വിശപ്പകറ്റാൻ റൊട്ടി മോഷ്ടിക്കുന്ന ബാലന്റെ കഥയൊക്കെ നാം വിക്ടർ യൂഗോവിന്റെ ‘പാവങ്ങളി’ലും, ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്ടേഷൻസി’ലും വായിച്ചിട്ടുണ്ടാവാം. അത് ദാരിദ്ര്യം മൂലമുള്ള വിശപ്പ് അകറ്റാൻ ഗത്യന്തരമില്ലാതെ ചെയ്തു പോകുന്നതാണ്.

എന്നാൽ, എല്ലാം ഉള്ള സമ്പന്നർ മോഷ്ടിക്കുന്നതു നമ്മെ അദ്‌ഭുതപ്പെടുത്തുന്നു. സമാധാന കാലത്തല്ലാതെ, പ്രളയ കാലത്തു പാവങ്ങൾക്ക് അർഹതപ്പെട്ട വകകൾ മോഷ്ടിക്കുമ്പോൾ അത് കൂടുതൽ ഹീനമാകുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള ആഹാരവും, മറ്റു അവശ്യ സാധനങ്ങളും മറ്റിടങ്ങളിലേക്ക് കടത്തി എന്നുള്ള വാർത്ത ഞടുക്കത്തോടും വേദനയോടുമാണ് വായിച്ചത്. ക്യാമ്പുകളിൽ ജോലി ചെയ്യുന്ന ഉന്നത ജോലികളിലുള്ള ആളുകളും സാധനങ്ങൾ ആവശ്യക്കാർക്ക് കൊടുക്കാതെ സ്വന്തം വീട്ടിലേക്കു കൊണ്ട് പോയി എന്ന് വായിച്ചപ്പോൾ അമ്പരന്നു പോയി. കളഞ്ഞു പോയ ബാഗോ, മറന്നു വച്ച സ്വർണാഭരങ്ങളോ, വഴിയിൽ കിടന്നു കിട്ടുന്ന പണമോ ഒക്കെ സത്യസന്ധമായി ഉടമസ്ഥരെ തിരിച്ചേല്പിക്കുന്ന സാധാരണക്കാർക്ക് വാഴ്ത്തുകൾ ലഭിക്കുന്ന നമ്മുടെ കേരളത്തിലാണ് സമ്പന്നർ കക്കാൻ നാണിക്കാത്തത് എന്നോർക്കണം.

ചില കൊച്ചു കുട്ടികൾ മറ്റു കുട്ടികളുടെ ചെറിയ സാധനങ്ങൾ മോഷ്ടിക്കാറുണ്ട്. എന്നാൽ ഉദാത്തമായ ധാർമിക ജീവിതം നയിക്കുന്ന മുതിർന്നവരിൽ പലരും തരം കിട്ടിയാൽ, അല്ലറ ചില്ലറ സാധനങ്ങൾ തനിക്കായി എടുക്കുന്നത് കാണാം. ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ, കൂടുതൽ ഭക്ഷണം കഴിക്കുക, അതിൽ ഉപയോഗത്തിനായി കൊടുക്കുന്ന സാധനങ്ങൾ എടുക്കുക, പൊതു ടോയ്ലെറ്റുകളിൽ ആവശ്യത്തിലധികം ടിഷ്യു പേപ്പർ ഉപയോഗിക്കുക, കടകളിൽ നിന്നും, വീടുകളിൽ നിന്നും അറിയാതെ സാധനങ്ങൾ കൈക്കലാക്കുക എന്നിവയൊക്കെ ഒരു മോഷ്ടാവിന്റെ മനസ്ഥിതിയുള്ളവരാണ് ചെയ്യുന്നത്.

തങ്ങൾ ജീവിതത്തിൽ കബളിപ്പിക്കപ്പെട്ടു അഥവാ, ജീവിതം (സമൂഹം) തങ്ങളോട് അന്യായമായാണ് പെരുമാറുന്നത് എന്നൊക്കെയുള്ള തോന്നലാണ് പലരെയും മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്നത്. അഴിമതി നിലനിൽക്കുന്ന ദേശങ്ങളിൽ, സർക്കാർ സാധാരണക്കാരനോട് ഉത്തരവാദിത്തമില്ലാതെ ഇടങ്ങളിലും ഇത്തരത്തിലുള്ള പരോക്ഷമായ മോഷണം നടക്കും. അല്പം പഠിപ്പും, സാമ്പത്തികവും ഉള്ളവരാണ് മാന്യമായ ഈ മോഷണം നടത്തുന്നത്. പാവപ്പെട്ടവർ, പേടി കൊണ്ടോ, ആത്മാർത്ഥത കൊണ്ടോ, ധാർമ്മിക ബോധം കൊണ്ടോ ആ പണിക്കു പോവില്ല.

അത് കൂടാതെ, ഡിപ്രെഷൻ പോലുള്ള രോഗങ്ങൾ ഉള്ളവർ മോഷ്ടിക്കാൻ സാധ്യത ഉണ്ട് എന്ന് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാൽ ഈ മോഷണങ്ങൾ തെറ്റാണു എന്ന് ഇവരിൽ പലരും കരുതുന്നില്ല. അതിന്റെ കാരണം എന്താണെന്ന് സോക്രടീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ആരും അറിഞ്ഞോണ്ട് തെറ്റ് ചെയ്യുന്നില്ല, തെറ്റ് അവരുടെ മനസിനുള്ളിൽ ശരിയായി പരിണമിക്കുന്നു.” ഇത് എനിക്ക് അവകാശപ്പെട്ടതാണ് എന്ന് കള്ളൻ ആദ്യമേ തെന്നെ തന്റെ മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. മറ്റുള്ളവരെക്കാൾ അധികമായി അത് തനിക്കാണ് അർഹതപെട്ടതെന്നും അയാൾ മനസിനെ ബോധ്യപ്പെടുത്തും. യുക്തി കൊണ്ട് ചെയുന്ന ഇതു സത്യത്തിൽ ഒരു പെരുമാറ്റ വൈകൃതം ആണ്.

എന്നാൽ, സമ്പന്നരും, പഠിപ്പുള്ളവരുമാണ് കൂടുതലായി, മോഷ്ടിക്കാനും, കള്ളം പറയാനും, ചതിക്കാനും ശ്രമിക്കുന്നത് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വില കൂടിയ കാറുകളിൽ വരുന്ന ആളുകളാണ് സാധാരണക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതെന്നു ചില പഠനങ്ങൾ തെളിയിക്കുന്നു. ധനികരാണ് കൂടുതലായി മോഷ്ടിക്കുന്നത് എന്നും തെളിയിക്കപെട്ടിട്ടുണ്ട് ഉണ്ട്. അവരാണ് കൂടുതലായി മറ്റുള്ളവരെ കബളിപ്പിക്കുന്നത്, അവരാണ് പാവപ്പെട്ടവരേക്കാൾ കുറച്ചു മാത്രം പൊതുകാര്യത്തിലേക്കു സംഭാവന ചെയ്യുന്നത്. അവർക്കു മറ്റുള്ളവരോട് സഹാനുഭൂതിയും കുറവായിരിക്കും.

സത്യത്തിൽ, പണവും സമ്പത്തുമാണ് തങ്ങളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത് എന്ന് അത്തരക്കാർ കരുതുന്നു.

ഏതായാലും, തനിക്കു അവകാശപെട്ടതിലും, തനിക്കു ഉള്ളതിലും മാത്രം ആത്മാർത്ഥവുമായ സന്തോഷം അനുഭവിക്കാൻ സാധിക്കാത്തിടത്തോളം നാം കുറ്റബോധമില്ലാതെ മോഷ്ടിച്ച് കൊണ്ടേ ഇരിക്കും. ജനത്തിന് നിയമ പരമായി അർഹതപെട്ട അവകാശങ്ങൾ നൽകാത്തിടത്തോളം ഭരണ കൂടങ്ങൾ ഇത്തരം മോഷണത്തെ അനുഗ്രഹിച്ചു കൊണ്ടുമിരിക്കും.