ദുരന്തമുഖത്ത് ഒരു പ്രാർത്ഥന നേർന്നതും അതിന്റെ മറുപടിയിൽ ധ്വനിപ്പിച്ച ദൈവനിരാസവും ചൂടുപിടിച്ച ഒരു ചർച്ചയായി പരുവപ്പെട്ട പശ്ചാത്തലത്തിലാണ് ഞാൻ ഈ ചിന്തകൾ പങ്കുവയ്ക്കുന്നത്.

‘മതവും ശാസ്ത്രവും’ എന്ന വിഷയത്തിൽ ക്ലാസെടുക്കുവാൻ ഞങ്ങളുടെ ഞങ്ങളുടെ ‘തത്വശാസ്ത്ര’ ക്ലാസ്സ് മുറിയിലേക്കു കടന്നുവന്ന ബഹുമാന്യനായ പോൾ മാറോക്കി അച്ചൻ ഉദ്ധരിച്ച ഒരു വാചകം ഇപ്പോൾ എന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നു; അത് ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്‌ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്: “മതം കൂടാതെയുള്ള ശാസ്ത്രം മുടന്തുള്ളതും, ശാസ്ത്രം കൂടാതെയുള്ള മതം അന്ധവുമാണ്” (Science without religion is lame, religion without science is blind). മഹാനായ വി. ജോൺ പോൾ രണ്ടാമൻ ‘വിശ്വാസവും യുക്തിയും’ (Faith and Reason) എന്ന ചാക്രികലേഖനത്തിന്റെ ആദ്യഖണ്ഡികയിൽ കുറിച്ചിരിക്കുന്ന വാക്കുകളും ഇവിടെ സ്മരണീയമാണ്: സത്യത്തിന്റെ മനനത്തിലേയ്ക്ക് മനുഷ്യാത്മാവിനെ ഉയർത്തുന്ന രണ്ടു ചിറകുകൾപോലെയാണ് വിശ്വാസവും യുക്തിയും (Faith and reason are like two wings on which the human spirit rises to the contemplation of truth).

വിശ്വാസത്തിനു യുക്തിയില്ലെന്നു വാദിക്കുന്നവരുടെ വിശ്വാസം ശാസ്ത്രം എല്ലാറ്റിന്റെയും അവസാനവാക്കാണ് എന്നാണ്. വിശ്വാസിയുടെ വീക്ഷണം ശാസ്ത്രത്തിനും അതീതമായവയും പൂർണ്ണമായി വിവരിക്കാനാവാത്തവയുമായ ധാരാളം കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട് എന്നതാണ്. വിശ്വാസം ഒരു വെളിപാടാണെന്ന് വിശ്വസിക്കുന്ന വിശ്വാസികൾക്ക്, പ്രപഞ്ചസത്യങ്ങളുടെ കുത്തക തങ്ങൾക്കുണ്ടെന്ന യുക്തിവാദിനിലപാട്‌ പോലൊന്ന്, വിശ്വാസത്തെ സംബന്ധിച്ചില്ല. അതിനാൽ, മുൻപ് എതിർത്തിരുന്നവയും പിന്നീട് ശാസ്ത്ര സത്യമെന്നു തിരിച്ചറിഞ്ഞവയുമായ കാര്യങ്ങളെ സംബന്ധിച്ച് ക്രിയാത്മകമായ നിലപാടാണ് വിശ്വാസികൾക്കുള്ളത്.

യുക്തിയും ശാസ്ത്രവും ദൈവവിശ്വാസത്തെ പ്രതിരോധിക്കാനുള്ള ‘ഉപകരണങ്ങളാ’ണെന്നുള്ള കാഴ്ചപ്പാടിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാസ്ത്രത്തെ കൂട്ടുപിടിച്ച് മതത്തെ ഖണ്ഡിക്കാം എന്നവർ കരുതുന്നു. ആധുനിക യുക്തിവാദം പ്രാരംഭദശയിൽ ഒരു പരിധിവരെ കമ്മ്യൂണിസവുമായി ഇഴപിരിഞ്ഞു കിടന്നിരുന്നു. എന്നാൽ ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റു ചിന്താധാരകളിലുണ്ടായ ‘വലതുപക്ഷ വ്യതിയാനം’ അതിന്റെ യുക്തിവാദധാരകളെയും മാറ്റിമറിച്ചു. ആശയപരവും സിദ്ധാന്താധിഷ്ഠിതവുമായ നിലപാടുകൾ അധികാരോന്മുഖമായ അടവുനയ മലക്കം മറിച്ചിലുകൾക്കു വഴിമാറിയപ്പോൾ ‘യുക്തിവാദം’ ഏട്ടിലെ പശു മാത്രമായി. ഇന്നു മതവും വിശ്വാസവും കമ്മ്യൂണിസക്കണ്ണിലെ കരടല്ല. ‘വിശ്വാസിക്കും കമ്മ്യൂണിസ്റ്റാകാം’ എന്ന വിശാല അടവുനയം കേരളപരിതോവസ്ഥയിൽ കമ്മ്യൂണിസത്തിനുണ്ടാക്കിയ വേരോട്ടം ചെറുതല്ല. സംഘപരിവാർ സംഘടനകളിലേയ്ക്കുള്ള തങ്ങളുടെ ഭൂരിപക്ഷ മതാനുയായികളുടെ ഒഴുക്കിൽ പിടിച്ചുനിൽക്കാനും ന്യൂനപക്ഷമതവിശ്വാസികൾക്കു മുൻവിധികളില്ലാതെ തങ്ങളെ ഉൾക്കൊള്ളാനും ആ അടവുനയം അവർക്ക് ഉദാരമായ അവസരം നൽകി. ഈ കാലയളവിൽ യുക്തിവാദികളിൽ തീവ്രനിലപാടുകാർ പലരും നിലവിലെ കമ്യൂണിസത്തിന്റെ വിമർശകരാണ്; മിതനിലപാടുകാർ കമ്മ്യൂണിസ്റ്റ് സഹയാത്രികരും അവസരോചിതമായി യുക്തിവാദനിലപാടുകളുടെ പ്രയോക്താക്കളുമാണ്. അവർ നേതാക്കൾ അനുവദിക്കുന്നിടത്തോളം സംവിധാനങ്ങളിലൂടെ സിദ്ധാന്തപ്രചാരണം സാധ്യമാക്കുന്നു. എങ്കിലും ആ മേഖലയിൽ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലാത്തവരാണവർ.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന അടർത്തിയെടുക്കപ്പെട്ട വാചകം ഇന്നും മതനിരാസ ചർച്ചാവേദികളിൽ ചർവ്വിതചർവ്വണം ചെയ്യപ്പെടാറുണ്ട്. തന്റെ ജീവിതസാഹചര്യങ്ങളിൽ കണ്ട ചില യാഥാർഥ്യങ്ങളെ വ്യാഖ്യാനിച്ചപ്പോൾ കാൾ മാർക്സ് മതത്തിൽ ക്രിയാത്മകവും നിഷേധാത്മകവുമായ തലങ്ങൾ കണ്ടു. അതുൾക്കൊള്ളുന്ന ഒരു വിലയിരുത്തലിന്റെ അവസാനവാചകം മാത്രമാണ് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്നത്. Critique of Hegel’s Philosophy of Right ൽ മതത്തെക്കുറിച്ചുള്ള ദ്വിവിധ കാഴ്ച്ചപ്പാടുൾക്കൊള്ളുന്നതും പ്രതിപാദ്യവിഷയവുമായ പൂർണ്ണമായ വാചകം ഇപ്രകാരമാണ്: മതപരമായ ക്ലേശം ഒരേ സമയം യഥാർത്ഥ ക്ലേശത്തിന്റെ പ്രകാശനവും യഥാർത്ഥ ക്ലേശത്തിനെതിരായ പ്രതിഷേധവുമാണ്. മതം അടിച്ചമർത്തപ്പെട്ടവന്റെ ആശ്വാസമാണ്; ഹൃദയശൂന്യലോകത്തിന്റെ ഹൃദയമാണ്; ആത്മാവില്ലാത്ത വ്യവസ്ഥകളുടെ ആത്മാവാണ്. മതം മനുഷ്യനെ – മയക്കുന്ന – കറുപ്പാണ്” (Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people). തുടർന്നുള്ള മാർക്സിന്റെ നിലപാട് ഒരു പക്ഷെ ആ കാലയളവിലെ ഫ്യൂഡൽ വ്യവസ്ഥിതിയോട് അടുപ്പം പുലർത്തിയിരുന്നതായി കാണപ്പെട്ടിരുന്ന മതനിലപാടുകളോടുള്ള വിമർശനമാണ്. “ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു; ക്രിസ്തീയതയെയല്ല” (I like your Christ, but not your Christianity) എന്നു മഹാത്മാഗാന്ധി പറഞ്ഞതും ഇതുപോലെ തന്റെ അനുഭവങ്ങളിൽനിന്നും മനസ്സിലാക്കിയ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. അതിന് ഒരു ആഗോളസാധുത കൽപ്പിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം നന്നായി ജീവിക്കുകയും ചെയ്യുന്ന ആരും ഈ ലോകത്തിൽ ഇല്ലെന്നു ഗാന്ധിജി പ്രഖ്യാപിച്ചു എന്നു പ്രസ്താവിക്കുന്നതിനു തുല്യമാകും. അതിനാൽ തന്റെ പരിമിതമായ കാഴ്ച്ചവട്ടങ്ങളിൽനിന്നും കാൾമാക്‌സ് സ്വരൂപിച്ച മതദർശനത്തേയും ആഗോള മതനിരൂപണമായി വിലയിരുത്തുന്നത് അധികപറ്റാവും.

ശാസ്ത്രം മതത്തെ ഖണ്ഡിക്കുന്നു എന്ന നിലപാട് യുക്തിവാദികൾ സ്വീകരിക്കുന്ന പക്ഷം മുൻകാലങ്ങളിലെ മഹാന്മാരായിരുന്ന ശാസ്ത്രജ്‌ഞന്മാരിൽ മിക്കവരും ദൈവത്തിൽ വിശ്വസിക്കുകയും ബൈബിളിനെ ഗൗരവമായി എടുക്കുകയും ചെയ്തിരുന്നു എന്ന വസ്തുതയെ അവർ വിശദീകരിക്കേണ്ടിവരും. ഉദാഹരണമായി, അമേരിക്കയിലെ Institute of Creation Research അത്തരത്തിലുള്ള 31 ശാസ്ത്രജ്‌ഞരെ അവർ സംഭാവന നൽകിയ വിഷയത്തോട് ചേർത്തുതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപ്ലർ (ജ്യോതിശാസ്ത്രം- Astronomy), പാസ്കൽ (ദ്രവതത്വശാസ്ത്രം – hydrostatics), ബോയൽ (രസതന്ത്രം – Chemistry), ന്യൂട്ടൻ (ഗണിതശാസ്ത്രത്തിലെ ഒരു ഉപരിശാഖ – Calculus), ഫാരഡെ (വൈദ്യുതകാന്തികത – Electromagnetics), ക്യൂവിയർ (താരതമ്യശരീരശാസ്ത്രം – Comparatative Anatomy) കെൽ‌വിൻ (താപയാന്ത്രികശാസ്ത്രം – Thermodynamics) ലിസ്റ്റർ (ആന്റിസെപ്റ്റിക് സർജറി – Antiseptic Surgery), മെൻഡൽ (ജനിതകശാസ്ത്രം – Genetics) തുടങ്ങിയവർ അവരിൽ ചിലരാണ്. വിശ്വാസം വ്യക്തിപരമായി ഇവരുടെ ശാസ്ത്രപര്യവേഷണങ്ങൾക്ക് ഒരു തടസമായിരുന്നില്ല. ശാസ്ത്രകുതുകികളായ തങ്ങൾ അവശ്യം യുക്തിവാദികളായിരിക്കണം എന്ന കേവലധാരണ അവരെ ഭരിച്ചുമില്ല.

മതത്തെയും ദൈവത്തെയും സംബന്ധിച്ചുള്ള കാഴ്ച്ചപ്പാട് അത്രമേൽ വികസിതമല്ലാതിരുന്ന അല്ലെങ്കിൽ സങ്കുചിതമായിരുന്ന സാഹചര്യത്തിൽ ‘വിശ്വാസവിരുദ്ധം’ എന്നു വിലയിരുത്തപ്പെട്ട സിദ്ധാന്തങ്ങളെ സഭ പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ അവയിലെ സമർത്ഥിക്കപ്പെട്ട തത്വങ്ങളെ പിൽക്കാലത്ത് പിൻതുണയ്ക്കുന്നതിൽ സഭ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗികമായി തെളിയിക്കപ്പെടാത്തതും ആശയതലത്തിൽമാത്രം നിലകൊള്ളുന്നതുമായ വീക്ഷണങ്ങളെ സമീപിക്കുന്നതിൽ സഭ ജാഗ്രത പാലിക്കുന്നു. കാരണം കാര്യകാരണങ്ങളെ കൃത്യമായി വിശദീകരിക്കാൻ അവയ്ക്കു കഴിയുന്നില്ലെന്നതു തന്നെ.

ഇതരകാരണങ്ങളിലൂടെയും (secondary causes) പ്രവർത്തിക്കുന്ന പ്രഥമകാരണമാണ് (primary cause) ആണ് ദൈവം എന്നുള്ള അടിസ്ഥാനത്തിലാണ് വിശ്വാസി ലോകക്രമത്തെ വീക്ഷിക്കുന്നത്. വിശ്വാസപ്രമാണങ്ങൾ “ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണ്. അത് വിശ്വാസികളുടെ ഇടമാണ്. “നിങ്ങൾ വിശ്വസിച്ചേ പറ്റൂ” എന്നു അടിച്ചേൽപ്പിക്കാത്തിടത്തോളം യുക്തിവാദക്കാരുടെ ‘ദൈവനിഷേധ’ വിതണ്ഡവാദങ്ങളിലും അല്പം സഹിഷ്ണുതയൊക്കെ ആവാം.