ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മനുഷ്യന്റെ മനസുകൾക്ക് ഇളക്കം തട്ടും. ദുരന്ത കാരണങ്ങളെ മാനുഷിക ബുദ്ധി കൊണ്ട് മനസിലാക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. പ്രിയപ്പെട്ടവ നഷ്ടപ്പെടുമ്പോളും, അധ്വാനം ഫലമണിയാതെ വരുമ്പോളും ഒക്കെ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവും.

അപ്പോൾ നാം വളരെ ശക്തിഹീനരാണ് എന്ന് നമുക്ക് തോന്നിയേക്കാം. ഇത് മനസിന്റെ വലിയൊരു പ്രശ്നമാണ്. ഈ അവസരങ്ങളിൽ ശക്തിയുള്ള ആളുകൾക്ക് മാത്രമേ നമ്മെ രക്ഷിക്കാനാവൂ എന്ന് നാം വിചാരിക്കും.

പ്രളയാനന്തര കേരളത്തിൽ, സാമ്പത്തിക സഹായമോ, മറ്റു അർഹതപ്പെട്ട അവകാശങ്ങളോ നേടിയെടുക്കണം എങ്കിൽ രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും സഹായം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് നമുക്ക് തോന്നും. ഈ തോന്നൽ ശക്തിശ്രേണിയിൽ അവരെ കൂടുതൽ ശക്തരും, നമ്മെ ശക്തിഹീനരും ആക്കി മാറ്റും.

സാമ്പത്തിക കാര്യത്തിൽ ആരൊക്കെ നമ്മെ സഹായിച്ചാലും നമ്മുടെ പ്രശ്നങ്ങൾ തീരുന്നില്ല. കാരണം മനുഷ്യൻ അടിസ്ഥാനപരമായി ഒരു ദാർശനിക ജീവി കൂടിയാണ്. ‘എന്ത് കൊണ്ട് ഇത് എനിക്ക് സംഭവിച്ചു?’ എന്ന ചോദ്യം അവരെ കഠിനമായി അലട്ടി കൊണ്ടിരിക്കും. അവരുടെ ആ വലിയ അസ്തിത്വ പ്രശ്നത്തിന് മറുപടി നൽകാൻ ഏറ്റവും കഴിവുള്ളവരാണ് ആത്മീയ പാലകർ എന്ന് അവർ നിനക്കും. ആത്മീയ പാലകർ എന്ന് പറയുമ്പോൾ, ജ്യോതിഷികൾ, കണിയാന്മാർ, ഓത്തുകാർ, ആഭിചാരക്കാർ എന്നിവരൊക്കെ പെടും. ആ ഗണത്തിൽ ഇപ്പോൾ ചില സുവിശേഷ പ്രസംഗകരും, പ്രാർത്ഥനക്കാരും, ദർശന വരം ഉണ്ട് എന്ന് പറയുന്നവരും പെടുന്നു എന്നത് യഥാർത്ഥ വിശ്വാസികൾ ജാഗരൂകത പുലർത്തേണ്ട കാര്യമാണ്.

ഈ ദിവസങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോ സന്ദേശങ്ങളാണ് ഇത് എഴുതാൻ കാരണം. ചില പ്രമുഖ കത്തോലിക്കാ കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാർ ദൈവത്തിനെതിരെ മനുഷ്യൻ തിരിഞ്ഞത് കൊണ്ടുണ്ടായ പ്രശ്‌നമാണ് പ്രളയം എന്ന മട്ടിൽ സന്ദേശങ്ങൾ കൊടുക്കുന്നുണ്ട്. “സ്രഷ്ടാവിനെതിരെ തിരിയുമ്പോൾ പ്രകൃതി മനുഷ്യനെതിരെ തിരിയും” എന്ന് അവർ അഭിപ്രായപ്പെട്ടു.

വെള്ളം ഇറങ്ങാൻ തുടങ്ങിയതിന്റെ അടുത്ത നാളിൽ തന്നെ കുറെ പ്രവചനക്കാർ വെള്ളപ്പൊക്കത്തെ മുതലെടുത്തു സന്ദേശങ്ങൾ ഇറക്കിയിരുന്നു. മാർട്ടിൻ ആന്റണി എന്ന വൈദികൻ അതിനു ശ്രദ്ധേയമായ പ്രതികരണം നൽകിയിട്ടുണ്ട്.

പ്രളയകാലത്തെ ദര്‍ശനങ്ങള്‍

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വാട്സപ്പിലേക്ക് ഒരു വീഡിയോ ഫോര്‍വേഡ് ചെയ്തു തന്നിട്ടു…

Posted by Martin Antony on Wednesday, August 29, 2018

 

പ്രമുഖനായ മറ്റൊരു ധ്യാനഗുരു വ്യഖ്യാനിച്ചതു പ്രളയത്തിന് കാരണം “വൈദികരെയും, ശ്രേഷ്ഠന്മാരെയും, സഭയെയും, വി. കുർബാനയെയും, കൂദാശകളെയും ഒക്കെ മനുഷ്യർ കോമാളിത്തത്തോടെ കണ്ടതിനാൽ” ആണ് എന്നാണു. അത് സ്ഥാപിച്ചെടുക്കാൻ അദ്ദേഹം ചില, അവിശ്വസനീയ സംഭവങ്ങളുടെ ഉദാഹരണം ഒക്കെ അവതരിപ്പിക്കുന്നുണ്ട്. ദൈവം എന്നോട് നേരിട്ട് പറഞ്ഞതിനാലാണ് ഞാൻ ഇത് നിങ്ങളെ അറിയിക്കുന്നത് എന്ന് അദ്ദേഹം ആവർത്തിക്കുന്നു.

Kripabhisheka Dhyanam

Fr Dominic Valanminal Anakkara

Posted by Subin Thomas on Wednesday, August 29, 2018

 

ദുരന്തങ്ങളെ ഈശോയുടെ കണ്ണുകൊണ്ടു നാം കാണാൻ പഠിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമോ സാമൂഹ്യമോ ആയ ദുരന്തങ്ങളുമായിട്ടാണ് പലരും ഈശോയെ അഭിമുഖീകരിച്ചത്. അന്ധനോ, കുഷ്ഠരോഗിയോ, പിശാചുബാധിതാണോ, കല്ലെറിയപ്പെടേണ്ട പാപം ചെയ്‌തവളോ ഒക്കെയായി ഈശോക്ക് മുന്നിലെത്തിയ വ്യക്തികൾ അവന്റെ സ്പർശത്താലും, സ്നേഹകടാക്ഷത്താലും സൗഖ്യം പ്രാപിച്ചു ശാന്തിയോടെ തിരിച്ചു പോയി. കൊടുങ്കാറ്റിൽ അകപ്പെട്ട ശിഷ്യന്മാരും, മൂന്നു നാൾ ഭക്ഷണം കിട്ടാതെ അലഞ്ഞ വലിയ ജനക്കൂട്ടം ഒക്കെ അവരുടേതായ ദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോൾ കരുണയുടെ മുഖമുള്ള ഈശോ ആശ്വാസത്തിന്റെ കുളിർമ്മ അവരിലേക്ക്‌ പകർന്നു.

ഒരിടത്തു ആളുകൾ അവനോടു ചോദിക്കുന്നു: “ഇവനോ ഇവന്റെ മാതാ പിതാക്കളോ പാപം ചെയ്തതിനാലാണ് ഇവൻ അന്ധനായി ജനിച്ചത്?” ഈശോ കൃത്യമായി നയം വ്യക്തമാക്കുന്നു: “ഇവനോ ഇവന്റെ മാതാ പിതാക്കളോ പാപം ചെയ്തതിനാൽ അല്ല, ദൈവത്തിന്റെ ശക്തി അവനിൽ പ്രകടമാകുന്നതിനു വേണ്ടിയാണ്…” മറ്റൊരിടത്തു ഗലീലിയക്കാരായ ചിലരെ പീലാത്തോസ് വധിച്ചതും, സിലോഹയിൽ ഗോപുരം ഇടിഞ്ഞു വീണു പതിനെട്ടു പേര് മരിച്ചതും, അവർ കൂടുതൽ പാപികളായിരുന്നതിനാലാണോ എന്ന് ചിലർ ചോദിക്കുമ്പോൾ, അല്ല എന്ന് അസന്ദിഗ്ധമായി ഈശോ പറയുന്നു.

ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ചെറിയ സന്ദേശം ഈശോയുടെ കരുണയുള്ള കണ്ണുകളെ നമ്മുടെ നേരെ തിരിക്കാൻ പോരുന്നതാണ്.

 

അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായി തോന്നിയ വാക്കുകൾ കേട്ടിട്ടില്ല. ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നു എന്നു പറയപ്പെടുന്ന അത്ഭു ത രോഗശാന്തികളെ പൊളിച്ചടുക്കി യാഥാർഥ്യം നിറഞ്ഞ ഒരു വിശദീകരണം.

Posted by P.j. Thomas on Thursday, August 2, 2018

 

ദുരന്ത സമയത്തു ആത്മീയ മുതലെടുപ്പ് നടത്തുന്നതിനേക്കാൾ വലിയ ദുരന്തം ഇല്ല. ആളുകൾ അസ്തിത്വ ദുഖത്താൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുമ്പോൾ അവർക്കു ആശ്വാസത്തിന്റെയും, രക്ഷയുടെയും, അനുഭവം കൊടുക്കുക എന്നതാണ് ഒരു ആത്മീയ പാലകൻ ചെയ്യേണ്ടതു. അത് സ്വാഭാവികമായും അവരെ യഥാർത്ഥ ദൈവാനുഭവത്തിലേക്കു നയിക്കും. എന്നാൽ വൈദികരെയും സഭയെയും വിമർശിച്ചത് കൊണ്ടാണ് പ്രളയം ഉണ്ടായത് എന്നത് ഒരു ആത്മീയ വ്യാഖ്യാനത്തിനും നിരക്കുന്നതല്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളം മഹാപ്രളയം നിറഞ്ഞാടിയപ്പോൾ എത്രമാത്രം നീതിമാന്മാരും, ധർമ്മിഷ്ഠരും, യഥാർത്ഥ ദൈവഭക്തരുമായ ആളുകൾ അതിന്റെ കെടുതി അനുഭവിച്ചു. അതൊക്കെ ദൈവശാപം ആണ് എന്ന് പറഞ്ഞു വക്കുന്നതോളം ആത്മീയവൈകൃതം വേറെ ഇല്ല.

തീർച്ചയായും, പ്രകൃതിക്കു നമ്മെ വളരെ ഏറെ പഠിപ്പിക്കാനുണ്ട്. പ്രകൃതിയുടെ രഹസ്യങ്ങളിലൂടെ കൂടിയുമാണ് ദൈവം മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നതു എന്ന് വേദപുസ്തകം വെളിപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങൾ ദൈവത്തിന്റെ ശിക്ഷയായല്ല, നമ്മുടെ ചെയ്തികളെയും, മനോഭാവങ്ങളെയും പുനഃപരിശോധിക്കാനുള്ള അവസരമായി കാണണം. പരിഹരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അവ പരിഹരിക്കുകയും വേണം.

എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ (അദ്ധ്യായം 13) വ്യാജ പ്രവാചകന്മാരെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

ദർശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാർക്കു ദുരിതം!… കർത്താവിന്റെ ദിനത്തിൽ യിസ്രായേൽ ഭവനം യുദ്ധത്തിൽ ഉറച്ചുനിൽക്കേണ്ടതിന്നു നിങ്ങൾ കോട്ടയിലെ വിള്ളൽ പരിഹരിക്കുകയോ, മതിൽ കെട്ടുകയോ ചെയ്തില്ല.
അവർ കള്ളം പറയുടെയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കർത്താവ് അവരെ അയച്ചിട്ടില്ലെങ്കിലും ‘കർത്താവ് അവരെ അയച്ചിരിക്കുന്നു’ എന്ന് പറയുകയും നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു. ഞാൻ അരുളിച്ചെയ്യാതിരിക്കെ കർത്താവിന്റെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിഥ്യാദർശനം കാണുകയും വ്യാജപ്രവചനം നടത്തുകയുമല്ലേ ചെയ്തിരിക്കുന്നതു? ദൈവമായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചതു കൊണ്ടും, മിഥ്യാ ദർശനം കണ്ടിരിക്കുന്നത് കൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു. ദൈവമായ കർത്താവാണ് അരുളിചെയ്തിരിക്കുന്നതു. വ്യാജം പ്രവചിക്കയും വ്യർത്ഥദർശനങ്ങൾ കാണുകയും ചെയ്യുന്ന പ്രവാചകന്മാർക്ക്കെതിരെ എന്റെ കൈ ഉയരും…

പ്രളയത്തിന്റെ കാരണം വൈദിക കോപം ആണ് എന്ന് പറഞ്ഞുറപ്പിക്കുന്നവർ സഭയിലെ അപചയത്തിനും കേടുപാടുകൾക്കും ഉത്തരവാദികൾ ആര് എന്ന കാര്യത്തിൽ മൗനം പാലിക്കുന്നു. “നിങ്ങൾ കോട്ടയിലെ വിള്ളൽ പരിഹരിക്കുകയോ, മതിൽ കെട്ടുകയോ ചെയ്തില്ല.” എന്നത് പ്രവാചകനിലൂടെ ദൈവം വ്യാജപ്രവാചകർക്കു നൽകുന്ന മുന്നറിയിപ്പാണ്. സഭയാകുന്ന കോട്ടയിലെ വിള്ളലുകൾ പരിഹരിക്കാൻ ഏറ്റവും ഉത്തരവാദിത്തം വചനത്തിന്റെ കാർമ്മികരായ പുരോഹിതർക്ക് തന്നെ. അത് ചെയ്യാതിരുന്നിട്ടു, സാധാരണക്കാരെ ഭയപ്പെടുത്തുന്ന വ്യാഖ്യാനം നൽകുന്നത് സുവിശേഷം തന്നെയോ എന്ന് ആത്മശോധന ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.