ഈ കത്ത് ഒരു മാതൃകയാണ്. നിങ്ങൾ എഴുതേണ്ട കാര്യങ്ങൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. ചില വരികൾ അതെപടി ഉപയോഗിക്കാം. ഇമെയിൽ ആയിട്ടല്ല ഇത് അയക്കേണ്ടത്. ഒരു ഇൻലൻഡിൽ എഴുതുകയോ വെള്ള പേപ്പറിൽ എഴുതി കവറിൽ അടക്കം ചെയ്തു സ്റ്റാമ്പ് ഒട്ടിച്ചു നിങ്ങളുടെ രൂപതാ മെത്രാന് അയച്ചു കൊടുക്കുക. മറ്റൊരു കോപ്പി മേജർ ആർച്ചു ബിഷപ്പിനും അയക്കുക. മേജർ ആർച്ചു ബിഷപ്പിന്റെയും അതാത് രൂപതകളുടെ പോസ്റ്റൽ വിലാസം ഈ ലിങ്കിൽ ലഭ്യമാണ്.

മേജർ ആർച്ചു ബിഷപ്പിനു ഒരു കോപ്പി അയക്കുക. വിലാസം ഇതാണ്‌.

The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110,
Kakkanad P.O., Kochi 682 030, India

—————

കത്തിന്റെ മാതൃക

[നിങ്ങളുടെ മുഴുവൻ പേര്,
വിലാസം
നഗരം, ജില്ലാ, പിൻകോഡ്]

അഭിവന്ദ്യ (മെത്രാന്റെ പേര്) പിതാവേ,

നമ്മുടെ സഭയുടെ അജപാലന നേതൃത്വത്തിലുള്ള ചില അഭിവന്ദ്യ മെത്രാന്മാരെ കുറിച്ചും, ബഹുമാനപ്പെട്ട വൈദികരെ കുറിച്ചും, വന്ദ്യരായ സന്യസ്തരെ കുറിച്ചും പലവിധത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്നതിനുള്ള ആശങ്ക രേഖപെടുത്തുന്നതിനാണ് അങ്ങേക്ക് ഈ കത്തെഴുതുന്നത്. നേരോ നുണയോ എന്ന് തീർച്ചയില്ലാത്ത പ്രസ്തുത ആരോപണങ്ങൾ വിശ്വാസികളുടെ ഇടയിൽ വലിയ ഉതപ്പിനു കാരണമായിരിക്കുന്നുവല്ലോ. നിരവധി ആളുകൾ സഭയെ സംശയത്തിൽ നിറുത്തുകയും, സഭയെ വിമർശിക്കുകയും, സഭയിൽ നിന്ന് അകലുകയും, സഭക്കുള്ള സാമ്പത്തിക സംഭാവനകൾ ഗണ്യമായ തോതിൽ കുറക്കുകയും ചെയ്തിരിക്കുന്നു. സഭയെ വിലമതിക്കുന്ന ഇതര മതസ്ഥർക്കും ഇത് വലിയ ഉതപ്പാണ്‌ ഉണ്ടാക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ആരോപണങ്ങളുടെ നിജസ്ഥിതി വിശ്വാസികളെയും പൊതു സമൂഹത്തെയും അറിയിക്കുവാനും, കുറ്റക്കാരെ ദൂരെ അകറ്റാനും ഉള്ള ഉത്തരവാദിത്തം സഭാ മേലധ്യക്ഷന്മാരുടെ സംഘത്തിലെ അംഗമായ അങ്ങേക്കുണ്ട് എന്ന് ഞാൻ കരുതുന്നു. കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കാനും, അത് വഴി സഭയുടെ വിശ്വാസ്യതക്ക് ഏറ്റ കളങ്കം വെടിപ്പാക്കാനും അങ്ങേക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാതിരിക്കാൻ ചില നിർദേശങ്ങൾ അങ്ങയുടെ ശ്രദ്ധയിലേക്ക് വിനീതനായി ഞാൻ വെക്കട്ടെ:

  1. സഭയിലെ അധികാരികൾ വരുത്തിയിട്ടുള്ള തെറ്റുകളെ അംഗീകരിച്ചു പൊതുസമക്ഷം ഏറ്റുപറയുക.
    തെറ്റുകൾ ചെയ്ത വൈദികരെ, വിശേഷിച്ചു സ്ത്രീകളോടും, കുട്ടികളോടും, സ്വവർഗത്തിലുള്ളവരോടും ലൈംഗിക തെറ്റുകൾ ചെയ്തവരെ വൈദിക പദവിയിൽ നിന്ന് ഒഴിവാക്കുക.
  2. സിവിൽ നിയമത്തിനു വിധേയപ്പെടുകയും നിയമവുമായി സഹകരിച്ചു തെറ്റുകളെ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
  3. വൈദികരുടെയും സന്യസ്തരുടെയും ലൈംഗിക-സാമ്പത്തിക തെറ്റുകൾ ചൂണ്ടിക്കാണിക്കാനും, പരാതികൾ രജിസ്റ്റർ ചെയ്യാനും ഒരു സ്വതന്ത്ര കാര്യാലയത്തെ രൂപതാ കേന്ദ്രത്തിൽ സ്ഥാപിക്കുക. അതിൽ വിശാരദരായ അല്മായരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
  4. മൈനർ, കുട്ടികൾ എന്നിവർക്ക് ഇടവക തോറും ലൈംഗിക ദുരുപയോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുക.
  5. വൈദിക/സന്യാസിനി അർത്ഥികളെ തിരഞ്ഞെടുക്കുമ്പോഴും, വൈദിക പട്ടം നൽകുന്നതിന് മുൻപും അവരുടെ ലൈംഗിക അഭിമുഖ്യങ്ങൾ തിരിച്ചറിയുകയും, ദൈവവിളിക്കു ചേരാത്ത ആഭിമുഖ്യങ്ങൾ പ്രദർശിപ്പിക്കുന്നവരെ വൈദിക/സന്യസ്ത അന്തസിലേക്കു പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക.
  6. സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നവരെ സമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുക.
    സാമ്പത്തിക/ലൈംഗിക കാര്യങ്ങളിൽ സുതാര്യതയും, ഉത്തരവാദിത്തവും പ്രദർശിപ്പിക്കുക.

ദൈവം നമ്മുടെ രൂപതയേയും അങ്ങയേയും അനുഗ്രഹിക്കട്ടെ.

[നിങ്ങളുടെ പേര്]
[ഒപ്പ്]
തിയതി

പകർപ്പ്: മേജർ ആർച്ചു ബിഷപ്, മാർ ജോർജ് ആലഞ്ചേരി.