പ്രളയ കാലത്തും, പ്രളയാനന്തരവും ഏറ്റവും കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്നത് കുട്ടികളാണ്. സത്യത്തിൽ, സാമൂഹ്യ സൂചകങ്ങളിൽ പലതിലും കേരളം മുൻപന്തിയിലാണെങ്കിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നാം വളരെ പുറകിലാണ് എന്നാണ് എന്റെ പക്ഷം. ശിശു മരണ നിരക്കിലുള്ള കുറവും, കുട്ടികളോടുള്ള കുറ്റകൃത്യങ്ങളിലുള്ള എണ്ണത്തിലുള്ള കുറവും അല്ല ഇവിടെ വിവക്ഷിക്കുന്നത്. കുട്ടികൾക്ക് വേണ്ടി സകാരാത്മകമായ സംരംഭങ്ങൾ തുലോം കുറവാണ്.

പ്രധാനമായും സാഹിത്യം, കല മേഖലകൾ എടുത്തു നോക്കൂ. കുട്ടികൾക്കായി സിനിമകൾ ഉണ്ടാവുന്നില്ല, അവർക്കു അനുയോജ്യമായ ടെലിവിഷൻ പ്രോഗ്രാമുകളോ, ബാല സാഹിത്യമോ ഉണ്ടാകുന്നില്ല. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ എന്ന് തന്നെ സംശയം. കലോൽസവങ്ങൾ ഉണ്ടെങ്കിലും അത് ഗ്രേഡ് വാങ്ങുന്നതിനും പൊങ്ങച്ചത്തിനും ആയി സമ്പന്നർ മാത്രം ഉപയോഗപ്പെടുത്തുന്ന വേദികളായി മാറിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ സത്യം പറഞ്ഞാൽ മുതിർന്നവർക്ക് പോലും ഉൾക്കൊള്ളാനാവാത്ത ഭാഷയും, ആശയങ്ങളുമാണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പല പ്രോഗ്രാമുകളും ചെറിയ വായിൽ വലിയ വർത്താനം പറയിപ്പിക്കുന്നവ ആണ്.

പള്ളിക്കൂടത്തിലാകട്ടെ കുട്ടികളെ ചുമട്ടുകാരെ പോലെ ഭാരം എടുപ്പിക്കുകയും, മുതിർന്നവരെ പോലെ പണിയെടുപ്പിക്കുകയും, പരീക്ഷകളുടെ പരിഭ്രാന്തികൾ കൊണ്ട് അവരുടെ ബാല്യത്തെ കവരുകയും ചെയ്യുന്നു. അന്തരീക്ഷം ബാല സൗഹൃദമല്ല എന്ന് ചുരുക്കം. അത് പോട്ടെ.

പ്രളയം മുതിർന്നവരെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ അത് എത്രമാത്രം ഭയപ്പെടുത്തിയിരിക്കും? ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്ന വസ്ത്രങ്ങൾക്കും സാമഗ്രികൾക്കുമായി നാം കടിപിടി കൂടുന്നു. ഭക്ഷണത്തിനു കുറ്റം കണ്ടു പിടിക്കുന്നു. സ്ത്രീകളുടെ മേൽ കണ്ണ് വക്കുന്നു. ദുഃഖം മറക്കാനുള്ള വെള്ളം എവിടെ കിട്ടും എന്ന് ഉത്കണ്ഠപ്പെടുന്നു. കുട്ടികളെ കുറിച്ച് ആരും ഒന്നും പറഞ്ഞതായി കേട്ടില്ല.

ദുരന്തത്തെ അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാകേണ്ടത് നമ്മുടെ കടമയാണ്. ഇനി എല്ലാം ശൂന്യതയിൽ നിന്ന് ഉണ്ടാക്കണം, ഒന്നിൽ നിന്ന് തുടങ്ങണം എന്നൊക്കെ ചിന്തിച്ചു കൂട്ടുന്ന മുതിർന്നവർ, നിരാശയിൽ ഒരു പക്ഷെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതി തിരിച്ചു വിടുകയോ, മന്ദഗതിയിൽ ആകുകയോ, യാത്ര തന്നെ നിർത്തുകയോ ചെയ്തേക്കാം. എന്നാൽ കുട്ടികളുടെ തലമുറ അവരുടെ ഓട്ടം തുടങ്ങുന്നതേയുള്ളൂ. ആ മത്സരത്തിൽ അവർക്കു പിന്തിരിയുക വയ്യ. അവരെ നാം തയ്യാറാക്കേണ്ടതുണ്ട്.

പ്രളയത്തെ അതിജീവിക്കാനുള്ള ഏറ്റവും വലിയ വിദ്യ കളികളാണ്. കളികൾ എല്ലാം മറക്കാൻ അവരെ സഹായിക്കും. അത് പുതിയൊരു ദിശാബോധവും മത്സര ബുദ്ധിയും അവർക്കു നൽകും. കളി കൂട്ടായ്മയെ വളർത്തും. കളി സാമൂഹ്യ സത്വബോധം നൽകും. കളി നേതൃത്വ വാസന വളർത്തും, അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ അവർക്കു നൽകും.

കളിയെന്നാൽ ഓടിച്ചാടിയുള്ള കളികൾ മാത്രമാണ് എന്ന് ധരിക്കേണ്ട. മനസിനെ ആനന്ദിപ്പിക്കുന്നതെല്ലാം കളികളായി കരുതാം. കടങ്കഥകൾ ചോദിക്കുന്നതും, ഈരടികൾ ഏറ്റുപാടുന്നതും, ഇരുന്നു കൊണ്ടുള്ള കളികളും, പാർട്ടി ഗെയിമുകളും, പാട്ടും, നാടകവും, കഥ പറച്ചിലും മാജിക്കും, ഒക്കെ കളികളാണ്. കുട്ടികളെ കൊണ്ട് ഇവയൊക്കെ ചെയ്യിക്കണം. ഇപ്പോൾ തന്നെ തുടങ്ങണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് തന്നെ അത് തുടങ്ങട്ടെ… പിന്നീട് പള്ളികൂടങ്ങളിലും ആ കളി പാഠ്യക്രമം തുടരണം.

കുട്ടികൾക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ദുരിതാശ്വാസത്തിന്റെ ഭാഗമാണ്. സാധാരണക്കാരും സർക്കാരും നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ പ്രവർത്തകർ, ഭക്ഷണം, കാശ്, വസ്ത്രം, മറ്റു നിത്യോപയോഗ വസ്തുക്കൾ എന്നിവ സംഘടിപ്പിച്ചു ജീവിതം സാധാരണമാക്കാൻ ശ്രമിക്കുമ്പോൾ അധ്യാപകർ, കലാകാരന്മാർ, സിനിമാക്കാർ, പാട്ടുകാർ, മജിഷ്യൻമാർ, നാടകക്കാർ, സാഹിത്യകാരന്മാർ, എന്നിവർ കുട്ടികളുടെ മാനസിക, സാംസ്‌കാരിക, ബൗദ്ധിക പുനരധിവാസത്തിന് ചുക്കാൻ പിടിക്കട്ടെ. പുതിയൊരു ബാല സൗഹൃദ അന്തരീക്ഷം വളർത്താൻ പ്രളയം നിദാനമാകട്ടെ.

കുട്ടികളുടെ വിദ്യാഭ്യാസശൈലിയിലും പാഠ്യക്രമത്തിലും വലിയ മാറ്റങ്ങൾ വരുത്തേണ്ട സമയമാണിത്. കളികളിലൂടെ പാഠം പഠിക്കുന്ന തരത്തിൽ “ദുരന്തങ്ങളെ അതിജീവിച്ച കേരളം” എന്നൊരു കൈപ്പുസ്തകം ഉടനെ തന്നെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയും കേരളത്തിലെ പള്ളികൂടങ്ങൾ മുഴുവൻ അത് പഠിപ്പിക്കുകയും വേണം. അതെ കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി എഴുതാം. അത് വരെ നമ്മുടെ കുട്ടികൾ കളിച്ചു തുടങ്ങട്ടെ. പ്രളയമുണ്ടാക്കിയ പ്രഹരം അവർ പരിഹരിക്കട്ടെ.