽ ഈ രഹസ്യാത്മകത ഒരു സംഘടനയൊ സഭയൊ കാത്തുസൂക്ഷിക്കേണ്ട ആവശ്യകത ഉണ്ടോ? ഇല്ല. അങ്ങനെ ചെയ്യാനേ പാടില്ല എന്നാണു എന്റെ അഭിപ്രായം. ഏറ്റവും പ്രധാന കാരണം –ഒരു സമൂഹമെന്ന നിലയിൽ ചെയ്യുന്ന ഈ നന്മകൾ നമുക്കൊരിക്കലും രഹസ്യമായി സൂക്ഷിക്കാൻ സാധ്യമല്ല എന്നുള്ളതാണ്. മാത്രമല്ല, ഇവ പരസ്യമാകുന്നതിലൂടെ ഒരു ക്രിസ്തീയ സംഘടനയിലൊ സഭയിലൊ ആർക്കും വ്യക്തിപരമായ ഒരു മഹത്വവും ലഭിക്കുന്നില്ല. സഭയിലൂടെ കീർത്തിക്കപ്പെടുന്നത് എപ്പോഴും ദൈവമായിരിക്കും.

ദൈവശാസ്ത്രപരമായ ഈ കാഴ്ചപ്പാടുകൾ മാറ്റി നിർത്തിയാൽ തന്നെ സഭയിലെ സാമ്പത്തിക സുതാര്യതയ്ക്കും ഇന്റഗ്രിറ്റിയ്ക്കും വേണ്ടി സഭ സാമൂഹികമായി ചെയ്യുന്ന കാര്യങ്ങൾ പരസ്യപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണമായി ഈ പ്രളയകാലത്ത് കേട്ട രണ്ടു ചോദ്യങ്ങൾ ഇവിടെ എഴുതാം.
1. സഭ എന്താണു ചെയ്തത്?
2. സർക്കാർ മാത്രമാണു സുതാര്യത ഉള്ള സംവിധാനം. സഭയ്ക്ക് പണം കൊടുത്താൽ അതു എങ്ങനെ ചിലവാക്കും എന്നു എന്താണു ഉറപ്പ്?
ഈ രണ്ടു ചോദ്യങ്ങൾക്കും മറുപടി പറയണമെങ്കിൽ സഭ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് പരസ്യമായി വെളിപ്പെടുത്തുക തന്നെ വേണം. ഈ ലേഖനത്തിന്റെ തുടക്കം സൂചിപ്പിച്ചതുപോലെ ഒരു സമൂഹം എന്ന നിലയിൽ നാം ചെയ്യുന്ന ദാനധർമ്മങ്ങളോ സഹായങ്ങളൊ ക്രിത്യമായി ഓഡിറ്റ് ചെയ്യുവാൻ നമുക്ക് സാധിച്ചില്ലെങ്കിൽ അവയിലെ നന്മ നഷ്ടപ്പെടുകയും അവ മനുഷ്യർക്ക് ഉതപ്പിനു കാരണമാവുകയും ചെയ്യും.

അതിനാൽ സഭയൊ സഭയുടെ സംഘടനകളൊ ചെയ്യുന്ന സഹായങ്ങൾ ക്രിത്യമായി പരസ്യപ്പെടുത്തുകയും സുതാര്യമാക്കുകയും വേണം. രഹസ്യാത്മകത കാത്തുസൂക്ഷിക്കുവാൻ കടപ്പാ‍ടില്ലെങ്കിലും മനുഷ്യരുടെ കഷ്ടപ്പാടുകളിൽ അലിവു തോന്നി രണ്ടാമതൊന്നു ആലോചിക്കാതെ സഹായിക്കുവാൻ സഭയ്ക്കും സഭാസംഘടനകൾക്കും സാധിക്കണം. അപ്രകാരം സാധിക്കുന്നിടത്ത് ഇടത്തുകൈ അറിയാതെ തന്നെ ഞങ്ങളുടെ വലത്തുകൈ പ്രവർത്തിച്ചിരുന്നുവെന്ന് അഭിമാനപൂർവ്വം പറയുവാൻ നമുക്ക് സാധിക്കും. അപ്രകാരം സഹായിക്കുവാൻ ഉള്ള മനസ് നമുക്കേവർക്കും നമ്മുടെ സഭയ്ക്കും സംഘടനകൾക്കും ഉണ്ടാകട്ടെ.