സഭ ഈ അടുത്ത കാലത്തു വിവിധങ്ങളായ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുകയാണല്ലോ. കുറ്റം ഒന്നും ചെയ്യാത്ത വൈദികരെയും, അല്മായരെയും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സഭയെ വിമർശിച്ചും, ന്യായീകരിച്ചും ധാരാളം സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നു. പലരും കളങ്കമില്ലാത്ത ഒരു സഭക്കുവേണ്ടി തങ്ങളുടെ ആശങ്കകൾ പങ്കുവക്കുന്നു. എന്നാൽ അത് കൊണ്ട് സഭയിൽ നവീകരണം സാധ്യമാവുമോ?

സഭയിലെ അപചയങ്ങൾ ദൂരീകരിക്കാൻ അല്മായർക്കും നിർദോഷികളായ വൈദിക-സന്യസ്തർക്കും എന്ത് ചെയ്യാനാവും?

‘മുട്ടിപ്പായി പ്രാർത്ഥിക്കണം,’ ‘സർവ്വതും ക്ഷമിച്ചു കർത്താവിൽ ആശ്രയിക്കണം’ എന്നൊക്കെ ഭക്തരായ വൈദികരും പ്രാർത്ഥനക്കാരും നമ്മെ ഉപദേശിക്കുന്നു. തീർച്ചയായും പ്രതിസന്ധി ഘട്ടങ്ങളിലെ ത്യാഗഭരിതമായ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ ഫലം കാണും.

എന്നാൽ നവീകരണത്തിനും, വിശ്വാസ്യത വീണ്ടെടുക്കുന്നതിനും മറ്റു പലതും നാം ചെയ്യേണ്ടതുണ്ട്. രഹസ്യമായി നാം പങ്കു വയ്ക്കുന്ന ആഗ്രഹങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടണം എന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ. എന്നാൽ “വിശ്വാസികൾ പരാതിപെട്ടിട്ടില്ല” എന്നത് അധികാരികൾ നിരന്തരം ആവർത്തിക്കുന്ന ഒഴികഴിവു പല്ലവിയാണ്. അതിനാൽ നാം നമ്മുടെ ആശങ്കകൾ ലിഖിതമായി രേഖപ്പെടുത്തേണ്ടതുണ്ട്.

എഴുത്തുകൾ വളരെ ശക്തിയുള്ള ആയുധമാണ്. നാം നമ്മുടെ ആശങ്കകൾ കൃത്യമായി രേഖപ്പെടുത്തി ഉത്തരവാദപ്പെട്ടവർക്കു അയച്ചു കൊടുക്കണം. പരാതികളുടെ എണ്ണം കൂടുന്തോറും മാറ്റത്തിനുള്ള ചോദന വർധിച്ചേക്കും.

[എഴുത്തിന്റെ മാതൃക കാണുക]

നിങ്ങൾ എഴുതേണ്ട പരാതിയുടെ ഒരു മാതൃക ലൂമെൻ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. കുറിയ്‌ക്കേണ്ട കാര്യങ്ങൾ അതിൽ സൂചിപ്പിച്ചിട്ടുണ്ട്. ചില വരികൾ അതെപടി ഉപയോഗിക്കാം, ബാക്കി നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനു വിടുന്നു. ഇമെയിൽ ആയിട്ടല്ല ഇത് അയക്കേണ്ടത്. ഒരു ഇൻലൻഡിൽ എഴുതുകയോ വെള്ള പേപ്പറിൽ എഴുതി കവറിൽ അടക്കം ചെയ്തു സ്റ്റാമ്പ് ഒട്ടിച്ചു നിങ്ങളുടെ രൂപതാ മെത്രാന് അയച്ചു കൊടുക്കുക. പേരും ഒപ്പും വക്കുക എന്നത് ഒരു പരാതിയുടെ ആധികാരികത ഉറപ്പു വരുത്തുന്നു. അതിനാൽ പേരും ഒപ്പും ഒഴിവാക്കരുത്. മറ്റൊരു കോപ്പി മേജർ ആർച്ചു ബിഷപ്പിനും അയക്കുക. മേജർ ആർച്ചു ബിഷപ്പിന്റെയും അതാത് രൂപതകളുടെ പോസ്റ്റൽ വിലാസം ഈ ലിങ്കിൽ ലഭ്യമാണ്.

മേജർ ആർച്ചു ബിഷപ്പിനു ഒരു കോപ്പി അയക്കുക. വിലാസം ഇതാണ്‌.

The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110,
Kakkanad P.O., Kochi 682 030, India

നവീകരണത്തിനായുള്ള സമാധാന പരമായ മുറവിളിയും മുന്നേറ്റവും ആകട്ടെ ഈ കത്തെഴുതു. നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ എഴുത്തു യജ്ഞത്തിൽ പങ്കെടുപ്പിക്കുക. അത് പോലെ തന്നെ നിങ്ങൾ എഴുതിയ കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ #letter_for_church_renewal ഹാഷ് ടാഗോടെ പങ്കുവെക്കുക. അത് വലിയൊരു കാമ്പയിൻ ആയി മാറും. സഭയെ രക്ഷിക്കുവാൻ നാമായിട്ടു ഒന്നും ചെയ്തില്ല എന്ന കുണ്ഠിതം ഭാവിയിൽ നമുക്കുണ്ടാകാൻ പാടില്ലല്ലോ.