പ്രളയാനന്തരം പുനഃസൃഷ്ടിയിലൂടെ നവ കേരളം പടുത്തുയർത്തും എന്നതാണ് ഇപ്പോഴത്തെ പല്ലവി. എന്നാൽ ഇപ്പോഴും സഹായധനത്തിന്റെ സമാഹരണത്തിലാണ് വ്യഗ്രത അത്രയും. വന്നു ചേർന്ന സഹായ ഇനങ്ങൾ ചിലയിടങ്ങളിൽ വിതരണം ചെയ്യുന്നതിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും വിതരണം അവതാളത്തിലാണ്.

പുനർനിർമ്മാണത്തിന്റെ ഒരു വൺ ലൈനർ പോലും ഇതുവരെയും ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞതായി അറിവില്ല. പ്രധാനമായും ധനമന്ത്രി, പിന്നെ മറ്റു ബന്ധപ്പെട്ട മന്ത്രിമാർ, സർവോപരി മുഖ്യമന്ത്രി ഇതിനകം തന്നെ വിവരിക്കേണ്ടിയിരുന്ന ഒരു കാര്യമാണ് പുനർ നിർമ്മാണത്തിന്റെ ദർശനവും പ്രായോഗിക നയവും. അതിന്റെ വിശദാശങ്ങൾ തയ്യാറാക്കാൻ മാസങ്ങൾ എടുക്കാം, എങ്കിലും അതിന്റെ കരട് ദർശനം ഇപ്പോഴേ ഒരുക്കേണ്ടിയിരിക്കുന്നു.

ഒന്ന് രണ്ടു കാര്യത്തിൽ ഇപ്പോഴേ ശ്രദ്ധ വച്ചില്ലെങ്കിൽ പുനർനിർമ്മാണം നടക്കാത്ത ഒരു മുദ്രാവാക്യമായി മാറും.

  1. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതിനാണ് പ്രധാനമായും ഊന്നൽ കൊടുക്കേണ്ടത്. അത് ഇന്ന് തന്നെ തുടങ്ങണം.
  2. പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിച്ചു കൊണ്ട് വേണം അത് നിർവഹിക്കുവാൻ.
  3. ഇത് നടപ്പാക്കണം എന്നുണ്ടെങ്കിൽ കേരളത്തിന്റെ തൊഴിൽ സംസ്കാരം പാടെ മാറേണ്ടിയിരിക്കുന്നു. മുതലാളിമാർ എന്ന നിലയിൽ നിന്ന് അധ്വാനികളായ സംരംഭകർ എന്ന നിലയിലേക്കും, ഏതു ജോലിയും അഭിമാനത്തോടെ ചെയുന്ന മനോഭാവമുള്ള തൊഴിലാളികൾ എന്ന നിലയിലേക്കും യുവത വളരേണ്ടിയിരിക്കുന്നു.
  4. ഉത്തരവാദിത്തമുള്ള തൊഴിൽ സംസ്കാരം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു നാം. ഇതിൽ തൊഴിൽ ദാതാവും, തൊഴിലാളിയും പുനർനിർമ്മാണം എന്ന ഉത്തരവാദിത്തം ആത്മാർത്ഥതയോടെ ഏറ്റെടുക്കുകയും പരസ്പരമുള്ള ഉത്തരവാദിത്തം അങ്ങേയറ്റം ആത്മാർത്ഥയതയോടെ നിർവഹിക്കുകയും വേണം. അതായത് ട്രേഡ് യൂണിയന്റെ ആവശ്യം ഇല്ല. ഉള്ള ട്രേഡ് യൂണിയനുകളെല്ലാം പിരിച്ചു വിടണം. തൊഴിൽ ചൂഷണങ്ങളെ നിയമവേദിയിൽ കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാവണം. ആവശ്യമെങ്കിൽ ചൂഷിതർക്കു സർക്കാർ നിയമ സഹായം സൗജന്യമായി നൽകണം.
  5. കേരളത്തിന് പുറത്തു നിന്ന് നാം വാങ്ങുന്ന നിരവധി ചെറുകിട വസ്തുക്കൾ പലതും കേരളത്തിൽ തന്നെ ചെറുകിട യൂണിറ്റുകൾ സ്ഥാപിച്ചു ഉൽപാദിപ്പിക്കുകയും വിനിമയം ചെയ്യുകയും വേണം. ഉദാഹരണമായി ഫാൻ, മിക്സി, സാനിറ്ററി പാഡുകൾ, ഖാദി തുണിത്തരങ്ങൾ, കുട, വിദ്യാർത്ഥികളുടെ ഇൻസ്ട്രുമെന്റ് ബോക്സ്, പുസ്തകങ്ങൾ, ബാഗുകൾ എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കൾ 20 പേരിൽ താഴെയുള്ള യൂണിറ്റുകളിൽ ഭവനങ്ങളിലോ, ചെറിയ സ്ഥാപനങ്ങളിലോ തുടങ്ങാനുള്ള ശേഷിയും, സിദ്ധിയും, സാമ്പത്തിക സഹായവും, നിയമ സഹായവും സാധാരണക്കാർക്ക് കുരുക്കുകളില്ലാതെ സുഗമമായി കൊടുക്കുക. ഇക്കോണമി ത്വരിതപ്പെടും. കേരളം ഫസ്റ്റ് എന്ന മുദ്രാവാക്യത്തിലൂടെ നമ്മുടെ ഉത്പന്നങ്ങൾ തന്നെ വാങ്ങുവാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക.
  6. സർവോപരി, കേരളത്തിന്റെ പുനര്നിര്മ്മാണത്തിൽ പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ അഥവാ പാർട്ടിസിപ്പറ്ററി എക്കണോമിക്സ് ആണ് മാതൃക ആകേണ്ടത്. സ്റ്റേറ്റ് ഒറ്റയ്ക്ക് പുനർനിർമ്മാണത്തിനുള്ള തന്ത്രങ്ങൾ മെനയുകയും, ഫണ്ട് കണ്ടുപിടിക്കുകയും, പദ്ധതികൾ നടപ്പിൽ വരുത്തുകയും ഒക്കെ ചെയ്യുന്ന ഇപ്പോഴത്തെ രീതി ഏതായാലും, നവ കേരളത്തിന്റെ മുഖമുദ്ര ആവാൻ പാടില്ല. നവ കേരളം എന്ന് പറഞ്ഞാൽ രണ്ടു മഴ കഴിയുമ്പോൾ പൊളിഞ്ഞു പോകുന്ന കുറെ റോഡും, കുറെ പുതിയ കെട്ടിടങ്ങളും പണിയുന്നതല്ലല്ലോ. അത് പ്രധാനമായും അതിജീവനത്തിനുള്ള ഇച്ഛാശക്തിയുള്ള യുവതയെ സൃഷ്ടിക്കുക എന്നതിലാണ് അടങ്ങിയിരിക്കുന്നതു.

പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ഉത്പാദനം, വിഭവങ്ങളുടെ വകയിരുത്തൽ, ഉപഭോഗം എന്നിവ കൂട്ടായ ചർച്ചയിലൂടെയും, തീരുമാനം എടുക്കലിലൂടെയും ആണ് ഉണ്ടാവുന്നത്.

കേരളത്തിന് ഇപ്പോഴുണ്ടായിട്ടുള്ള നാശത്തിനു പ്രധാന കാരണം പ്രകൃതിയുടെ വികൃതികൾ ആണെന്നിരിക്കെ, പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയാണ് പുനർ നിർമ്മാണത്തിന് ഏറ്റവും പറ്റിയ മാർഗം. കാരണം, പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ അടിസ്ഥാനമിട്ടിരിക്കുന്നത് ജനാധിപത്യത്തിലും, സാമൂഹ്യ നീതിയിലും, പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിലും ആണ്.

പരമ പ്രധാനമായി നമ്മുടെ പള്ളിക്കൂടങ്ങളിൽ അതിജീവനത്തിന്റെ സിലബസ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതിൽ അവശ്യം ഉൾക്കൊള്ളിക്കേണ്ട ചിലതു സുസ്ഥിര സാമൂഹ്യ ബോധം, സാമൂഹ്യ ജീവനം, പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രയോഗികശാസ്ത്രം എന്നിവ ആണ്.

ഇതൊക്കെ നടക്കണം എങ്കിൽ ഇപ്പോഴത്തെ നയപരമായ മാറ്റങ്ങൾ ആണ് ഉണ്ടാവേണ്ടത്. നമ്മുടെ പരിതസ്ഥിതിയിൽ നയങ്ങൾ പ്രധാനമായും രാഷ്ട്രീയ പ്രേരിതമാണ് എന്നിരിക്കെ, പുനർനിർമ്മാണം ആത്മാർത്ഥമായ അർത്ഥത്തിൽ സംഭവിക്കണം എന്നുണ്ടെങ്കിൽ രാഷ്ട്രീയ പ്രവർത്തന ശൈലി മാറിയാലേ മതിയാവൂ. അങ്ങനെ നോക്കുമ്പോൾ പുനർനിർമ്മാണം ആത്യന്തികമായി ആരംഭിക്കേണ്ടത് രാഷ്ട്രീയ മണ്ഡലത്തിലും, രാഷ്ട്രീയക്കാരിലും തന്നെ.

പിൻ‌മൊഴി:-

ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല. സാമാന്യജ്ഞാനവും ചില വായനകളിൽ നിന്നുണ്ടായ അറിവും ആണ് ഇങ്ങനൊരു കുറിപ്പ് എഴുതാൻ പ്രേരകമായത്. ഏതൊരു സിദ്ധാന്തത്തിനും അതിന്റേതായ വികലതകൾ ഉണ്ടാവും എന്ന് അറിയാം. എന്നിരുന്നാലും തെറ്റുകൾ തിരുത്തുകയും, അറിവുകളെ കൂട്ടിച്ചേർക്കുകയും, വിയോജിപ്പുകൾ ക്രിയത്മകമായ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്ന ചർച്ചകൾ സ്വാഗതം ചെയുന്നു.

ചിത്രം: ഗ്ലോ ബോക്സ് ഡിസൈൻ