നാല് രാവും, നാല് പകലും തോരാതെ പെരുത്ത മഴ പെയ്യുമ്പോൾ, നോഹ എന്ന മനുഷ്യൻ ഒരു പെട്ടകം ഉണ്ടാക്കി സർവ ജീവ ജാലങ്ങളുടെയും സാമ്പിളും അതിൽ കയറ്റി പെരുവെള്ളത്തിൽ അലയുകയായിരുന്നു. വെള്ളം ഇറങ്ങിയോ എന്ന് അവൻ ഇടയ്ക്കിടെ കിളിവാതിൽ തുറന്നു നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വീശിയടിച്ച തുവാനം മാത്രമായിരുന്നു കിളിവാതിലിനകത്തേക്കു കയറിയത്.

അവൻ ജാലകം അടച്ചു പേടകത്തിലെ ജീവികളെ നിർവികാരതയോടെ നോക്കി. എല്ലാം ഈരണ്ടു വീതം. ശുദ്ധിയുള്ളതും, അല്ലാത്തതുമായ മൃഗങ്ങളും, പക്ഷികളും, ഇഴജന്തുക്കളും ആണും പെണ്ണും ആയി എല്ലാം. ദൈവം അങ്ങനെ കല്പിച്ചിരുന്നെങ്കിലും അവൻ ആരുടേയും ജാതിയോ, ശുദ്ധിയോ ചോദിച്ചിരുന്നില്ല. അവറ്റകൾ പരസ്പരവും ജാതിയോ, ശുദ്ധിയോ അന്വേഷിച്ചിരുന്നതായി അവൻ കണ്ടില്ല. പെട്ടകത്തിൽ ഒരു കനത്ത മൗനം. ഒരുപക്ഷെ എല്ലാ ജീവികളും സഹവർത്തിത്വത്തെ കുറിച്ചു ധ്യാനിക്കുകയാവാം എന്ന് നോഹ നിനച്ചു. കോഴിയും കുറുക്കനും, പുലിയും കുഞ്ഞാടും, എലിയും തവളയും പാമ്പും… എല്ലാരും അങ്ങനെ ഉള്ള ഇടത്തിൽ സഹവർത്തിത്തത്തിൽ കഴിഞ്ഞു.

പെട്ടകം എവിടെയോ ഉറച്ചു കഴിഞ്ഞപ്പോൾ അവൻ ഒരു മലങ്കാക്കയെ പുറത്തേക്കയച്ചു. എന്നാൽ അത് തിരിച്ചു വന്നില്ല. നോഹ പിന്നെയും പ്രതീക്ഷയോടെ കാത്തിരുന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ ഒരു കരിങ്കാക്കയെ പുറത്തേക്കു വിട്ടു. അത് തിരിച്ചു വന്നപ്പോൾ അതിന്റെ ചുണ്ടിൽ വ്യാജ വാർത്തയുടെ ഒരു കരിയില ഉണ്ടായിരുന്നു. ദൂരെ വെള്ളപൊക്കം ബാധിക്കാത്ത ദേശങ്ങളുണ്ട് എന്ന് നോഹക്ക് അപ്പോൾ മനസിലായി.

ഏതാനും ദിവസങ്ങൾക്കു ശേഷം അവൻ ഒരു പൂങ്കാക്കയെ പുറത്തേക്കു വിട്ടു. അത് തിരിച്ചു വന്നതു വർഗീയ വാർത്തയുടെ ഒരു പൂങ്കതിർ കൊത്തിക്കൊണ്ടായിരുന്നു. അപ്പോൾ നോഹ മനസിലാക്കി: ഭൂമിയിൽ വെള്ളം പൂർണ്ണമായും ഇറങ്ങിയിരിക്കുന്നു. ആ ലോകത്തിലേക്ക് അവൻ സർവ ജീവികളെയും തുറന്നു വിട്ടു.