കന്യകയുടെ സ്വർഗാരോപണം
മസ്സിമോ സ്റ്റാൻസിയോനെ, ഇറ്റലി (1630-1635)
ഓയിൽ ഓൺ കാൻവാസ്‌
നോർത്ത് കരോലിന ആർട്ട് മ്യൂസിയം, റാലെ.

1500കളിൽ റോമൻ കത്തോലിക്കാ സഭയുടെ ഘടനയെയും, പഠനങ്ങളെയും, ആചാരങ്ങളെയും യൂറോപ്പിലുള്ള ആദ്യകാല പ്രൊട്ടസ്റ്റന്റുകൾ എതിർത്ത് തുടങ്ങി. അവരുടെ ഒരു പ്രധാന എതിർപ്പ് കലകളെ, വിശേഷിച്ചു വിശുദ്ധ കലകളെ കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു. ഉദാഹരണത്തിന്, വിവിധ കത്തോലിക്കാ ചിത്രകാരന്മാർ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ രഹസ്യത്തെ ചിത്രങ്ങളുടെ വിഷയമാക്കിയിരുന്നു. ഭൂമിയിലെ ജീവാതാവസാനം മറിയം സ്വാഭാവിക മരണത്തിനു വിധേയമാവുകയും തുടർന്ന് മറിയത്തിന്റെ ആത്മാവും ശരീരവും സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മൂന്നാം നൂറ്റാണ്ടു മുതൽ കാണുന്ന പല രേഖകളിലും വിവരിച്ചിട്ടുള്ളതാണു ഈ വിശ്വാസ രഹസ്യം.

എന്നാൽ ബൈബിളിലെ പുതിയ നിയമത്തിൽ മാതാവിന്റെ സ്വർഗാരോപണ രഹസ്യം ഇല്ല എന്ന കാരണത്താൽ ഈ വിശ്വാസത്തേയും നിഷേധിച്ചു. കത്തോലിക്കരാകട്ടെ, ഈ എതിർപ്പുകൾക്കു മറുപടി കൊടുത്തത് കലാരൂപങ്ങളിലൂടെയായിരുന്നു. ആഴത്തിലുള്ള വിശ്വാസരഹസ്യങ്ങളെ, വിശേഷിച്ചും യുക്തി കൊണ്ട് മനസിലാക്കാൻ സാധിക്കാത്തവയെ, കലാരൂപങ്ങളിലൂടെ സാധാരണക്കാർക്ക് വിശദീകരിക്കാൻ കത്തോലിക്കാ സഭ ശ്രമിച്ചു. വിഖ്യാതങ്ങളായ പല ചിത്രങ്ങളും പിറന്നു വീണത് അങ്ങനെ ആയിരുന്നു.മറിയത്തിന്റെ സ്വർഗ്ഗാരോപണം കലയുടെ വിഷയമായി കത്തോലിക്കാ സഭ അംഗീകരിച്ചത് ആ ചിത്രങ്ങൾ സുവിശേഷങ്ങളിൽ മറിയത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളിൽ നിന്ന് അവ പ്രചോദനം ഉലക്കൊണ്ടിരിക്കുന്നതു കൊണ്ടാണ്. മാത്രവുമല്ല, വേദപുസ്തകത്തിനു പുറത്തുള്ള ക്രൈസ്തവ ആഖ്യാനങ്ങളെ കലാവിഷയമാക്കാൻ സഭ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്നു.

പ്രതി-നവോത്ഥാന (Counter-Reformation) കാലഘട്ടത്തിലെ വളരെ വലിയ ഒരു ആൾട്ടർ പീസ് ആണ് ഈ ലേഖനത്തിൽ നാം പഠന വിഷയമാക്കുന്നത്. പള്ളിയുടെ അൾത്താരയുടെ പുറകിൽ മുകളിൽ നിന്ന് തൂക്കിയിടുന്ന തരത്തിലുള്ള ഫ്രെയിം ഉള്ള ചിത്രങ്ങളാണ് ആൾട്ടർ പീസ് എന്ന് വിളിക്കപ്പെടുന്നത്. ആത്മീയഭാവനകളെ ഉണർത്തുകയും, ആഴത്തിലുള്ള ഭക്തിവികാരത്തെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അവയുടെ ലക്‌ഷ്യം. ആകാശത്തിലേക്കു ഉയർന്നു പോകുന്ന മറിയത്തെയും ശ്ലീഹന്മാരെയും ആണ് ഈ ചിത്രത്തിൽ വർണ്ണിച്ചിരിക്കുന്നതു. ചിത്രത്തിൽ രണ്ടു ദൃശ്യങ്ങളാണുള്ളത്. കണ്ണഞ്ചുന്ന സ്വർണ്ണപ്രഭയുള്ള സ്വർഗത്തിലേക്ക് കന്യാ മറിയത്തെ മാലാഖമാരുടെ ഒരു വ്യൂഹം സംവഹിക്കുന്നതാണ് ഒരു ദൃശ്യം. രണ്ടാമത്തേതിൽ, മറിയത്തിന്റെ ഭൗതികാവശിഷ്ട രഹിതവും എന്നാൽ പുഷ്പ ഭരിതവുമായ കല്ലറ കണ്ടെത്തുന്ന ശ്ലീഹന്മാരുടേതാണ് രണ്ടാമത്തെ ദൃശ്യം. കല്ലറയുടെ പശ്ചാത്തലത്തിലുള്ള ഇരുണ്ട പശ്ചാത്തലം മറിയത്തിന്റെ യൗവനമാർന്നതും പ്രതീക്ഷാഭരിതവുമായ മുഖത്തെ ശോഭിതമാക്കുന്നതും കന്യകയെ ചൂഴ്ന്നു നിൽക്കുന്നതുമായ സ്വർഗീയ പ്രകാശ ശോഭയുമായി താരതമ്യത്തിന് അതീതമാണ്. എളിമ സൂചിപ്പിക്കാനായി ശ്ലീഹന്മാരെ നിഷ്പാദുകരായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആരൊക്കെയാണ് ശ്ലീഹന്മാരുടെ കൂട്ടത്തിലുള്ളത്? കല്ലറക്കു പിറകിൽ കന്യാമാതാവിന് താഴെയായി മുട്ടുകുത്തി നിൽക്കുന്നത് ശിമയോൻ പത്രോസ് ആണ്. ചെറിയ താടിയും, കഷണ്ടിയുമുള്ള ദൃഢതയുള്ള വൃദ്ധനായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. മറിയത്തിന്റെ short beard and balding head. ഖബറടക്ക ശുശ്രൂഷയുടെ പ്രാർത്ഥനാ പുസ്തകം അദ്ദേഹത്തിന്റെ കയ്യിലുണ്ട്, അത് കല്ലറയെ മുട്ടിയിരിക്കുന്നു. കല്ലറയുടെ വിളുമ്പിലായി വലിയൊരു താക്കോൽ പത്രോസിനു മുന്നിലുണ്ട്. ക്രിസ്തു പത്രോസിനു നൽകിയ സ്വർഗ്ഗത്തിന്റെ താക്കോലുകളിൽ ഒന്ന്. ചിത്രത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന ഇടത്തെ കോണിലുള്ള രൂപം കന്യകയുടെ സ്വർഗ്ഗാരോപണത്തിന്റെ സത്യത്തിനു സാക്ഷിയാകുന്ന തോമാശ്ലീഹായുടേതാണ്. തോമാശ്ലീഹാ കർത്താവിന്റെ ഉത്ഥാനത്തെ സംശയിച്ച ആളായാണ് ബൈബിളിൽ വിവരിക്കുന്നത്. സ്വർണവർണ്ണത്തിലുള്ള മേലങ്കിക്കു കീഴെയായി കണങ്കൈയിൽ നീല വസ്ത്രവും കാണാം. നീല എപ്പോഴും കന്യാമറിയത്തെ സൂചിപ്പിക്കുന്ന വർണ്ണമായാണ് കലാകാരന്മാർ ഉപയോഗിച്ചിട്ടുള്ളത്. സ്വർഗാരോപണത്തിനു മുന്നേ മറിയം തോമാശ്ലീഹാക്ക് നൽകിയ അരപ്പട്ടയുടെ പ്രതീകമാണ് തോമയുടെ കൈയിലുള്ള നീല വസ്ത്രം. വലതു വശത്തു ഇരിക്കുന്ന ശുഭ്രവത്ര ധാരിയായ ചെറുപ്പക്കാരൻ യോഹന്നാൻ ശ്ലീഹായാണ്. നരച്ചു നീണ്ട താടിരോമവുമായി യോഹന്നാന് പിറകിൽ നിൽക്കുന്നത് വിശുദ്ധ പൗലോസ്. പൗലോസിന്റെ കയ്യിൽ തുറന്ന പുസ്തകവും താൻ രക്തസാക്ഷിയായി എന്ന് സൂചിപ്പിക്കുന്ന വാളും ഉണ്ട്. ചിത്രത്തിലെ വ്യക്തികളുടെയും മാലാഖാമാരുടെയും സ്ഥാനങ്ങൾ പ്രേക്ഷകനെ ദൃശ്യവുമായി അഭേദ്യം ബന്ധപ്പെടുത്തുന്ന തരത്തിലാണ്. ചിത്രങ്ങൾ യഥാതഥമാണ്, ദൃശ്യപരമായും, വൈകാരികമായും.